തിരുവനന്തപുരം: സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്ന യു. ഷറഫലിയുടെ നേതൃത്വത്തിലുള്ള ഫുട്ബോൾ അക്കാദമിയിൽ പങ്കാളിത്തമുണ്ടെന്ന റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷന്റെ വാദം കളവെന്ന്, അർജന്റീന ഫുട്ബോൾ ടീമിനെയും മെസിയെയും കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പ് അന്വേഷിക്കുന്ന എസ്ഐടിയുടെ കണ്ടെത്തൽ.
മലപ്പുറം അരീക്കോടുള്ള നോവസ് സോക്കർ അക്കാദമിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
സ്പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കോർപറേഷനിൽനിന്ന് രണ്ടു കോടി രൂപ കമ്പനി കൈപ്പറ്റിയതായി എസ്ഐടി കണ്ടെത്തിയിരുന്നു. 10 ലക്ഷം രൂപ മാത്രം മൂലധനമുള്ള അക്കാദമി ഇത്രയും തുകയുടെ ഇടപാട് നടത്തിയത് നിയമപരമല്ലെന്നാണ് എസ്ഐടിയുടെ വിലയിരുത്തൽ.
ലഭിച്ച രണ്ടു കോടി രൂപയിൽ 1.08 കോടി രൂപ ഷറഫലിയുടെയും ബന്ധുക്കളുടെയും വ്യക്തിഗത അക്കൗണ്ടുകളിലേക്കു മാറ്റിയതിന്റെ രേഖകളും കിട്ടിയിട്ടുണ്ട്. ഇടത് സർക്കാരിന്റെ കാലത്ത് നിയമവിരുദ്ധമായി അഞ്ചു കോടി രൂപയുടെ സാമ്പത്തിക ഇളവ് നൽകി കലൂർ സ്റ്റേഡിയം ആർബിസിക്കു കൈമാറിയ ദിവസം തന്നെയാണ് നോവസിലേക്കു പണമെത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സർക്കാരിന്റെ അനുമതിയില്ലാതെ സ്പോൺസറും അർജന്റീന അസോസിയേഷനും തമ്മിൽ ഒപ്പിട്ട കരാറിൽ ഷറഫലി സാക്ഷിയായതിന്റെ പ്രതിഫലമാണ് ഈ തുകയെന്നാണ് എസ്ഐടിയുടെ നിഗമനം.