പേരൂർക്കട: ദീർഘദൂര ട്രെയിനുകളിൽ കോച്ചുകളിൽ വ്യാപകമായി കിടക്കുന്ന ലഹരിപദാർഥങ്ങളുടെ അവശിഷ്ടങ്ങളും സിഗരറ്റ് കവറുകളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും സ്ഥിരം യാത്രക്കാർക്കും മറ്റുള്ള യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കന്യാകുമാരിയിലേക്ക് ഉത്തരേന്ത്യയിൽ നിന്ന് വരുന്ന വിവേക് എക്സ്പ്രസ്, ദിബ്രൂഗറിൽ നിന്ന് കന്യാകുമാരിയിലേക്ക് വരുന്ന എക്സ്പ്രസ്സ്, ഹിമസാഗർ എക്സ്പ്രസ്, വെരാവൽ എക്സ്പ്രസ് തുടങ്ങിയ നിരവധി ട്രെയിനുകളുടെ ജനറൽ കമ്പാർട്ട്മെന്റിൽ യാത്രക്കാർക്ക് കയറാൻ സാധിക്കാത്ത അവസ്ഥയാണ്.
ജനറൽ കമ്പാർട്ട്മെന്റിലേക്ക് എത്തുന്ന യാത്രക്കാരെ വരവേൽക്കുന്നത് തന്നെ മൂക്കിനുള്ളിലേക്ക് തുളച്ചു കയറുന്ന മാലിന്യഗന്ധമാണ്. ദിവസങ്ങളോളം ഇവ ട്രെയിനുകളിൽ കിടന്നു കറങ്ങി യാത്രക്കാർക്ക് ഛർദിയും തലകറക്കം വരെ ഉണ്ടാക്കുന്ന അവസ്ഥയുണ്ട്. ഇതിനെല്ലാം പുറമെയാണ് ടോയ്ലറ്റുകളിൽ നിന്നുള്ള ദുർഗന്ധം. ഉത്തരേന്ത്യയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ കേരളത്തിൽ എത്തുമ്പോഴേക്കും ടോയ്ലറ്റുകൾ പൂർണമായി അടഞ്ഞ അവസ്ഥയിൽ ആയിരിക്കും. ഇതിനുള്ളിലെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റുള്ള അവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുന്നതാണ് യാത്രക്കാരെ വല്ലാതെ വിഷമത്തിൽ ആക്കുന്നത്.
ജനറൽ കമ്പാർട്ട്മെന്റുകളുടെ സീറ്റിനടിയിലും നടക്കുന്ന ഭാഗത്തും ഒഴിഞ്ഞ വാട്ടർ ബോട്ടിലുകളും ഒഴിഞ്ഞ സിഗരറ്റ് കവറുകളും പാൻ പരാഗ് പോലുള്ള ലഹരിപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്താൻ സാധിക്കും. പ്ലാസ്റ്റിക് കവറുകളും പേപ്പറുകളും കുന്നുകൂടി കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. സർക്കാർ ജോലി സ്ഥലങ്ങളിലേക്കും സ്കൂളുകളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പോകുന്നവരും പ്രസ്തുത ട്രെയിനുകളിൽ കയറുന്നുണ്ട്.
ഇതര സംസ്ഥാന യാത്രക്കാർ ട്രെയിനിനുള്ളിൽ വലിച്ചെറിയുന്ന ഇത്തരത്തിലുള്ള അവശിഷ്ടങ്ങൾ കാരണം മലയാളികളായ യാത്രക്കാർക്കാണ് ഏറെ ബുദ്ധിമുട്ടായി തീർന്നിരിക്കുന്നത്. കൈകളും മുഖവും കഴുകാൻ ഉപയോഗിക്കുന്ന വാഷ്ബേസിനുകളിൽ പോലും കുപ്പികളും പേപ്പറുകളും കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാൻ സാധിക്കും. മാലിന്യങ്ങളുടെ പുറത്തു കിടന്നുറങ്ങുന്ന ഇതര സംസ്ഥാനക്കാരെയും ട്രെയിനിനുള്ളിൽ കാണാൻ സാധിക്കും.
മാലിന്യാവശിഷ്ടങ്ങൾ ഒന്നും പുറത്തു കളയാതെ ട്രെയിനുള്ളിൽ തന്നെ നിക്ഷേപിക്കുന്ന പ്രവണതയാണ് ട്രെയിൻ യാത്രക്കാർക്ക് ഏറെ ദുരിതമായി തീർന്നിരിക്കുന്നത്. ഇത്തരം മാലിന്യങ്ങൾ നിറഞ്ഞ ബോഗികൾക്കുള്ളിൽ ഒരു മണിക്കൂർ പോലും യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് കോട്ടയം സ്വദേശിയായ ഒരു സ്ഥിരം ട്രെയിൻ യാത്രികൻ പറഞ്ഞു.
മറ്റുള്ള ട്രെയിനുകൾ കിട്ടാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള മാലിന്യപൂരിതമായ കമ്പാർട്ട്മെണന്റുകളിൽ കയറി യാത്ര ചെയ്യാൻ ജനങ്ങൾ വിധിക്കപ്പെടുന്നത്.കൃത്യമായ പരിശോധനയും മാലിന്യ നിക്ഷേപത്തിന് നിന്ന് വിലക്കിക്കൊണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് പിഴചുമത്തുകയും ചെയ്താൽ മാത്രമേ ഇതിനൊരു അറുതി വരുത്താൻ സാധിക്കുകയുള്ളൂ.