തിരുവനന്തപുരം: മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണവിധേയരായ രണ്ട് മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. എക്സൈസ് മധ്യമേഖല ജോയിന്റ് കമ്മിഷണർ എസ്. വിനോദ് കുമാറിനെയും ആലപ്പുഴ ഡെപ്യൂട്ടി കമ്മിഷണർ കെ.ആർ. അജയിനെയുമാണ് സ്ഥലം മാറ്റിയത്.
വിനോദ് കുമാറിനെ തിരുവനന്തപുരം ജോയിന്റ് കമ്മിഷണറായും കെ.ആർ. അജയിനെ തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണറായുമാണ് നിയമിച്ചത്. നോർത്ത് സോൺ ജോയിന്റ് കമ്മിഷണർ വൈ. ഷിബുവിനെ മധ്യമേഖല ജോയിന്റ് കമ്മിഷണറായും നിയമിച്ചു. മൂവാറ്റുപുഴയിലെ ബാർ ഉടമയിൽനിന്ന് എസ്. വിനോദ് കുമാറും കായംകുളത്തെ ബാർ ഉടമയിൽനിന്ന് കെ.ആർ. അജയും പണം കൈപ്പറ്റിയെന്നാണ് സീറാം സാംബശിവറാവുവിന്റെ റിപ്പോർട്ടിലെ ആരോപണം.
ഇരുവരെയും അടിയന്തരമായി ഫീൽഡ് ചുമതലകളിൽനിന്ന് മാറ്റണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നു. മാസപ്പടി, വരുമാനത്തിൽ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബെനാമി ഇടപാടുകൾ തുടങ്ങിയ ആരോപണങ്ങളിൽ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണം വേണമെന്നും സീറാം റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.
ഇതിനുപിന്നാലെ സീറാം സാംബശിവറാവുവിനെതിരെ എസ്. വിനോദ് കുമാറും പരാതി നൽകിയിരുന്നു. റിപ്പോർട്ടിലെ ആരോപണങ്ങൾക്കു പിന്നാലെ ഉണ്ടായ സംഭവവികാസങ്ങൾക്കിടയിലാണ് രണ്ട് ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റം.