തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാനും മേൽനോട്ടത്തിനുമായി ജില്ലകളിൽ ജില്ലാ മജിസ്ട്രേറ്റ് അധ്യക്ഷനായ സമിതി വരും. റാഗിംഗുമായി ബന്ധപ്പെട്ട പരാതികൾ കൈകാര്യം ചെയ്യാൻ എല്ലാ പൊലിസ് സ്റ്റേഷനുകളിലും എസ്ഐയുടെ മുഖ്യ ചുമതലയിൽ ആന്റിറാഗിംഗ് സെൽ രൂപീകരിക്കണമെന്നും ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ച സിദ്ധാർഥൻ റാഗിംഗ് നിരോധന വിദ്യാർഥി ക്ഷേമനിധി ബില്ലിന്റെ കരടിൽ ശിപാർശ ചെയ്യുന്നു.
ഹോസ്റ്റലുകളിലെ മുറി, സ്ഥലം, പരിസരം എന്നിവിടങ്ങൾ ഏതെങ്കിലും വിദ്യാർഥിസംഘടനയോ അസോസിയേഷനോ കൈവശപ്പെടുത്തുകയോ ഉപയോഗിക്കുകയോ ചെയ്യാൻ പാടില്ല. നവാഗത വിദ്യാർഥികളെ പ്രത്യേക ഹോസ്റ്റലുകളിൽ പാർപ്പിക്കണം.
ഹോസ്റ്റൽ മുറികൾ നിശ്ചിത ഇടവേളകളിൽ മാറ്റണം. ഹോസ്റ്റലുകളിലും പരിസരത്തും കവാടങ്ങളിലും നവാഗതർ താമസിക്കുന്ന ഹോസ്റ്റലുകളിലും മൂന്നു മാസം ബാക്കപ്പുള്ള നിരീക്ഷണ കാമറകൾ സ്ഥാപിക്കണം. ഹോസ്റ്റലിലെ താമസക്കാർക്കു കാലാവധി രേഖപ്പെടുത്തി തിരിച്ചറിയൽ കാർഡ് നൽകണം. ഹോസ്റ്റലുകളിൽ സന്ദർശക രജിസ്റ്റർ വേണമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
സ്ഥാപന തലത്തിലും ആന്റിറാഗിംഗ് കമ്മിറ്റികളുണ്ടാകും. വിദ്യാഭ്യാസ സ്ഥാപന മേധാവി അധ്യക്ഷനും രണ്ട് അധ്യാപകർ, ഹോസ്റ്റൽ വാർഡർ, പിടിഎ പ്രസിഡന്റ്, മൂന്നു നവാഗത വിദ്യാർഥികൾ, പൊലിസ് എസ്എച്ച്ഒ, യുവജനകാര്യ സന്നദ്ധ സംഘടന പ്രതിനിധി, സ്ഥാപനത്തിലെ പൂർവവിദ്യാർഥി എന്നിവരാകണം സമിതി അംഗങ്ങൾ.
അധ്യാപകരടക്കമുള്ള ജീവനക്കാർ അടങ്ങിയ സ്ക്വാഡ് ഹോസ്റ്റലുകളിലടക്കം പട്രോളിംഗ് നടത്തണം. വിദ്യാർഥിയോ അധ്യാപകനോ രക്ഷിതാവോ ജീവനക്കാരോ നൽകുന്ന പരാതി 24 മണിക്കൂറിനകം ആന്റി റാഗിംഗ് കമ്മിറ്റി വഴി പൊലിസിന് കൈമാറണം. റാഗിംഗ് നടത്തിയവരെ സസ്പെൻഡ് ചെയ്യണം.
എല്ലാ സർവകലാശാലകളിലും ആന്റിറാഗിംഗ് മോണിറ്ററിംഗ് സെൽ വേണം. ആന്റിറാഗിംഗ് പ്രവർത്തനം അവലോകനം ചെയ്യാനായി ആഭ്യന്തര സെക്രട്ടറി അധ്യക്ഷനായ സംസ്ഥാനതല മോണിറ്ററിംഗ് സമിതിയുണ്ടാകും. ഒന്നാം അപ്പീൽ ജില്ലാതല ആന്റിറാഗിംഗ് കമ്മിറ്റിയാണ്. രണ്ടാം അപ്പീൽ സംസ്ഥാനതല മോണിറ്ററിംഗ് സമിതിയും.