തൃശൂർ: വിദ്യാർഥികളുടെ ചുമലിൽനിന്ന് അറിവിന്റെ ഭാരമല്ല അമിതഭാരമുള്ള സ്കൂൾ ബാഗുകളാണ് ഇറക്കിവയ്ക്കേണ്ടതെന്ന ആശയത്തിന് സർക്കാർ അംഗീകാരം.
കുട്ടികളുടെ ശാരീരികാരോഗ്യവും പഠനസൗകര്യവും മുൻനിർത്തി താലോർ സെന്റ് തെരെസിറ്റാസ് സ്കൂളിലെ കായികാധ്യാപകൻ ജെനിൽ ജോണ് മുന്നോട്ടുവച്ച ആശയങ്ങൾ സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ മാറ്റത്തിനു വഴിയൊരുക്കുന്നു. ഒരു നിവേദനത്തിലൂടെയും അതിനുപിന്നാലെ തയാറാക്കിയ ഹ്രസ്വചിത്രത്തിലൂടെയും അദ്ദേഹം ഉയർത്തിയ ആശയങ്ങൾക്ക് സർക്കാർ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
പ്രായത്തിനും ശരീരഭാരത്തിനും ആനുപാതികമല്ലാതെ പുസ്തകങ്ങളും പഠനസാമഗ്രികളും ചുമന്നുള്ള യാത്ര കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയാണ് ജെനിൽ മുന്നോട്ടുവച്ചത്. രണ്ടുസെറ്റ് പാഠപുസ്തകങ്ങൾ എന്ന ആശയമാണു നിവേദനത്തിലെ പ്രധാന നിർദേശം.
കുട്ടികൾ ഭക്ഷണവും കുടിവെള്ളവും ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾ വീട്ടിൽനിന്ന് ചുമന്നുകൊണ്ടുപോകേണ്ട സാഹചര്യം ഒഴിവാക്കണമെന്നു ജെനിൽ നിർദേശിച്ചിരുന്നു. ഈ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുകൂടിയായ ജെനിൽ ജോണ് ഇരിങ്ങാലക്കുട കിഴക്കേവീട്ടിൽ കെ.എം. ജോണിന്റെയും ആനിയുടെയും മകനാണ്. ഭാര്യ: സോണിയ (എസ്ബിഐ, ഇരിങ്ങാലക്കുട), മക്കൾ: ജോവന്ന, ഡൊമിനിക്.