തിരുവനന്തപുരം: അർജന്റൈൻ ഫുട്ബോൾ ടീമിനെയും ലയണൽ മെസിയെയും കേരളത്തിൽ എത്തിച്ചു കളിപ്പിക്കാനെന്ന പേരിൽ 126 കോടി രൂപയുടെ പിരിവു നടത്തിയതായി പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി.
സംസ്ഥാന കായികവകുപ്പിന്റെ ഒത്താശയോടെയും പിരിവു നടത്തിയതായാണ് കണ്ടെത്തൽ. ഇതു കൂടാതെ റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിംഗ് കോർപ റേഷൻ സ്വന്തം നിലയിൽ കണ്ടെത്തിയ പണം സംബന്ധിച്ചും എസ്ഐടി വിപുലമായ അന്വേഷണം നടത്തിവരുന്നു. മെസിയെ കേരളത്തിൽ എത്തിക്കാനെ ന്ന പേരിൽ സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനാണ് വ്യാപകമായി പണം സ്വരൂപിച്ചത്.
വൻകിട സ്ഥാപനങ്ങളിൽനിന്ന് അടക്കം പണം പിരിച്ചതായാണ് കണ്ടെത്തൽ. നേരത്തേ ചെന്നൈ ആസ്ഥാനമായ ചിട്ടിക്കമ്പനികളിൽനിന്നു പണം പിരിച്ചതിന്റെ രേഖകൾ ലഭിച്ചിരുന്നു. ഇതിനു പുറമേയാണ് വ്യാപക പണപ്പിരിവുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകൾ അടക്കം കണ്ടെത്തിയത്.
അന്നത്തെ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലിയുടെ നേതൃത്വത്തിലുള്ള ഫുട്ബോൾ അക്കാദമി സംബന്ധിച്ചും എസ്ഐടി വിപുലമായ അന്വേഷണം നടത്തുന്നുണ്ട്. സ്പോണ്‍സറായ കമ്പനിയുടെ ബിനാമി സ്ഥാപനമാണോ ഷറഫലിയുടെ ഉടമസ്ഥതയിലുള്ള മലപ്പുറം അരീക്കോടുള്ള നോവസ് സോക്കർ അക്കാദമിയെന്നതിലും അന്വേഷണം നടക്കുന്നുണ്ട്.
ഷറഫലിയുടെ കമ്പനി വഴി സ്പോണ്‍സറായ ആർബിസിയിൽനിന്ന് രണ്ടു കോടി രൂപ ഷറഫലി കൈപ്പറ്റിയതിന്റെ രേഖകൾ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ചുള്ള വിശദമായ അന്വേഷണത്തിന്റെ ഭാഗമായാണ് സ്ഥാപനത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട അന്വേഷണവും വിശദമായി നടത്തുന്നത്. അക്കാദമിക്കു ലഭിച്ച രണ്ടു കോടി രൂപയിൽ 1.08 കോടി രൂപ ഷറഫലിയുടെയും ബന്ധുക്കളുടെയും വ്യക്തിഗത അക്കൗണ്ടുകളിലേക്കു മാറ്റിയതായി കണ്ടെത്തിയിരുന്നു.
മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടു യു.ഷറഫലിയെ അഞ്ചാം പ്രതിയാക്കിയാണ് പ്രത്യേക അന്വേഷണ സംഘം കേസെടുത്തത്. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ എന്നിവരാണ് മൂന്നും നാലും പ്രതികൾ.
മുൻ മന്ത്രിയുൾപ്പടെയുള്ളവർക്കെതിരേ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാൻ ഗവർണർ അനുമതി നൽകിയിരുന്നു. ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനുമാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.