കോഴിക്കോട്: കണ്ണൂരിൽ മുഖ്യമന്ത്രി നടത്തിയ ചോരയ്ക്ക് ചോര പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി.എ.മുഹമ്മദ് റിയാസ്. ഒരു മുഖ്യമന്ത്രി പറയാൻ പാടുള്ള കാര്യമാണോ ഇതെന്നും വി.ഡി.സതീശൻ നടത്തിയ പ്രസംഗം ആഭ്യന്തരമന്ത്രി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രസംഗം കേട്ട് ചില പൊലിസുകാർ ചാടിയിറങ്ങിയിട്ടുണ്ടെന്നും എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പൊലിസ് കയറിയിറങ്ങുകയാണെന്നും റിയാസ് ആരോപിച്ചു.
ആവേശത്തിൽ നടപടിക്കിറങ്ങുന്ന പൊലിസുകാർ കോഴിക്കോടിന്റെ പഴയ സമരചരിത്രം ഓർക്കണം. എല്ലാക്കാലവും യുഡിഎഫ് സർക്കാരായിരിക്കില്ലെന്നും റിയാസ് മുന്നറിയിപ്പ് നൽകി. പൊലിസ് ഓർത്തുകളിക്കണം. ഒരു മുഖ്യമന്ത്രിക്ക് ചേർന്ന പ്രസംഗമല്ല കണ്ണൂരിൽ ഉണ്ടായത്. ചോരയ്ക്ക് ചോര എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രസംഗം ആഭ്യന്തരമന്ത്രി വായിച്ചുനോക്കി പരിശോധിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസംഗമാണ് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്നും മറ്റ് പ്രസംഗങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും റിയാസ് വ്യക്തമാക്കി. അതേസമയം മാങ്കുളം റിസോർട്ടുമായി ബന്ധപ്പെട്ട പരാതി പാർട്ടി സെക്രട്ടറി വിശദീകരിച്ചിട്ടുണ്ട്. ഇ.പി ആയാലും പി.ജെ ആയാലും ത്യാഗപൂർവമായ ജീവിതവുമായി മുന്നോട്ടുപോകുന്നവരാണ്. അവർക്കെതിരായ ഒന്നും പറയാനില്ലെന്നും റിയാസ് വ്യക്തമാക്കി.