നിയന്ത്രണവും നീതിപൂർവമായ സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ ഇന്ത്യയിലെ നിരവധി ജീവകാരുണ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, അനാഥാലയങ്ങൾ, സാമൂഹിക സേവന സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങളിൽ വിദേശ സംഭാവനകൾ നിർണായകമായ പങ്കുവഹിച്ചിട്ടുണ്ട്.
ഇവയിൽ പലതും വിദേശ സംഭാവനകളോടൊപ്പം സ്ഥാപനത്തിന്റെ സ്വന്തം വരുമാനം, ആഭ്യന്തര സംഭാവനകൾ, മറ്റ് നിയമാനുസൃത സാമ്പത്തിക സ്രോതസുകൾ എന്നിവയും സംയോജിപ്പിച്ചാണ് പ്രവർത്തിച്ചുവരുന്നത്. അതിനാൽ, വിദേശ സംഭാവനകളെ നിയന്ത്രിക്കുന്ന നിയമത്തിലെ മാറ്റങ്ങൾ വൈദേശിക സാമ്പത്തിക ഇടപാടുകളെ മാത്രമല്ല ഈ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ, ഭരണസംവിധാനം, സേവനങ്ങളുടെ തുടർച്ച എന്നിവയെയും ബാധിച്ചേക്കാം.
വിദേശ സംഭാവനകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങൾ നിയമത്തിലെ രജിസ്ട്രേഷൻ, പുതുക്കൽ, കണക്കുകൾ സമർപ്പിക്കൽ, വിനിയോഗം തുടങ്ങിയ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്. ദേശീയ താത്പര്യം സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ഭരണകൂടത്തിന് ഫലപ്രദമായ നിയന്ത്രണാധികാരം ഉണ്ടായിരിക്കേണ്ടതിൽ തർക്കമില്ല. 2026ലെ ഭേദഗതി ബിൽ ഈ നിയന്ത്രണ സംവിധാനത്തിൽ കൂടുതൽ വിപുലമായ മാറ്റങ്ങളാണ് നിർദേശിക്കുന്നത്. ഈ ബിൽ ഇപ്പോൾ സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയിലാണ്.
ഈ പരിശോധനയിൽ പരിഗണിക്കേണ്ട പ്രധാന ചോദ്യം വിദേശ സംഭാവനകളെ നിയന്ത്രിക്കാനുള്ള ഭരണകൂടത്തിന്റെ അധികാരം വേണമോ എന്നതല്ല. മറിച്ച്, ആ അധികാരം പ്രയോഗിക്കുമ്പോൾ നിയമാനുസൃതമായ നിയന്ത്രണലക്ഷ്യങ്ങൾക്കും സ്വത്തവകാശ സംരക്ഷണത്തിനും സ്ഥാപനങ്ങളുടെ ഭരണസ്വാതന്ത്ര്യത്തിനും പൊതുസേവനങ്ങളുടെ തുടർച്ചയ്ക്കും ഇടയിൽ എങ്ങനെ ന്യായമായ സന്തുലിതാവസ്ഥ ഉറപ്പാക്കാം എന്നതാണ്.
പ്രത്യേകിച്ച്, വിദേശ സംഭാവനകളോടൊപ്പം ആഭ്യന്തര സംഭാവനകളും ഉപയോഗിച്ച് സമ്പാദിച്ച സ്വത്തുക്കൾ മുഴുവനായി അധികാരിയിൽ നിക്ഷിപ്തമാക്കാനുള്ള സാധ്യത, രജിസ്ട്രേഷൻ പുതുക്കാത്തതിന്റെ പ്രത്യാഘാതങ്ങൾ, സ്ഥിരമായ നിക്ഷിപ്തമാക്കലും സ്വത്തുക്കളുടെ കൈമാറ്റവും, സ്ഥാപനത്തിന്റെ നടത്തിപ്പിൽ ഇടപെടാനുള്ള അധികാരം, മുൻകാല കേസുകളിലേക്കുള്ള പുതിയ വ്യവസ്ഥകളുടെ പ്രയോഗം, ട്രസ്റ്റിമാരുടെയും ഭരണസമിതി അംഗങ്ങളുടെയും വ്യക്തിഗത ഉത്തരവാദിത്വം എന്നിവ സൂക്ഷ്മമായ പരിശോധന അർഹിക്കുന്നു.