തിരുവനന്തപുരം: സമരക്കാരോട് ശത്രുതയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്ന് എൽപിഎസ്ടി സമരനേതാവ് വളർമതി. നീതിക്കുവേണ്ടിയാണ് സമരം നടത്തുന്നതെന്നും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും അവർ പറഞ്ഞു.
സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും താനൊരു കുറ്റവാളിയല്ലെന്നും നിലവിൽ ഒളിവിൽ പോകേണ്ട സാഹചര്യമാണുള്ളതെന്നും വളർമതി വ്യക്തമാക്കി. സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന സർക്കാർ വാദത്തെയും വളർമതി ചോദ്യം ചെയ്തു.
ഇതുസംബന്ധിച്ച എന്ത് കണക്കാണ് സർക്കാർ പുറത്തുവിട്ടതെന്നും എങ്ങനെയാണ് വിഷയം പഠിച്ചതെന്നും സർക്കാർ വ്യക്തമാക്കണം. ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും വളർമതി വ്യക്തമാക്കി.
പിഎസ്സി സംവിധാനത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത അവർ എച്ച്ടിവി തസ്തികകളിലെ ജില്ലാ അടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ കണക്കുകൾ പുറത്തുവിടണമെന്നും പറഞ്ഞു. റിട്ടയർമെന്റ് ഒഴിവുകൾ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾക്ക് കിട്ടുമെന്ന് ഉറപ്പുനൽകിയ ശേഷമേ ഇനി സർക്കാർ ചർച്ചയ്ക്ക് വിളിക്കാവൂ എന്നും വളർമതി കൂട്ടിച്ചേർത്തു.