തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സമര നേതാവ് എം. ജയകൃഷ്ണൻ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചു. അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് നിരാഹാരം അവസാനിപ്പിച്ചത്.
പകരം സമരസമിതി നേതാവ് വളർമതി നിരാഹാരം ആരംഭിച്ചു. തങ്ങൾ ആവശ്യപ്പെടുന്ന നിയമനങ്ങൾക്ക് തടസം നിൽക്കുന്നത് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ധനവകുപ്പാണെന്ന് ജയകൃഷ്ണൻ ആരോപിച്ചു. തലമുണ്ഡനം ചെയ്ത് നടത്തിയ സമരം കണ്ട മുഖ്യമന്ത്രിക്ക് മുൻപ് കരച്ചിൽ വന്നെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് കരച്ചിൽ വരുന്നില്ലെയെന്ന് ജയകൃഷ്ണൻ ചോദിച്ചു.
കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പൊതുജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമായിരുന്നു. സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള തന്ത്രമായിരുന്നു. സമരം ചെയ്യുന്ന ഉദ്യോഗാർഥികളുടെ ജീവൻ രക്ഷിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
നിരാഹാരം നടത്തുന്നവരോട് ഒരാഴ്ച സാവകാശം ചോദിക്കുന്ന നടപടി പ്രതിഷേധാർഹവും നീതികരിക്കാനാകാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറാകണമെന്നും സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.