ഇടുക്കി: ജനവാസമേഖലയിൽ ഭീഷണിയുയർത്തുന്ന ചക്കക്കൊമ്പൻ ആനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള നീക്കങ്ങൾ ഊർജിതമാക്കി. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ പഞ്ചായത്തിലെ ഒന്ന് മുതൽ 12 വരെയുള്ള വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് പ്രദേശത്ത് വിനോദസഞ്ചാരത്തിനും വിലക്കേർപ്പെടുത്തി.
ഡ്രോണുകൾ പറത്തുന്നതിനും നിരോധനമുണ്ട്. ഇടുക്കി ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ചക്കക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിനായി വയനാട്ടിൽനിന്ന് രണ്ട് കുങ്കിയാനകളും 20 അംഗ സംഘവും ചിന്നക്കനാലിലെത്തി. വനവകുപ്പിന്റെ വിവിധ ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള വിക്രം, ഭരത് എന്നീ കുങ്കിയാനകളാണ് ദൗത്യത്തിന്റെ ഭാഗമാകുന്നത്.
ബുധനാഴ്ചയോ വ്യാഴാഴ്ചയോ അനുയോജ്യമായ സ്ഥലം കണ്ടെത്തി ചക്കക്കൊമ്പനെ മയക്കുവെടിവെക്കാനാണ് വനംവകുപ്പിന്റെ നീക്കം. ഇതിനിടെ ചക്കക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. തിങ്കളാഴ്ച പുലർച്ചെ ബി.എൽ. റാം ചുടുകാട് ഭാഗത്താണ് ആനയെത്തിയത്. പ്രദേശത്ത് വ്യാപകമായി കൃഷിനാശവും ഉണ്ടാക്കി.
അതേസമയം ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചശേഷം ചിന്നക്കനാലിൽത്തന്നെ തിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ പ്രദേശത്ത് പ്രതിഷേധവും ശക്തമാണ്. പിടികൂടിയ ആനയെ ഇവിടെ നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.