തിരുവനന്തപുരം: അർജന്റൈൻ ഫുട്ബോൾ ടീമിനെയും ലയണൽ മെസിയേയും കേരളത്തിൽ എത്തിച്ചു കളിപ്പിക്കാമെന്ന പേരിൽ തട്ടിപ്പു നടത്തിയ കേസിൽ മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉൾപ്പടെയുള്ളവരെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യംചെയ്യും.
പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ വി. അബ്ദുറഹ്മാനെ കൂടാതെ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി. സത്യപാലൻ, സ്പോർട്സ് കൗണ്‍സിൽ മുൻ പ്രസിഡന്റ് യു. ഷറഫലി എന്നിവരെയാണ് എസ്ഐടി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. മെസിയുടെ പേരിൽ നടത്തിയ കോടികളുടെ തട്ടിപ്പിൽ മൂന്നു മുതൽ അഞ്ചുവരെ പ്രതികളാണ് ഇവർ. വരുംദിവസങ്ങളിൽ ഇവർക്ക് നോട്ടീസ് നൽകും.
എസ്ഐടി തലവൻ എഡിജിപി പി. വിജയന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള സാഹചര്യത്തിൽ മണ്ഡലകാലം തുടങ്ങിയ നാൾമുതൽ അദ്ദേഹം അവിടെയാണ്. ക്രമസമാധാന ചുമതലയുള്ള അദ്ദേഹത്തിന്റെകൂടി സമയത്തിന്റെ അടിസ്ഥാനത്തിൽ വൈകാതെ ചോദ്യം ചെയ്യലിലേക്കു കടക്കാനാണ് തീരുമാനം.
അതേസമയം, മെസിയുടെ പേരിൽ സ്പോണ്‍സറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷൻ പിരിച്ചതായി കണ്ടെത്തിയ 126 കോടി രൂപ കന്പനിയുടെ വാർഷിക ടേണ്‍ ഓവറിലോ കണക്കുകളിലോ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് എസ്ഐടിയുടെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ഈ പണം വിദേശത്തേക്കു കടത്തിയതായാണ് നിഗമനം. അങ്ങനെയെങ്കിൽ പണം ആർക്കൊക്കെവേണ്ടിയാണ് വിദേശത്തേക്ക് കടത്തിയതെന്നാണ് കണ്ടെത്തേണ്ടത്.
സ്പോണ്‍സർമാരിൽനിന്നു പണപ്പിരിവു നടത്താൻ സംസ്ഥാന കായികവകുപ്പിന്റെ ഒത്താശയുണ്ടായിരുന്നു. ചട്ടങ്ങളും നിയമങ്ങളും കാറ്റിൽ പറത്തിയായിരുന്നു മന്ത്രി വി. അബ്ദു റഹ്മാനും പ്രൈവറ്റ് സെക്രട്ടറിയായ സി. സത്യപാലനും സ്പോണ്‍സറായ ആർബിസിക്കുവേണ്ടി ഇടപെട്ടിരുന്നത്.
കായികവകുപ്പിന്റെ അവിഹിതമായ ഇടപെടലുകൾ, സ്പോണ്‍സറായി ആർബിസിയെ നിശ്ചയിച്ചതിനുള്ള മാനദണ്ഡം തുടങ്ങിയ എല്ലാ കാര്യങ്ങളിലും മന്ത്രിയടക്കമുള്ളവർ എസ്ഐടിയുടെ ചോദ്യങ്ങൾക്കു മറുപടി നൽകേണ്ടിവരും.