തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങളും അനുബന്ധ മാസികകളും വിതരണം ചെയ്യുന്നത് നിരോധിച്ച് ജയിൽ ഡിജിപി എസ്. ശ്രീജിത്ത് ഉത്തരവിറക്കി. വിലകൊടുത്തോ സ്പോൺസർഷിപ്പ് വഴിയോ ഇത്തരം പ്രസിദ്ധീകരണങ്ങൾ ജയിലുകളിൽ എത്തിക്കരുതെന്നാണ് സർക്കുലറിലെ കർശന നിർദേശം. ആഭ്യന്തര വകുപ്പിന്റെ നിർദേശപ്രകാരമാണ് നടപടി.
ജയിൽ ഉപദേശക സമിതി അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സംസ്ഥാനത്തെ 55 ജയിലുകളിലും സിപിഎം മുഖപത്രമായ 'ദേശാഭിമാനി'യും അനുബന്ധ മാസികകളും വ്യാപകമായി വിതരണം ചെയ്യുന്നതിനെതിരെയായിരുന്നു പരാതി. ഇതുമൂലം തടവുകാർക്ക് നിഷ്പക്ഷവും സത്യസന്ധവുമായ വാർത്തകൾ ലഭിക്കുന്നില്ലെന്നും ആക്ഷേപമുയർന്നിരുന്നു.
ജയിൽ അന്തേവാസികൾക്ക് വസ്തുനിഷ്ഠവും രാഷ്ട്രീയ പക്ഷപാതരഹിതവുമായ വാർത്തകളും വിവരങ്ങളുമാണ് ലഭ്യമാക്കേണ്ടതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പ്രസിദ്ധീകരണങ്ങൾ ജയിലുകളിൽ വിതരണം ചെയ്യുന്നത് ഉചിതമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.