കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നെടുമ്പാശേരിയിൽ പൊലിസിന്റെ വൻ മയക്കുമരുന്നുവേട്ട. രണ്ടരക്കിലോ ചരസുമായി യുവാവിനെ പൊലിസ് പിടികൂടി.
കാസർഗോഡ് നീലേശ്വരം ചിറപ്പുറത്ത് വെള്ളിക്കോത്ത് മുഹമ്മദ് സിറാജുദ്ദീൻ (25) ആണ് അറസ്റ്റിലായത്. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും നെടുമ്പാശേരി പൊലിസും ചേർന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. അഞ്ചുകോടിയോളം രൂപ വിലവരുന്നതാണ് പിടികൂടിയ മയക്കുമരുന്ന്.
ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നെടുമ്പാശേരിയിലെ ഒരു ഹോട്ടലിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഡൽഹിയിൽനിന്നാണ് ഇയാൾ ചരസ് വാങ്ങിയതെന്ന് പൊലിസിനോട് പറഞ്ഞു. അവിടെനിന്ന് മംഗലാപുരംവരെ വിമാനത്തിലാണ് യാത്രചെയ്തത്.
തുടർന്ന് ട്രെയിനിൽ തൃശൂരിലിറങ്ങി. അവിടെനിന്ന് ടാക്സിയിൽ നെടുമ്പാശ്ശേരിയിലെത്തി ഹോട്ടൽ മുറിയെടുത്തു. കൊച്ചി സിറ്റിയിലേക്ക് മയക്കുമരുന്ന് കൊണ്ടുപോവാനായിരുന്നു ഇയാളുടെ പദ്ധതി. ചെറിയ പായ്ക്കറ്റുകളാക്കി സൂക്ഷിച്ചനിലയിലായിരുന്നു ചരസ് കണ്ടെത്തിയത്.
കഞ്ചാവി്റെ തളിരിലകൊണ്ട് നിർമിച്ച അത്യധികം അപകട ചരസാണ് നെടുമ്പാശേരിയിൽ പിടികൂടിയത്. ഇതിനുമുൻപും മുഹമ്മദ് സിറാജുദ്ദീൻ മയക്കുമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമാവുന്ന വിവരം. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സി. ബിനുകുമാർ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, സബ് ഇൻസ്പെക്ടർമാരായ ടി.എസ്. അഭിജിത്, എ.സി. ബിജു, കെ.പി. വിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.