ഇടുക്കി: മിഷൻ ചക്കകൊമ്പൻ രണ്ടാം ദിനവും പാളി. മയക്കുവെടി വെക്കാൻ അനുയോജ്യമായ സ്ഥലത്തേക്ക് ആനയെ എത്തിക്കാനാകാത്തതാണ് ദൗത്യത്തിന് തിരിച്ചടിയായത്. വെള്ളിയാഴ്ചയും ദൗത്യം തുടരാനാണ് വനംവകുപ്പിന്റെ തീരുമാനം. വ്യാഴാഴ്ച രാവിലെ എട്ടിന് തെർമൽ ഡ്രോണിന്റെ സഹായത്തോടെ ട്രാക്കിംഗ് സംഘം ചക്കക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
ചെമ്പകത്തൊഴുക്കുടി ഭാഗത്തുണ്ടായിരുന്ന ആന മണിക്കൂറുകളോളം അവിടെ നിലയുറപ്പിച്ചു. തുടർന്ന് 301 കോളനി ഭാഗത്തേക്ക് ആനയെ മാറ്റി സുരക്ഷിതമായ സ്ഥലത്ത് എത്തിച്ച് മയക്കുവെടി വെക്കാനായിരുന്നു ദൗത്യസംഘത്തിന്റെ നീക്കം. എന്നാൽ ആനയെ ലക്ഷ്യമിട്ട സ്ഥലത്തേക്ക് എത്തിക്കാനായില്ല. ഉച്ചയ്ക്കുശേഷം ചെമ്പകത്തൊഴുക്കുടി സെറ്റിൽമെന്റിലെ എട്ടേക്കർ ഭാഗത്തേക്ക് നീങ്ങിയ കൊമ്പൻ അവിടെത്തന്നെ തുടർന്നു.
മയക്കുവെടി വെക്കാൻ അനുയോജ്യമായ സാഹചര്യമില്ലാത്തതും വെളിച്ചം കുറഞ്ഞുതുടങ്ങിയതും കണക്കിലെടുത്ത് വൈകുന്നേരം അഞ്ചിന് ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. രണ്ടുദിവസമായി തുടരുന്ന ശ്രമങ്ങൾ ലക്ഷ്യം കാണാത്ത സാഹചര്യത്തിൽ മൂന്നാം ദിവസവും ദൗത്യം ശക്തമാക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.