അഗർത്തല: കുട്ടികൾക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്ന പോക്സോ നിയമം ഭേദഗതി ചെയ്യുന്നതിനു മുന്പുള്ള കുറ്റകൃത്യമെന്നു പരിഗണിച്ച് പ്രതിയുടെ ശിക്ഷ ഹൈക്കോടതി ഇളവു ചെയ്തു.
നാലുവയസുകാരിയായ മകളെ ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന കുറ്റത്തിന് വിചാരണക്കോടതി വിധിച്ച 20 വർഷം തടവുശിക്ഷയാണു ത്രിപുര ഹൈക്കോടതി പത്തുവർഷമാക്കി ചുരുക്കിയത്.
ത്രിപുരയിൽ ധലൈ ജില്ലയിലെ റാഞ്ചിപാര സ്വദേശി രാജ് കുമാർ ഭാർ സമർപ്പിച്ച അപ്പീലിലാണ് ജസ്റ്റീസ് ഡോ.ടി. അമർനാഥ് ഗൗഡ്, ജസ്റ്റീസ് ബിശ്വജിത് പാലിത് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ തീരുമാനം. ധലൈയിലെ പോക്സോ കോടതി 2023 ഒക്ടോബർ 17 നാണു പ്രതിയെ 20 വർഷം കഠിനതടവിനു ശിക്ഷിച്ചത്. 10,000 രൂപ പിഴയും പ്രതിക്കു വിധിച്ചിരുന്നു.
ഉറങ്ങിക്കിടക്കുകയായിരുന്ന നാലുവയസുകാരിയെ 2019 ജനുവരി 22 നാണു പ്രതി ലൈംഗികചൂഷണത്തിന് ഇരയാക്കിയത്. കുട്ടിയുടെ സഹോദരനും സമീപത്തുണ്ടായിരുന്നു. പിറ്റേന്ന് അങ്കണവാടിയിൽവച്ചു പീഡനവിവരം കുട്ടി പറയുകയായിരുന്നു. കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിലും കണ്ടെത്തിയിരുന്നു. എന്നാൽ പോക്സോ നിയമഭേഗതി പ്രാബല്യത്തിൽവന്നത് 2019 ഓഗസ്റ്റ് 16 മുതലാണെന്നു കാണിച്ച് ശിക്ഷ ഇളവ് ചെയ്യുകയായിരുന്നു.