കഴിഞ്ഞ മാസം ലോകബാങ്ക് പുറത്തുവിട്ട, ഇന്ത്യയെക്കുറിച്ചുള്ള ‘പോവർട്ടി ആൻഡ് ഇക്വിറ്റി ബ്രീഫ്’ റിപ്പോർട്ടിൽ 2011നും 2023നും ഇടയിൽ ഏകദേശം 50 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽനിന്ന് കരകയറിയെന്നും അതിദാരിദ്ര്യം ഏറെക്കുറെ തുടച്ചുനീക്കപ്പെട്ടുവെന്നും വ്യക്തമാക്കുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആറു പതിറ്റാണ്ടിലേറെക്കാലം വ്യാപകമായിരുന്ന ദാരിദ്ര്യം നിർമാർജനം ചെയ്യുക എന്നത് പൂർത്തീകരിക്കപ്പെടാത്ത ഒരു വാഗ്ദാനമായി തുടർന്നു.
2010കളുടെ തുടക്കത്തിൽപോലും ശുചിത്വം, പോഷകാഹാരം, ശുദ്ധമായ പാചക ഇന്ധനം, ബാങ്കിംഗ് എന്നിവയിൽ പിന്നാക്കം നിൽക്കുന്ന, കടുത്ത ദാരിദ്ര്യം നിലനിന്നിരുന്ന രാജ്യമായാണ് വിദേശങ്ങളിൽ ഇന്ത്യ ചിത്രീകരിക്കപ്പെട്ടിരുന്നത്. പാവപ്പെട്ടവരുടെ കൈകളിലേക്ക് വെറുതെ പണം എത്തിച്ചു നൽകിയാൽ ദാരിദ്ര്യം താനേ മാറിക്കൊള്ളും എന്നതായിരുന്നു അന്ന് നിലനിന്നിരുന്ന പൊതുവായ കാഴ്ചപ്പാട്.
കഴിഞ്ഞ ഒരു ദശാബ്ദം ആ വിശ്വാസത്തെ തിരുത്തിക്കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, താത്കാലിക ആശ്വാസ നടപടികളിൽനിന്ന് മാറി ദാരിദ്ര്യത്തെ നിലനിർത്തുന്ന തടസങ്ങളെ എന്നെന്നേക്കുമായി നീക്കം ചെയ്യുന്ന അടിസ്ഥാനപരമായ മാറ്റത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിച്ചത്. അവസാനത്തെ വ്യക്തിയുടെയും ക്ഷേമം ഉറപ്പാക്കുന്ന ‘അന്ത്യോദയ’ എന്ന ദർശനത്താൽ നയിക്കപ്പെട്ട്, ഓരോ കുടുംബത്തിലെയും ഇല്ലായ്മകൾ ഓരോന്നായി പരിഹരിക്കുക എന്ന പ്രയാസമേറിയ പാതയാണ് നമ്മുടെ ഗവൺമെന്റ് തെരഞ്ഞെടുത്തത്. അതുവഴി വികസനം ഏറ്റവും അർഹരായവരിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കാൻ സാധിച്ചു.
ലക്ഷ്യാധിഷ്ഠിതം, കേന്ദ്രീകൃതം, യുക്തിസഹം
ദാരിദ്ര്യം എന്നത് കേവലം വരുമാനത്തിന്റെയോ കൂലിയുടെയോ കുറവ് മാത്രമല്ല. സുരക്ഷിതമായ മേൽക്കൂര, ശുദ്ധജലം, ശുചിത്വം, ആരോഗ്യപരിരക്ഷ എന്നിവയില്ലാത്ത ഒരു കുടുംബം, വരുമാനം വർധിച്ചാൽപോലും എപ്പോഴും പ്രതിസന്ധിയിലാകാൻ സാധ്യതയുള്ളതാണ്. ഒരൊറ്റ അസുഖം മതി അവരുടെ സമ്പാദ്യമെല്ലാം തുടച്ചുനീക്കാനും കുടുംബത്തെ വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിവിടാനും. അതിനാൽ, നമ്മുടെ ഗവൺമെന്റ് നടപ്പിലാക്കിയ ഓരോ പദ്ധതിയും ഏറ്റവും അർഹരായവരെ ലക്ഷ്യംവച്ചുള്ളതും കൃത്യമായി അളക്കാൻ കഴിയുന്ന ഫലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും പരിഹരിക്കേണ്ട ദാരിദ്ര്യ സാഹചര്യങ്ങൾക്ക് അനുസൃതമായി രൂപകൽപന ചെയ്തതുമായിരുന്നു.
ഇതിനു പിന്നിൽ ഒരു മാന്ത്രികവിദ്യയും ഉണ്ടായിരുന്നില്ല. ഓരോ പദ്ധതിക്കും ഗുണഭോക്താക്കളെ കൃത്യമായി കണ്ടെത്തുക, പദ്ധതികൾ ഫലപ്രദമായി അവരിലേക്ക് എത്തിക്കുക, അവസാനത്തെ വീട്ടിലും ആനുകൂല്യം എത്തുന്നത് വരെ തുടർനടപടികൾ സ്വീകരിക്കുക എന്നിവ അനിവാര്യമായിരുന്നു. പദ്ധതികളുടെ നിർവഹണം പ്രധാനമന്ത്രി മോദി നേരിട്ടും അതീവ ശ്രദ്ധയോടെയും നിരീക്ഷിക്കുകയും നിർണായക ഘട്ടങ്ങളിൽ ഇടപെട്ട് തടസങ്ങൾ പരിഹരിക്കുകയും തുടർനടപടികൾ ഉറപ്പാക്കുകയും വിതരണം നിരീക്ഷിക്കുന്നതിന് സാങ്കേതികവിദ്യയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ നിരന്തരമായ ശ്രദ്ധ നയങ്ങളെ ജനങ്ങളുടെ ജീവിതത്തിലെ പരിവർത്തനങ്ങളാക്കി മാറ്റാൻ സഹായിച്ചു.
ബാങ്ക് അക്കൗണ്ടിൽനിന്ന് സംരംഭകത്വത്തിലേക്ക്
സാമ്പത്തിക സുരക്ഷ കുടുംബങ്ങളെ വീണ്ടും ദാരിദ്ര്യത്തിലേക്ക് വീഴാതെ കാക്കുന്നു; എന്നാൽ കൂടുതൽ മുന്നേറാൻ അവർക്ക് വരുമാനമുണ്ടാക്കാനുള്ള അവസരങ്ങൾ ആവശ്യമാണ്. കോടിക്കണക്കിന് ആളുകൾ ആ യാത്ര ആരംഭിച്ചത് ഒരു ബാങ്ക് അക്കൗണ്ടിലൂടെയാണ്. ഗവണ്മെന്റ് ഖജനാവിൽനിന്ന് ലഭ്യമാക്കുന്ന ഓരോ രൂപയിലും പതിനഞ്ച് പൈസ മാത്രമാണ് അർഹരായ പൗരന്മാരിലേക്ക് എത്തുന്നത് എന്നത് ഒരുകാലത്ത് അംഗീകരിക്കപ്പെട്ട വസ്തുതയായിരുന്നു.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം ആ അവസ്ഥ മാറ്റിമറിച്ചു. 59 കോടിയിലധികം ജൻധൻ അക്കൗണ്ടുകൾ വഴി ഇടനിലക്കാരില്ലാതെ ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കളിലേക്ക് എത്തുന്നു. സാങ്കേതികവിദ്യയാണ് അഭൂതപൂർവമായ തോതിൽ ഇത് സാധ്യമാക്കിയത്.ബാങ്ക് അക്കൗണ്ട് സമ്പാദ്യത്തിന് സുരക്ഷിതമായ ഇടം നൽകുകയും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൃഷ്ടിക്കാൻ സഹായിക്കുകയും ചെയ്യുന്നു; ഇത് ഔപചാരിക വായ്പകളിലേക്കുള്ള വാതിലുകൾ തുറക്കുന്നു. സ്വന്തമായി സ്വത്തുക്കൾ ഇല്ലാത്തവർക്ക് ആദ്യമായി ലഭിക്കുന്ന ഒരു വായ്പ ജീവിതംതന്നെ മാറ്റിമറിക്കുന്നതാകാം.
വികസിത് ഭാരതിനായുള്ള പ്രതിജ്ഞ
തലമുറകളായി, ദാരിദ്ര്യം എന്നത് ഇന്ത്യക്ക് നിയന്ത്രിക്കാൻ കഴിയുന്ന, എന്നാൽ ഒരിക്കലും പൂർണമായി അവസാനിപ്പിക്കാൻ കഴിയാത്ത ഒന്നായാണ് കണക്കാക്കപ്പെട്ടിരുന്നത്. ഒരു ദശാബ്ദം മുമ്പ് അചിന്ത്യമായി തോന്നിയിരുന്നത്, താഴെത്തട്ടിലെ നിരന്തരമായ പ്രവർത്തനങ്ങളിലൂടെ ഇന്ന് യാഥാർഥ്യമായിരിക്കുന്നു. എങ്കിലും വിശ്രമിക്കാനുള്ള സമയമല്ലിത്; 2047ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് അതിന്റേതായ വെല്ലുവിളികളുണ്ട്.
ഈ പുരോഗതിയുടെ അടിത്തറയിൽ നിന്നുകൊണ്ട്, ഇപ്പോഴും ദാരിദ്ര്യത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ചുരുക്കം ചിലരെയും അതിൽനിന്ന് കരകയറ്റുക, ഒപ്പം മുന്നേറിയവർക്ക് തുടർന്നും വളരാനുള്ള സാഹചര്യം ഉറപ്പാക്കുക എന്നിവയാണ് അടുത്ത ഘട്ടത്തിലെ ലക്ഷ്യം. വിവിധ പദ്ധതികളിലൂടെ നൽകുന്ന സംരക്ഷണത്തോടൊപ്പം സാമ്പത്തിക സ്രോതസുകൾ, വിപണികൾ, ഡിജിറ്റൽ സമ്പദ്വ്യവസ്ഥ എന്നിവയിലേക്കുള്ള പ്രവേശനം കൂടുതൽ വിപുലമാക്കേണ്ടതുണ്ട്.
തൊഴിലധിഷ്ഠിത ആനുകൂല്യങ്ങൾ, ഇന്റേൺഷിപ്പുകൾ, അപ്രന്റിസ്ഷിപ്പുകൾ എന്നിവയിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായങ്ങളും തമ്മിൽ കൂടുതൽ അടുത്ത ബന്ധം ഗവൺമെന്റ് കെട്ടിപ്പടുക്കുകയാണ്; അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപം രാജ്യത്തെ മുമ്പൊരിക്കലുമില്ലാത്തവിധം ബന്ധിപ്പിക്കുന്നു. അവസരങ്ങൾ ചുരുക്കം ചിലരുടെ മാത്രം കുത്തകയായി തുടരാൻ പാടില്ല.
ആറ് പതിറ്റാണ്ടുകാലം പൂർത്തിയാകാതിരുന്ന ലക്ഷ്യം പത്ത് വർഷം കൊണ്ട് നേടിയെടുത്ത ഇന്ത്യക്ക്, അടുത്ത ഇരുപത് വർഷങ്ങളെ ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കും. 140 കോടി ഇന്ത്യക്കാരുടെ ദൃഢനിശ്ചയത്തോടെ, 2047ഓടെയുള്ള വികസിത് ഭാരത് എന്ന ലക്ഷ്യം നമുക്ക് കൈവരിക്കാനാകും; നാം ഒന്നിച്ച് ആ ലക്ഷ്യത്തിലെത്തുക തന്നെ ചെയ്യും.
ആരോഗ്യവും അന്തസും വീട്ടിൽനിന്ന് തുടങ്ങുന്നു
രോഗങ്ങളും വെള്ളം ശേഖരിക്കാനുള്ള ദൈനംദിന പ്രയാസങ്ങളും പിന്നോട്ട് വലിക്കുമ്പോൾ ഒരു കുടുംബത്തിന് ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ കഴിയില്ല. സ്വച്ഛ് ഭാരത് പദ്ധതിക്ക് കീഴിൽ വീടുകളിൽ ശൗചാലയങ്ങൾ ലഭ്യമായത് ശുചിത്വം മെച്ചപ്പെടുത്തുകയും പ്രതിവർഷം ഏകദേശം 60,000 മുതൽ 70,000 വരെ ശിശുമരണങ്ങൾ ഒഴിവാക്കാൻ സഹായിക്കുകയും ചെയ്തു.
ജൽ ജീവൻ മിഷൻ 2019ൽ ഏകദേശം മൂന്നു കോടി കുടുംബങ്ങളിലുണ്ടായിരുന്ന ഗ്രാമീണ പൈപ്പുവെള്ള കണക്ഷനുകൾ ഏകദേശം 16 കോടിയിലേക്ക് വ്യാപിപ്പിച്ചു; ഇത് വെള്ളത്തിനായി സ്ത്രീകളും പെൺകുട്ടികളും നടത്തിയിരുന്ന ദീർഘദൂര നടത്തം ഒഴിവാക്കുകയും ജലജന്യ രോഗങ്ങൾ കുറയ്ക്കുകയും ചെയ്തു. ഉജ്വല യോജന പുകരഹിതമായ ശുചിത്വമുള്ള അടുക്കളകൾ സാധ്യമാക്കിയപ്പോൾ, പിഎം ആവാസ് യോജന അടച്ചുറപ്പുള്ള വീടുകളുടെ സുരക്ഷിതത്വവും അന്തസും നൽകി.
പണരഹിത ആശുപത്രി ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത്, ചികിത്സാ ചെലവുകൾക്കെതിരായ സാമ്പത്തിക സുരക്ഷ ശക്തിപ്പെടുത്തി. ഒരു കാലത്ത് കുടുംബങ്ങളെ വീണ്ടും ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരുന്ന പ്രതിസന്ധികൾക്കെതിരായ പരിരക്ഷയായി ഇവയെല്ലാം ഒരുമിച്ച് പ്രവർത്തിക്കുന്നു; ഒപ്പം കുടുംബച്ചെലവുകൾ കുറയ്ക്കുകയും ജോലിക്കായി കൂടുതൽ സമയം കണ്ടെത്താൻ സഹായിക്കുകയും ചെയ്യുന്നു.