കോഴിക്കോട്: റെയില്‍വേ സ്റ്റേഷനുകളില്‍ മദ്യപിച്ചും ലഹരി ഉപയോഗിച്ചും എത്തുന്നവരെ പൂട്ടാന്‍ ആവിഷ്കരിച്ച ‘ഓപ്പറേഷന് രക്ഷിത’ കൂടുതല്‍ ശക്തമാക്കാന്‍ പൊലിസ്.
റെയില്‍വേ സ്റ്റേഷനുകളിലും പരിസരങ്ങളിലും ട്രെയിനുകള്‍ക്കുള്ളിലും ആല്‍ക്കോമീറ്റര്‍ ഉപയോഗിച്ചുള്ള പ്രത്യേക പരിശോധനകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനാണു തീരുമാനം.
കഴിഞ്ഞ മൂന്നു മാസത്തിനിടെ 81 പേര് പരിശോധനയില്‍ പിടിയിലാകുകയും നടപടി നേരിടേണ്ടിവരികയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ആരംഭിച്ച പദ്ധതിക്ക് തുടക്കകാലത്ത് വലിയ അഭിനന്ദനം ലഭിച്ചിരുന്നു.
എന്നാല്‍, പിന്നീട് പരിശോധന കാര്യക്ഷമമല്ലെന്ന ആക്ഷേപം ഉയര്‍ന്നു. ഇതോടെ പരിശോധനയില്‍ പിടിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു. റെയില്‍വേ പൊലിസിനു പുറമേ ആവശ്യമെങ്കില്‍ ലോക്കല്‍ സ്റ്റേഷനുകളിലെ പൊലിസുകാരെയും താത്കാലികമായി റെയില്‍വേ സ്റ്റേഷനിലേക്കു നിയോഗിച്ച് പരിശോധന നടത്തണമെന്നു നിര്‍ദേശിച്ചിരുന്നെങ്കിലും അതും നടപ്പിലായില്ല.
പൊതുവേ അംഗബലം കുറവായ സേനയില്‍ റെയില്‍വേ ഡ്യൂട്ടിക്കായി രാത്രി പൊലിസുകാരെ നിയോഗിക്കുന്നിതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് ഏറെയാണ്. ഇതോടെ ലോക്കല്‍ പൊലിസിന്റെ സേവനം ആര്‍പിഎഫിനു ലഭിച്ചില്ല. നിലവില്‍ സംശയം തോന്നിയാലോ പരാതി ലഭിച്ചാലോ മാത്രം പരിശോധന എന്ന രീതിയിലേക്ക് പ്രവര്‍ത്തനം മാറിയ അവസ്ഥയാണ്.