വാഴക്കുളം: പൈനാപ്പിളിൽനിന്നുള്ള ഉപോത്പന്നങ്ങളെ വിദേശ വിപണിയിലെത്തിക്കാൻ വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനി. പൈനാപ്പിളിനു വില കുറയുന്ന സമയങ്ങളിൽ അധികമായി ഉത്പാദിപ്പിക്കപ്പെടുന്ന പൈനാപ്പിൾ സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റി വിദേശവിപണികളിൽ എത്തിച്ച് വിപണനം ചെയ്യുക എന്ന ലക്ഷ്യവുമായാണു കർഷകപങ്കാളിത്തമുള്ള കമ്പനി രൂപംകൊണ്ടത്.
സംസ്ഥാനത്തുടനീളമായി ഏകദേശം 15,000 ഹെക്ടറിലേറെ പൈനാപ്പിൾ കൃഷിയുള്ളതായി കണക്കാക്കുന്നു. ഈ സാഹചര്യത്തിലാണു വാഴക്കുളം കേന്ദ്രമായി പ്രവർത്തിക്കുന്ന ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനി (വിപിഎഫ്പിസി) മൂന്നു വർഷം മുമ്പ് രൂപീകൃതമായത്.
പൈനാപ്പിൾ മേഖലയുടെ സമഗ്ര ഉന്നമനത്തിന് ഉതകുന്ന പൈനാപ്പിൾ ഫാക്ടറി, ഉത്പന്നവിതരണത്തിന് ഔട്ട്ലെറ്റ്, കോർപറേറ്റ് ഓഫിസും അനുബന്ധ സൗകര്യങ്ങളും, സ്വാഭാവിക വളങ്ങളുടെയും കീടനാശിനികളുടെയും വിതരണം, പൈനാപ്പിൾ നഴ്സറി, വിദേശവിപണി, ടൂറിസം വികസനം, വിദേശികൾക്കും മറ്റുമായി കൃഷി പരിശീലനം, പൈനാപ്പിൾ കൃഷി, വിലസ്ഥിരത ഉറപ്പാക്കൽ, ഓർഗാനിക് കൃഷിരീതി പ്രചാരണം തുടങ്ങിയവ കമ്പനിയുടെ ചില ലക്ഷ്യങ്ങളാണ്. ആധുനികരീതിയിലുള്ള മാർക്കറ്റ്, പൈനാപ്പിൾ ഫാക്ടറി തുടങ്ങിയവയും കമ്പനിയുടെ സ്വപ്നപദ്ധതികളാണ്.
പൈനാപ്പിൾ തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി ഓരോന്നായി തനിയെ പെട്ടെന്നു തണുപ്പിച്ച് ഇൻഡിവിജ്വൽ ക്വിക്ക് ഫ്രീസിംഗ് (ഐക്യുഎഫ്) മാതൃകയിൽ സ്വാഭാവികത നഷ്ടപ്പെടാതെ സ്വദേശത്തും വിദേശ വിപണികളിലുമായി എത്തിക്കുന്നതാണ് ആദ്യ പദ്ധതി.
കമ്പനി ഓഹരി ഉടമകളുടെ മൂന്നാമത് വാർഷിക പൊതുയോഗം 29ന് മൂവാറ്റുപുഴയിൽ നടത്തും.
പൈനാപ്പിൾ മേഖലയുമായി നേരിട്ടു ബന്ധമുള്ളവർക്കും പരോക്ഷമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്കും പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനി ഇപ്പോൾ രണ്ടു ലക്ഷം രൂപ വിലയുള്ള ഓഹരികൾ കമ്പനിനിയമമനുസരിച്ച് നൽകുന്നുണ്ട്. പ്രാരംഭമായി 20 കോടി സംഭരിക്കാനാണു ലക്ഷ്യമെന്ന് കമ്പനി ചെയർമാൻ ജോസ് പെരുമ്പിള്ളിക്കുന്നേൽ, എംഡി ജോസ് വർഗീസ് എന്നിവർ അറിയിച്ചു.