തൃശൂർ: ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് തൃശൂർ അതിരൂപത അധ്യക്ഷസ്ഥാനം ഒഴിയുന്നു. പൗരോഹിത്യ സുവർണജൂബിലി ആഘോഷിക്കുന്ന മാർ താഴത്ത്, അധ്യക്ഷസ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ച് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിനു കത്ത് നൽകി. സഭാ സിനഡായിരിക്കും രാജി ഔദ്യോഗികമായി അംഗീകരിക്കുക.
കത്തോലിക്കാ സഭയിൽ മെത്രാൻമാർക്കും ആർച്ച്ബിഷപ്പുമാർക്കും സ്ഥാനമൊഴിയാനുള്ള പ്രായപരിധി 75 വയസാണ്. ഡിസംബർ 13ന് മാർ താഴത്തിന് 75 വയസ് പൂർത്തിയാകും.
“സിനഡിലെ അംഗമായ ഞാൻ ഉൾപ്പെട്ട സമിതിയാണു രാജി അംഗീകരിക്കേണ്ടത്. എന്റെ രാജി നിർബന്ധമായും സ്വീകരിക്കാൻ ആവശ്യപ്പെടും. അടുത്ത സിനഡിൽ പുതിയ മെത്രാപ്പോലീത്തയെ തെരഞ്ഞെടുക്കുമെന്ന വിശ്വാസത്തിലും പ്രതീക്ഷയിലും അഭിമാനത്തിലുമാണു മുന്നോട്ടു പോകുന്നത്” -മാർ താഴത്ത് പറഞ്ഞു.
ജനുവരിയിൽ നടക്കുന്ന സിനഡിൽ പുതിയ ആർച്ച്ബിഷപ്പിനെ തീരുമാനിക്കുമെന്നാണു സൂചന. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ ആർച്ച്ബിഷപ്പിന് മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനവും തുടർന്ന് സ്ഥാനാരോഹണവും നടക്കും.
1977 മാർച്ച് 14ന് മാർ ജോസഫ് കുണ്ടുകുളത്തിൽനിന്നു പൗരോഹിത്യം സ്വീകരിച്ച മാർ താഴത്ത്, അതിരൂപത വികാരി ജനറാളായിരിക്കേ 2004 മേയ് ഒന്നിന് തൃശൂർ അതിരൂപതയുടെ സഹായമെത്രാനായി. തുടർന്ന് മാർ ജേക്കബ് തൂങ്കുഴിയുടെ പിൻഗാമിയായി 2007 മാർച്ച് 18ന് ആർച്ച്ബിഷപ്പായി. രണ്ടു പതിറ്റാണ്ടോളം അതിരൂപതയെ നയിച്ചശേഷമാണു വിരമിക്കൽ.
രണ്ടുതവണ ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്റായ അദ്ദേഹം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) സെക്രട്ടറി ജനറൽ, പ്രസിഡന്റ്, കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ അധ്യക്ഷൻ, കേരള കത്തോലിക്ക കൗണ്‍സിലിന്റെ പ്രസിഡന്റ്, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ തുടങ്ങിയ പദവികൾ വഹിച്ചു.