‘ഞാന്‍ ആറാം ക്ലാസിലോ ഏഴാം ക്ലാസിലോ പഠിക്കുന്ന കാലത്ത് ഊണു കഴിക്കാന്‍ സ്കൂളിനടുത്തുള്ള അപ്പച്ചിയുടെ വീട്ടിലാണ് പോയിരുന്നത്. ഒരു ചെറിയ വഴിയിലൂടെ വേണം അപ്പച്ചിയുടെ വീട്ടിലെത്താന്‍. വഴിയിൽ ഒരു ട്യൂഷന് സെന്റര്‍ കടന്നുവേണം പോകാന്‍. ഒരു ഉച്ചനേരം ട്യൂഷന് സെന്ററിലിരുന്ന് ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...’ എന്ന് ഒരു പയ്യന് പാടുന്നത് കേട്ടു. വളരെ പതിഞ്ഞ ശബ്ദത്തിലായിരുന്നു പാട്ട്. അടുത്ത ദിവസം അതേ പയ്യന് എന്നെ കണ്ടതും വീണ്ടും പാടി. അല്പംകൂടെ ഉച്ചത്തില്‍, തെളിമയോടെ. ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...
കൗമാരക്കാരിയായ ഒരു കുട്ടിയാണല്ലോ ഞാന്‍ അന്ന്. എന്റെ പേര് ( ഉദയചന്ദ്രിക) വച്ചുള്ള പാട്ട് വഴിയില്‍ ഒരു പയ്യന് പാടുന്നത് സഹിക്കാന്‍ കഴിഞ്ഞില്ല. ട്യൂഷന് സെന്ററിലെ അധ്യാപകനെ സമീപിച്ച് ഞാന്‍ പരാതി പറഞ്ഞു.
അധ്യാപകന് വളരെ ശാന്തനായി എന്നോടു പറഞ്ഞു: “നിനക്കറിയുമോ കുട്ടി, ഇത് വളരെ പ്രശസ്തിയാര്‍ജിച്ച സിനിമാഗാനമാണ്. ഈ രംഗത്ത് അഭിനയിക്കുന്നത് ആരൊക്കെയാണെന്നല്ലേ. അതീവ സുന്ദരനായ പ്രേംനസീറും വളരെ സുന്ദരിയായ ഷീലയുമാണ്. നിന്നെ നോക്കി ഈ പാട്ട് ഒരാള്‍ പാടിയെങ്കില്‍ നീയെത്ര സുന്ദരിയായിരിക്കും.”
ആ സന്ദര്‍ഭത്തില്‍ പ്രശ്നം ലഘൂകരിക്കാന്‍ അധ്യാപകന് ഇങ്ങനെ പറഞ്ഞതാണ്. ഓര്‍മകളില്‍ പക്ഷേ ആ സംഭവം ഇന്നുമുണ്ട്. ശ്രീകുമാരന്‍ തമ്പിയുടെ ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം.... എന്ന ഗാനം എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.”
ഗൃഹാതുരത്വം നിറഞ്ഞ ഈ ഓര്മ പങ്കുവച്ചത് എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാണ രാധ എന്ന പ്രശസ്ത ചലച്ചിത്ര താരമാണ്. ഉദയചന്ദ്രിക എന്ന രാധ. വിഖ്യാത ചലച്ചിത്ര സംവിധായകന് ഭാരതി രാജയാണ് തിരുവനന്തപുരം ജില്ലയിലെ കല്ലറ ഗ്രാമത്തിൽ ജനിച്ചു വളര്‍ന്ന ഉദയചന്ദ്രിക എന്ന പെണ്‍കുട്ടിയെ രാധയാക്കി മാറ്റിയത്. ‘ആര്’ എന്ന് തന്റെ ഭാഗ്യാക്ഷരത്തില് തുടങ്ങുന്ന പേരുകളാണ് ഭാരതി രാജ സ്വന്തം നായികമാര്‍ക്കെല്ലാം നല്‍കിയത്. അതനുസരിച്ച് 1981 ല്‍ പുറത്തുവന്ന അലൈകള്‍ ഓയ്വതില്ലെ എന്ന സിനിമയില്‍ ഉദയചന്ദ്രിക രാധയായി.
കഴിഞ്ഞയാഴ്ച തിരുവനന്തപുരം നഗരത്തില്‍ കമുകറ ഫൗണ്ടേഷന്, ഗാനരചയിതാവും സംവിധായകനും നിര്‍മാതാവുമായ ശ്രീകുമാരന്‍ തമ്പിക്ക് കമുകറ പുരസ്കാരം നല്‍കിയിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണ് ഉദയചന്ദ്രികയായി രാധ വീണ്ടും മാറിയത്. ഒരുപക്ഷേ കാലത്തിന്റെ ഒരു കൗതുകമാകാം ഇത്. വഴിയിൽ നിന്ന് ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന് തന്റെ അന്നത്തെ ‘ഫാന്‍ ബോയ്’ പാടുന്നത് അതുപോലെ രാധ അനുകരിച്ചതും രസകരമായി.
“ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് സിനിമയില്‍ ഭാവം പകരാന്‍ കഴിഞ്ഞിട്ടുമില്ല. എങ്കിലും ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം എന്ന ഗാനത്തിലെ ചന്ദ്രിക ഞാനാണ്” -അല്പം കുറുമ്പോടെ, കുട്ടിത്തത്തോടെ രാധ പറഞ്ഞു.
കല്ലറ സ്കൂളില്‍ യുവജനോത്സവങ്ങളില്‍ പങ്കെടുത്തിരുന്ന വിദ്യാര്‍ഥിനിയായി രാധ മാറുന്നതും കാണാമായിരുന്നു. 1977ല്‍ പുറത്തിറങ്ങിയ വിഷുക്കണിയിലെ ശ്രീകുമാരന്‍ തമ്പിയുടെ മലര്‍ക്കൊടിപോലെ.... എന്ന ഗാനം സ്കൂള്‍ ചടങ്ങുകള്‍ക്ക് പാടിയിരുന്നു. വിഷുക്കണി എന്ന സിനിമയ്ക്കുവേണ്ടി ശ്രീകുമാരന്‍ തമ്പി- സലില്‍ ചൗധരി കൂട്ടുകെട്ടില്‍ പിറന്ന, എസ്. ജാനകി പാടിയ അതേ ഗാനം. ഒരു മാസം വളരെ കഷ്ടപ്പെട്ടു പഠിച്ചാണ് അതു പാടിയിരുന്നത്. ഹൈ പിച്ച് ഒക്കെ വരുമ്പോള്‍ വെള്ളി വീഴുമെങ്കിലും മലര്‍ക്കൊടി പോലെ.... താന്‍ ഒരു വിധം ഭംഗിയായി പാടിയിരുന്നു എന്നും രാധ. “ശ്രീകുമാരന്‍ തമ്പിയുടെ സിനിമകളും ഗാനരംഗങ്ങളും ഇപ്പോള്‍ ഇന്റര്‍നെറ്റിലൂടെ കാണുമ്പോള്‍ എനിക്ക് വലിയ നഷ്ടബോധം തോന്നാറുണ്ട്. അഞ്ചോ, ആറോ മലയാളം സിനിമകളില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. എന്റെ അമ്മ എന്തുകൊണ്ടാണ് കൂടുതല്‍ മലയാളം ചിത്രങ്ങളില്‍ എന്നെ അഭിനയിപ്പിക്കാത്തത് എന്നു ചിന്തിച്ചുപോകും.
ശ്രീകുമാരന്‍ തമ്പി സാറിനോട് അക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് തമിഴ്,തെലുങ്ക് സിനിമ ലോകത്ത് വലിയ പേരു കിട്ടിയല്ലോ എന്നാണ്.
അതേ, മഹാന്മാരായ തമിഴ് തെലുങ്ക് താരങ്ങളോടൊപ്പം അഭിനയിക്കാന്‍ സാധിച്ചത് സിനിമാജീവിതത്തിലെ സുകൃതം തന്നെയാണ്. രണ്ടു തലമുറയിലെ പ്രഗല്ഭ നായകനടന്മാര്ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചു. ഗാനമേഖല എടുത്താല്‍ വൈരമുത്തു, വാലി, ഇളയരാജ തുടങ്ങിയ മഹാപ്രതിഭകളുടെ ഗാനങ്ങളില്‍ അഭിനയിച്ചു...
എന്റെ അനുഭവം പറയുകയാണെങ്കില്‍ ചലച്ചിത്രാസ്വാദകരുടെ മനസില്‍ കൂടുതല്‍ പതിഞ്ഞു കിടക്കുന്നത് അഭിനേതാക്കളുടെ ഗാനരംഗങ്ങളാണ്. എത്ര ആയാസകരമായ വൈകാരിക രംഗങ്ങളില്‍ അഭിനയിച്ചാലും എത്ര അവാര്‍ഡുകള്‍ നേടിയാലും ആരാധകര്‍ നമ്മളെ കാണുമ്പോള്‍ പറയുന്നത് ഗാനരംഗങ്ങളെക്കുറിച്ചാണ്. എന്നോട് പലരും ഞാന്‍ അഭിനയിച്ച മെല്ല തിരന്തത് കദവ് എന്ന സിനിമയിലെ ‘ കുഴലൂതും കണ്ണനിക്കു കുയില്‍ പാടും പാട്ട് കേക്കിതാ... ’എന്ന ഗാനത്തെക്കുറിച്ച് പറയാറുണ്ട്.
1981-1990 കാലഘട്ടത്തിലാണ് ഞാന്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ നായികയായി അഭിനയിച്ചത്.
അക്കാലത്ത് ധാരാളം ഗാനങ്ങള്‍ സിനിമകളിൽ ഉണ്ടായിരുന്നു. ഓരോ സിനിമയിലും അഞ്ചും ആറും പാട്ടുകള്‍ വരെ കാണും. നൃത്തത്തോടുകൂടിയുള്ളതും ധാരാളം. അതുകൊണ്ടുതന്നെ നിരവധി ഗാനരംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചിട്ടുണ്ട്.’
മലയാളി ആരാധകര്‍ ഉള്‍പ്പടെ ഇന്നും രാധയെ കണ്ട ഉടനെ പറയുന്നത് കുഴലൂതും കണ്ണന്ക്കു... എന്ന ഗാനമാണ്. 1986ല്‍ പുറത്തുവന്ന ചിത്രത്തിന്റെ സംവിധായകന് ആര്.സുന്ദര്‍ രാജനാണ്. ഒരിക്കല്‍ കണ്ടാല്‍ മറക്കാന്‍ കഴിയാത്ത ഗാനരംഗം തന്നെയാണിത്.
കെ.എസ്. ചിത്രയാണ് പാടുന്നതെങ്കിലും സിനിമയില്‍ തുളസിയായി വരുന്ന രാധ പാടുന്ന അതേ അനുഭവമാണ്. നീലസാരിയും കുപ്പിവളകളും അണിഞ്ഞ്, തലമുടിയില്‍ മുല്ലപ്പൂക്കളും കനകാംബരവും ചൂടി തനി തമിഴ് പെണ്കുട്ടിയായിട്ടാണ് രാധ ആ രംഗത്ത് അഭിനയിച്ചിട്ടുള്ളത്.
‘കുക്കൂ..’എന്നുള്ള കുയില്‍പാട്ടും നായകനായ മോഹന്‍രാജിന്റെ പുല്ലാംകുഴല്‍ വിളിയും നല്കുന്ന ഗാനാനുഭൂതി അവര്‍ണനീയമാണ്. തമിഴ് സിനിമയിലെ ഏറ്റവും മനോഹര പ്രണയരംഗങ്ങളില്‍ ഒന്നായി വാലി - വൈര മുത്തു കൂട്ടുകെട്ടില്‍ പിറന്ന ഈ ഗാനരംഗത്തെ ചലച്ചിത്രഗാന നിരൂപകന്മാര് വിലയിരുത്തുന്നുണ്ട്.