തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ മുന്നോട്ടുവച്ച അഞ്ചിൽ നാല് ആവശ്യങ്ങളും മന്ത്രിസഭാ യോഗം അംഗീകരിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാനത്തെ സർക്കാർ എൽപി സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം പരിശോധിച്ചപ്പോൾ 1:19 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ എൽപി ക്ലാസുകളിൽ ആകെയുള്ളത് 3.49 ലക്ഷം കുട്ടികളാണ്. എൽപി ക്ലാസുകളിൽ അധ്യാപകരുടെ ആകെ എണ്ണം 18,856 ആണ്. ഇതു പരിഗണിച്ചാൽ ഇപ്പോഴത്തെ അനുപാതം 1:19 ആണ്.
ഉയർന്ന അനുപാതമുള്ള മലപ്പുറം ജില്ലയിൽ 1: 25 ആണ്. പത്തനംതിട്ടയിലും കോട്ടയത്തും 1: 11, ഇടുക്കി 1: 12, കണ്ണൂരിൽ 1:14 ആണ് നിലവിലെ അധ്യാപക-വിദ്യാർഥി അനുപാതം. നിലവിൽതന്നെ 11, 12 കുട്ടികൾക്ക് ഒരു അധ്യാപകനുണ്ട്. 1:25 ആക്കിയാലും അധ്യാപകരുടെ എണ്ണം കൂടില്ല. കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുന്നതാണ് കാരണം.
1:25 ആക്കണമെന്ന സമരക്കാരുടെ അഞ്ചാമത്തെ ആവശ്യം നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സമരക്കാരോട് വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണവും ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണവും പരിശോധിച്ചാൽ ഇത് വ്യക്തമാകും. സമരക്കാരെ ഇക്കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിക്കും.
സമരം അവസാനിപ്പിക്കുമെന്ന് ഉറപ്പു നൽകിയാൽ നാലു കാര്യങ്ങളിലെ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തസ്തിക നഷ്ടപ്പെടുന്ന അധ്യാപകരെ സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. സ്കൂളുകളിൽ പുതിയ ഒഴിവുകളുണ്ടാകുന്നതിനേക്കാൾ തസ്തിക നഷ്ടപ്പെടൽ നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.