കേരളത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാട് മനുഷ്യന്റെ അധ്വാനത്തിന്റെയും അതിജീവനത്തിന്റെയും അസാധാരണമായ ചരിത്രമാണ്. കായലിനെയും വെള്ളത്തെയും ആശ്രയിച്ച് ജീവിച്ചിരുന്ന ജനത, പട്ടിണിയിൽനിന്നുള്ള മോചനത്തിനും ഭക്ഷ്യസുരക്ഷയ്ക്കുമായി വെള്ളക്കെട്ടുകളെ കൃഷിഭൂമികളാക്കി മാറ്റുകയായിരുന്നു. തലമുറകളുടെ അധ്വാനവും സാങ്കേതികവിദ്യയിലെ മാറ്റങ്ങളും ചേർന്നാണ് കുട്ടനാട്ടിലെ വിശാലമായ പാടശേഖരങ്ങൾ രൂപപ്പെട്ടത്. എന്നാൽ, ഇന്ന് അതേ കൃഷിഭൂമി വെള്ളപ്പൊക്കത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ജലനിയന്ത്രണത്തിലെ അപാകതകളുടെയും സമ്മർദത്തിലാണ്.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ പ്രദേശം സമുദ്രനിരപ്പിന് താഴെ (ശരാശരി 0.6 മീറ്റർ മുതൽ 2.2 മീറ്റർ വരെ താഴെ) നെൽകൃഷി ചെയ്യുന്ന അപൂർവ ഭൂപ്രദേശമാണ്. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടന കുട്ടനാടൻ കാർഷിക വ്യവസ്ഥയെ ‘ആഗോള പ്രാധാന്യമുള്ള കാർഷിക പൈതൃക വ്യവസ്ഥ’ ആയി അംഗീകരിച്ചിട്ടുണ്ട്.
പന്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ, മൂവാറ്റുപുഴ എന്നീ നദികൾ കുട്ടനാട്ടിലെ ജലവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രധാന നദികളാണ്. പെരിയാർ വേന്പനാട്ട് കായലിലേക്ക് ഒഴുകിയെത്തുന്നെങ്കിലും കുട്ടനാടിന്റെ നദീതടപരിധിയിൽ അതിനെ ഉൾപ്പെടുത്താനാവില്ല.
ഈ നദികൾ വെള്ളം മാത്രമല്ല, പശ്ചിമഘട്ടത്തിൽനിന്നുള്ള എക്കലും ജൈവസന്പുഷ്ടമായ മണ്ണും കൊണ്ടുവരുന്നു. കുട്ടനാട്ടിലെ മണ്ണിന്റെ രൂപീകരണത്തിലും കൃഷിക്ക് അനുയോജ്യമായ സാഹചര്യമൊരുക്കുന്നതിലും ഈ എക്കലിന് നിർണായക പങ്കുണ്ട്. 2018ലെ പ്രളയത്തിനുശേഷം കായലിൽ എക്കൽ അടിഞ്ഞുകൂടുന്നതിനെ പലപ്പോഴും പ്രശ്നമായാണ് കാണുന്നത്. കായലിന്റെ ആഴം കുറയുന്നതും നീരൊഴുക്ക് തടസപ്പെടുന്നതും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. എന്നാൽ കുട്ടനാടിന്റെ കാർഷിക ചരിത്രത്തിൽ എക്കൽ വലിയ സന്പത്താണ്. എക്കൽ നിക്ഷേപിച്ചുണ്ടായ മണ്ണാണ് പാടശേഖരങ്ങൾ നിർമിക്കാൻ സഹായിച്ചത്.
പട്ടിണിയിൽനിന്ന് നെല്ലറയിലേക്ക്
കുട്ടനാട്ടിലെ നെൽകൃഷിയുടെ വളർച്ചയ്ക്കു പിന്നിൽ ഭക്ഷ്യസുരക്ഷയെന്ന വലിയ ആവശ്യമുണ്ടായിരുന്നു. പഴയകാലത്ത് പ്രദേശത്തെ ജനങ്ങളുടെ ജീവിതം പ്രധാനമായും മത്സ്യബന്ധനത്തെയും കായലിനെയും ആശ്രയിച്ചായിരുന്നു. വെള്ളത്തിൽ ജോലി ചെയ്യുകയും മീൻ പിടിക്കുകയും കായൽത്തിട്ടകളിൽ താമസിക്കുകയും ചെയ്തിരുന്ന ജനതയ്ക്ക് സ്ഥിരമായ ഭക്ഷ്യലഭ്യത ഉറപ്പാക്കുക വലിയ വെല്ലുവിളിയായിരുന്നു.
തകഴിയുടെ ‘രണ്ടിടങ്ങഴി’ പോലുള്ള കൃതികളിൽ പ്രതിഫലിക്കുന്ന പട്ടിണിയുടെയും കർഷകത്തൊഴിലാളികളുടെ ദുരിതങ്ങളുടെയും പശ്ചാത്തലം ഈ ചരിത്രം വ്യക്തമാക്കുന്നു. നെൽകൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ അന്നത്തെ ഭക്ഷ്യക്ഷാമത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. കായൽനിലങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റിയതിൽ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അധ്വാനം നിർണായകമായിരുന്നു. പ്രത്യേകിച്ച്, ദളിത് വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികളുടെ കായികാധ്വാനമാണ് അനേകം പാടശേഖരങ്ങളുടെ നിർമാണത്തിനു പിന്നിൽ. വെള്ളംനിറഞ്ഞ പ്രദേശങ്ങളിൽ മണ്ണ് കുത്തിയെടുത്ത് ബണ്ടുകൾ നിർമിക്കുകയും പാടങ്ങൾ ഒരുക്കുകയും ചെയ്തത് അത്യന്തം ശ്രമകരമായ ജോലിയായിരുന്നു. 1880ന് മുന്പുള്ള ചെറിയ കായൽനിലങ്ങളിൽനിന്ന് പിന്നീട് വലിയ പാടശേഖരങ്ങളിലേക്കുള്ള വളർച്ച പല ഘട്ടങ്ങളിലായാണ് നടന്നത്. 1900കളുടെ തുടക്കത്തിലും തുടർന്നുള്ള കാലത്തും കായൽ കുത്തിയെടുക്കൽ വ്യാപിച്ചു. ജോസഫ് മുരിക്കൻ ഉൾപ്പടെയുള്ള പ്രമുഖ കർഷകരുടെ നേതൃത്വത്തിൽ ആഴമേറിയ പ്രദേശങ്ങൾ കൃഷിയിടങ്ങളാക്കി മാറ്റി. ഈ പാടശേഖരങ്ങൾ നിർമിക്കുന്നതിൽ അന്നത്തെ പരിമിതമായ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എൻജിനിയറിംഗ് മികവും പ്രകടമായിരുന്നു.
വെള്ളപ്പൊക്കവും കാർഷിക പ്രതിസന്ധിയും
കുട്ടനാട്ടിലെ കൃഷി പ്രകൃതിയുടെ കാലാവസ്ഥാ താളത്തിനനുസരിച്ചായിരുന്നു ഒരുകാലത്ത് മുന്നോട്ടു പോയിരുന്നത്. ജൂണ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ മഴക്കാലത്ത് വെള്ളപ്പൊക്കമുണ്ടാകുന്നതിനാൽ സാധാരണയായി കൃഷി ഒഴിവാക്കും. പുഞ്ചകൃഷിയിൽ ഒക്ടോബറോടെ ആരംഭിച്ച് ഫെബ്രുവരിയോടെ വിളവെടുപ്പ് പൂർത്തിയാക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. കുട്ടനാടിന്റെ നിലനിൽപിനെത്തന്നെ ചോദ്യം ചെയ്യുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കവും മടവീഴ്ചയും. കായലിന്റെയും നദികളുടെയും ആഴം കുറയൽ, നീരൊഴുക്ക് തടസപ്പെടുത്തൽ, തണ്ണീർത്തടം നികത്തൽ എന്നിവ മൂലം വെള്ളം കായലിലേക്ക് വലിയുന്നത് തടസപ്പെട്ടത്. 2018ലെ പ്രളയശേഷം കുട്ടനാട്ടിലെ കൃഷിഭൂമിയേക്കാൾ ഒരു അടി ഉയരത്തിലാണ് കായലിലെ ജലനിരപ്പ്. അതിനാൽ, കായലിലേക്ക് വേണ്ടത്ര വെള്ളം വലിയുന്നില്ല. വേന്പനാട്ട് തണ്ണീർ തടത്തിനു ചുറ്റമുള്ള പഞ്ചായത്തുകളുടെ നേതൃത്വത്തിൽ കായലിലെ അധിക നിക്ഷേപം മാറ്റിയാൽ മാത്രമേ ഇതിനു പരിഹാരം കാണാൻ സാധിക്കൂ.
കായൽനിലത്തിലേക്ക് ഉപ്പുവെള്ളം വേണ്ടത്ര കയറിയിറങ്ങാത്തതിനാൽ, കൃഷിക്കുപയോഗിക്കുന്ന ജലം ഇപ്പോൾ മലിനമാണെന്ന് ലോവർ കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും കർഷകർ പരാതിപ്പെടുന്നു. ഓരുവെള്ളം വേണ്ടത്ര കയറാത്തതിനാൽ, പാടങ്ങളിലെ അമ്ലതയിലും മാറ്റം വന്നിട്ടുണ്ട്. ഇതിനെമറികടക്കാൻ കൃഷിക്കായി നിലമൊരുക്കുന്പോൾ കൂടുതൽ കക്ക ഉപയോഗിക്കേണ്ടിവരുന്നെന്ന് കുട്ടനാട് നെടുമുടി, കാവാലം, കുറിച്ചി പാടശേഖരത്തെ കർഷകർ പറഞ്ഞു.
തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ പ്രവർത്തനത്തിലെ അപാകതകളും അശാസ്ത്രീയമായ റോഡ്-പാലം നിർമാണങ്ങളും കായലിലെ സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. കായൽതീരങ്ങളിലെ കണ്ടൽക്കാടുകളുടെ നാശവും നീർത്തടങ്ങൾ നികത്തിയുള്ള നിർമാണപ്രവർത്തനങ്ങളും അധികജലത്തെ ഉൾക്കൊള്ളാനുള്ള പ്രകൃതിയുടെ ശേഷി ഇല്ലാതാക്കി. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന് പുറമെ, ഒക്ടോബർ-നവംബറിലുണ്ടാകുന്ന അപ്രതീക്ഷിത അതിതീവ്ര മഴയും ന്യൂനമർദങ്ങളും പുഞ്ചകൃഷിയുടെ വിതയെയും രണ്ടാംകൃഷിയുടെ കൊയ്ത്തിനെയും ഒരുപോലെ തകർക്കുന്നു.
വെള്ളപ്പൊക്കത്തിനുശേഷം പാടശേഖരങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളും പ്ലാസ്റ്റിക്കും ബണ്ടുകൾ പുനർനിർമിക്കാനുള്ള ഭീമമായ ചെലവും കർഷകരെ കൃഷിയിൽനിന്ന് പിന്തിരിപ്പിക്കുന്നു. കൂടാതെ, പ്രളയജലം കെട്ടിനിൽക്കുന്നത് മൂലം മണ്ണിൽ പായലും കളകളും വ്യാപകമായി വളരുകയും കൃഷിച്ചെലവ് ഇരട്ടിയാക്കുകയും ചെയ്യുന്നു. കൃഷി സംരക്ഷിക്കുന്നതിനായി അമിതമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നത് കുട്ടനാടൻ ജലാശയങ്ങളെ മലിനമാക്കുന്നുണ്ട്. തണ്ണീർമുക്കം ബണ്ട് മാസങ്ങളോളം അടച്ചിടുന്നത് കായലിലെ സ്വാഭാവിക വേലിയേറ്റ-വേലിയിറക്കങ്ങളെ തടയുന്നു. തന്മൂലം ജലത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞ് മത്സ്യസന്പത്ത് നശിക്കാനും പായൽ വളരാനും കാരണമാകുന്നു. കാർഷിക ആവശ്യങ്ങളും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാണ് ഇന്ന് ഏറ്റവും പ്രധാനം.
വെള്ളപ്പൊക്ക ഭീഷണി തടയുക എന്ന ലക്ഷ്യമുള്ളതിനാലാണ് കുട്ടനാട്ടിൽ താമസിക്കുന്ന കർഷകർ രണ്ടാം കൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. കൃഷിയില്ലാത്ത സമയത്ത് മഴക്കാലത്ത് നദികളിലെ ജലനിരപ്പ് ഉയരുന്പോൾ പാടങ്ങളിലേക്ക് എത്തുന്ന അധികവെള്ളം തള്ളുന്നത് തടയാൻ നിയന്ത്രിത പന്പിംഗ് നടത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു. പാടശേഖരങ്ങളിലെ നിലവിലെ പെട്ടിയും പറയും പന്പിംഗ് സംവിധാനത്തിനൊപ്പം സബ്മേഴ്സിബിൾ പന്പിംഗ് ഏർപ്പെടുത്തണമെന്നും ആവശ്യമുണ്ട്.
ഏകവിളയിൽനിന്ന് സംയോജിത കൃഷിയിലേക്ക്
കുട്ടനാട്ടിലെ നെൽകൃഷി നിലനിർത്താൻ പഴയ കൃഷിരീതികൾ അതേപടി തുടരുക മാത്രം പോരെന്ന് IRTCBSF (സമുദ്രനിരപ്പിന് താഴെയുള്ള കൃഷിക്കുള്ള അന്താരാഷ്ട്ര ഗവേഷണ-പരിശീലന കേന്ദ്രം) ഡയറക്ടർ ഡോ. കെ.ജി. പദ്മകുമാർ പറഞ്ഞു. പാടശേഖരങ്ങളെ അടിസ്ഥാനമാക്കി വിശാലമായ സംയോജിത കൃഷിരീതിയിലേക്കു മാറണം. നെൽകൃഷിയോടൊപ്പം മത്സ്യകൃഷി, താറാവ് വളർത്തൽ, തെങ്ങ് തുടങ്ങിയവയെ കൂട്ടിച്ചേർക്കുന്ന രീതികൾ പ്രോത്സാഹിപ്പിക്കണം. ഒന്നിന്റെ അവശിഷ്ടം മറ്റൊന്നിന് പ്രയോജനപ്പെടുന്ന രീതിയിൽ കൃഷി ക്രമീകരിക്കുന്പോൾ കർഷകർക്ക് വരുമാനത്തിന്റെ ഒന്നിലധികം മാർഗങ്ങൾ തുറക്കും. ചെറിയ തുണ്ടുകളായി വിഭജിക്കപ്പെട്ട കൃഷിഭൂമികളിൽനിന്ന് മാത്രം കർഷകർക്ക് സ്ഥിരമായ വരുമാനം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പാടശേഖര അടിസ്ഥാനത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങൾ ആവശ്യമാണ്. വെള്ളപ്പൊക്കത്തെ പൂർണമായി തടയാൻ ശ്രമിക്കുന്നതിനുപകരം വെള്ളത്തിന് ഒഴുകാനും സംഭരിക്കാനും ഇടം നൽകുന്ന പ്രകൃതിയോട് ഇണങ്ങിയ സമീപനമാണ് കുട്ടനാടിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.