കോട്ടയം: സീറോമലബാർ സഭയിലെ പ്രമുഖ ആരാധനക്രമ പണ്ഡിതനായ മോൺ. തോമസ് മണ്ണൂരാംപറമ്പിലിന്റെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ സുറിയാനി ദൈവശാസ്ത്ര സെമിനാർ വടവാതൂരിലുള്ള പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തി.
കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് അപ്പസ്തലിക് സെമിനാരി റെക്ടർ ഫാ. ഡോ. ഡൊമിനിക് വെച്ചൂർ അനുസ്മരണ പ്രഭാഷണം നടത്തി.
ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ‘സിറിയക് ക്രിസ്ത്യൻ ഹെറിറ്റേജ്’ എന്ന ഗ്രന്ഥം ഗീവർഗീസ് മാർ അപ്രേം പ്രകാശനം ചെയ്തു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീൻ ഫാ. ഡോ. ഡൊമിനിക് മുരിയൻകാവുങ്കൽ പുസ്തകത്തിന്റെ ഉള്ളടക്കം വിശദീകരിച്ചു. തുടർന്ന് നടന്ന സെഷനുകളിൽ ഫാ. ഡോ. ബ്രിജേഷ് ഫിലിപ്പ്, ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ എന്നിവർ അധ്യക്ഷത വഹിച്ചു.
പ്രഥമ സെഷനിൽ ഫാ. ഡോ. ജിയോ പള്ളിക്കുന്നേൽ (ധർമാരാം, ബംഗളൂരു), സിസ്റ്റർ ഡോ. റോസിലിൻ അറവാക്കൽ (ബേസ് തോമാ ദയറാ, കുറുമ്പനാടം), ഫാ. ഡോ. ഷാജൻ വർഗീസ് (ഓർത്തഡോക്സ് പഴയ സെമിനാരി, കോട്ടയം) എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
തലശേരിയിലെ വൈദിക മന്ദിരത്തിൽ വിശ്രമ ജീവിതം നയിക്കുന്ന മോൺസിഞ്ഞോർ ഓൺലൈനിൽ സമ്മേളനത്തിൽ സംബന്ധിച്ചു.