ചങ്ങനാശേരി: കാല് നൂറ്റാണ്ടിന്റെ സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിറവില്‍ നില്ക്കുന്ന ചെത്തിപ്പുഴ സര്‍ഗക്ഷേത്ര കള്‍ച്ചറല്‍, ചാരിറ്റബിള്‍, അക്കാദമിക് ആന്‍ഡ് മീഡിയ സെന്ററിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന രജതജൂബിലി ആഘോഷങ്ങള്‍ക്ക് പ്രൗഢഗംഭീരമായ തുടക്കം. സര്‍ഗക്ഷേത്ര അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
സാംസ്കാരിക, വിദ്യാഭ്യാസ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ചുറ്റുമുള്ള ഇരുളിനെ അകറ്റുന്ന ശ്രമങ്ങളാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലത്തിന് പുതിയ പ്രശ്നങ്ങളെയാണ് നേരിടേണ്ടിവരുന്നത്. ഇത്തരം ആധുനിക പ്രശ്നങ്ങള്‍ നേരിടുന്നതില്‍ സര്‍ഗക്ഷേത്ര പോലെയുള്ള പ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സര്‍ഗക്ഷേത്ര ഇത്തരം ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ചടങ്ങില്‍ ജൂബിലി ആക്്ഷന്‍ പ്ലാനിന്റെ പ്രകാശനവും ജൂബിലിയുടെ ഭാഗമായി സര്‍ഗക്ഷേത്ര ഏറ്റെടുക്കുന്ന റീബില്‍ഡ് ചങ്ങനാശേരി ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
ഉദ്ഘാടനചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണവും ജലവിഭവ മന്ത്രി മോന്‍സ് ജോസഫ് മുഖ്യപ്രഭാഷണവും നടത്തി. ഫാ. ഡോ. ടോമി കാട്ടാമ്പള്ളി സിഎംഐ അധ്യക്ഷത വഹിച്ചു. സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്സ് പ്രായിക്കളം സിഎംഐ സ്വാഗതം ആശംസിച്ചു
ജൂബിലിയുടെ ഭാഗമായ റീബില്‍ഡ് പ്രോജക്ട് ഡോ. ജോര്‍ജ് പടനിലം ഏറ്റുവാങ്ങി. ലോഗോ കൊടിക്കുന്നില്‍ സുരേഷ് എംപി ഫാ. ലൂക്കാ ചാവറ സിഎംഐക്ക് കൈമാറി പ്രകാശനം ചെയ്തു. ജൂബിലി കലണ്ടര്‍ വിനു ജോബ് എംഎല്‍എ പ്രകാശനം ചെയ്തു. ഫാ. തോമസ് മണ്ണൂപ്പറമ്പില്‍ ഏറ്റുവാങ്ങി. സിനിമാതാരങ്ങളായ സ്മിനു സിജോ, കൃഷ്ണപ്രസാദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാലിയമ്മ ടോമി, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് വീണാ സി. ദിലീപ്, ബിജു പുല്ലുകാട്, ഫാ. ജെയിംസ് തയ്യില്‍ സിഎംഐ, ബ്രദർ ആല്ബിന് കാാിക്കവുങ്കല്, സര്‍ഗക്ഷേത്ര സെക്രട്ടറി വര്‍ഗീസ് ആന്റണി, കണ്‍വീനര്‍ ജിജി കോട്ടപ്പുറം, സിബിച്ചന് താരകന്പറമ്പില്, ഡോ. സന്തോഷ് ജെകെവി എന്നിവര്‍ പ്രസംഗിച്ചു.