Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Vehicles

അക്കൗണ്ട് കാലിയാക്കും; പിഴ അടച്ചില്ലെങ്കിലോ? ചലാന്‍ സന്ദേശങ്ങളില്‍ കുടുങ്ങരുത്

കൊച്ചി: വാഹനത്തിന് ചെല്ലാനുണ്ടെന്ന് സന്ദേശം, പിഴത്തുക അടയ്ക്കാന്‍ വൈകിയാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുമെന്ന ഭീഷണിയും... മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ നടക്കുന്ന ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങിയാല്‍, ഒറ്റ ക്ലിക്കില്‍ അക്കൗണ്ടിലെ സമ്പാദ്യം മുഴുവന്‍ നഷ്ടമാകും. മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരില്‍ എത്തുന്ന വ്യാജ ചലാന്‍ സന്ദേശങ്ങളിലൂടെ നിമിഷനേരം കൊണ്ട് ബാങ്ക് അക്കൗണ്ടിലെ പണം മുഴുവന്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമാണ്.

അടുത്തിടെ 250 രൂപയുടെ ചെല്ലാന്‍ അടയ്ക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകയുടെ ഭര്‍ത്താവിന് നഷ്ടമായത് 1.73 ലക്ഷം രൂപയാണ്. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി എന്‍ഫോഴ്സ്മെന്‍റ് ആര്‍ടിഒ ബിജു ഐസക്. വാട്‌സാപ്പില്‍ എത്തുന്ന സന്ദേശങ്ങളുടെയും ടെക്സ്റ്റ് മെസേജുകളുടെയും ആധികാരിക ഉറപ്പാക്കിയ ശേഷം മാത്രം പിഴ അടയ്ക്കുക, ഉടന്‍ പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന നടപടി ഉണ്ടാവില്ലെന്നും ആര്‍ടിഒ ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.

അജ്ഞാത നമ്പറുകളില്‍ നിന്നുമാണ് ചലാന്‍ വരുന്നത്. ക്ലിക്ക് ചെയ്താല്‍ പണം പോകും. കാര്‍ ഇന്‍ഫോ, വെഹിക്കിള്‍ ഇന്‍ഫോ എന്നീ സൈറ്റുകളില്‍ നിന്നും വാട്സാപ്പില്‍ സന്ദേശങ്ങള്‍ എത്തുന്നത്. കുറച്ച് ദിവസമായി വ്യാജ ചലാന്‍ തട്ടിപ്പ് വളരെ കൂടുതലാണ്.

മോട്ടോര്‍ വാഹന വകുപ്പിന്‍റെ പേരിലെന്ന വ്യാജേനെ ഒട്ടനവധി എപികെ (apk) ഫോര്‍മാറ്റിലുള്ള ഫയലുകളും എസ്എംഎസ് വഴിയും നിങ്ങള്‍ക്ക് ചെല്ലാന്‍ ഉണ്ട്, ഈ ദിവസത്തിനുള്ളില്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും, നടപടി സ്വീകരിക്കും, പിഴ ഒടുക്കണം എന്ന സന്ദേശങ്ങള്‍ വ്യാപകമായി വരുന്നുണ്ട്. അത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ ചെല്ലാന്‍ ആണോ പൊലിസിന്റെതാണോ എന്ന് കൃത്യമായി ഉറപ്പാക്കിയ ശേഷം മാത്രം പണം അടയ്ക്കുക.

ചലാന്‍ അടച്ചപ്പോള്‍ അക്കൗണ്ടിലെ പണം നഷ്ടമായി, അടയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പണം നഷ്ടമായി എന്നതടക്കമുള്ള പരാതികള്‍ എത്തുന്നുണ്ട്. പരാതികളില്‍ കാണുന്ന സൈറ്റുകളും സന്ദേശങ്ങളും പരിവാഹന്‍ സൈറ്റുകളുടെ പേരു മാറ്റിയോ, ചലാന്‍ എന്നുള്ള വാക്കിന്‍റെ സ്പെല്ലിംഗ് മാറ്റിയോ ആണ്. പരി.കോം (pari.com), ചെലന്‍ (chalan) എന്നിങ്ങനെയുള്ള സൈറ്റുകളും സന്ദേശങ്ങളുമാണ് കാണുന്നത്.

വാഹന ഉടമകളുടെ വിവരങ്ങള്‍ തട്ടിപ്പുകാര്‍ക്ക് എവിടെനിന്നാണ് ലഭിക്കുന്നതെന്ന കാര്യത്തിലും അന്വേഷണം ആവശ്യമാണ്. വാഹന വില്‍പ്പന കേന്ദ്രങ്ങള്‍, വര്‍ക്ക്ഷോപ്പുകള്‍, സര്‍വീസ് സെന്‍ററുകള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്ന് വിവരങ്ങള്‍ ചോരുന്നുണ്ടോയെന്ന് പരിശോധിക്കണം. എന്നാല്‍ പരിവാഹന്‍ ഔദ്യോഗിക വെബ്സൈറ്റില്‍നിന്ന് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും ബിജു ഐസക് വ്യക്തമാക്കി.

ഔദ്യോഗിക സൈറ്റ് മാത്രം ആശ്രയിക്കുക

വ്യാജ സന്ദേശങ്ങള്‍ ലഭിച്ചാല്‍ ആദ്യം ചലാന്‍ നിലവിലുണ്ടോയെന്ന് ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കണം. മോട്ടോര്‍ വാഹന വകുപ്പിന്‍റെയോ പൊലിസിന്‍റെയോ ചലാനാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം പണം അടയ്ക്കണം. വാട്സാപ്പില്‍ ലഭിക്കുന്ന ലിങ്കുകളിലൂടെയോ എപികെ (apk) ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്‌തോ പണമടയ്ക്കാന്‍ ശ്രമിക്കരുത്.

ഒരു ദിവസം പിഴ അടച്ചില്ലെന്ന കാരണത്താല്‍ ഉടന്‍ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയോ വാഹനം റദ്ദാക്കുകയോ ചെയ്യുന്ന സാഹചര്യമില്ല. വ്യാജ ചലാന്‍ വഴി പണം നഷ്ടപ്പെട്ടവര്‍ ഉടന്‍ പൊലീസിലോ സൈബര്‍ പൊലിസിലോ പരാതി നല്‍കണം. നിയമപരമായ സഹായം തേടാനും വൈകിക്കരുത്.

ചലാനുകള്‍ക്ക് 50 ശതമാനം ഇളവ്

മാര്‍ച്ച് 31 വരെയുള്ള നിയമലംഘനങ്ങള്‍ക്ക് 50 ശതമാനം ഇളവ് അനുവദിക്കുന്ന ആംനസ്റ്റി പദ്ധതിയും നിലവിലുണ്ട്. വെര്‍ച്വല്‍ കോടതിയിലേക്ക് കൈമാറിയ നിയമലംഘനങ്ങള്‍ക്കും പദ്ധതിയിലൂടെ പിഴ അടയ്ക്കാം. എന്നാല്‍ വെര്‍ച്വല്‍ കോടതിയില്‍ നിന്ന് ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് (സിജെഎം) കോടതിയിലേക്ക് എത്തിയ കേസുകളില്‍ ഈ സൗകര്യം ലഭിക്കില്ല. മദ്യപിച്ച് വാഹനമോടിക്കല്‍, റെഡ് സിഗ്‌നല്‍ ലംഘനം, ലൈന്‍ ട്രാഫിക് ലംഘനം തുടങ്ങിയ ഗുരുതര നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമല്ല.

 

Latest News

Corehub Up