Movies
'രാമായണ' ബോക്സ് ഓഫീസ് ജൈത്രയാത്ര തുടരുമ്പോൾ, സായി പല്ലവി അവതരിപ്പിച്ച സീതയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകളും സംവാദങ്ങളും നടക്കുകയാണ്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെയും ലുക്കിനെയും കുറിച്ച് അനുകൂലവും പ്രതികൂലവുമായ വിവിധ അഭിപ്രായങ്ങൾ ഉയരുന്നതിനിടയിലാണ് പഴയകാല ഇതിഹാസ ചിത്രങ്ങളുടെ ഓർമകളും ചർച്ചകളിലേക്ക് കടന്നുവരുന്നത്.
ഈ സാഹചര്യത്തിലാണു മുൻനിര നായികയായിരുന്ന ജയപ്രദ തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ ഓർമകൾ പങ്കുവച്ചത്. 1997-ൽ പുറത്തിറങ്ങിയ 'ലവ് കുഷ്' എന്ന ചിത്രത്തിൽ സീതാദേവിയായി ജയപ്രദയാണ് അഭിനയിച്ചത്. ലൊക്കേഷനിൽനിന്നുള്ള ചിത്രവും താരം പങ്കുവച്ചു. വി. മധുസൂദന റാവു ആയിരുന്നു സംവിധാനം.
ജയപ്രദയുടെ സോഷ്യൽ മീഡിയ പോസ്റ്റ് പുറത്തുവന്നതോടെ വലിയ ആവേശത്തോടെയാണ് ആരാധകർ പ്രതികരിച്ചത്. സായി പല്ലവിയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്നതിനിടയിൽ, ജയപ്രദയെ 'എക്കാലത്തെയും മികച്ച സീത' എന്നു വിശേഷിപ്പിച്ചു നിരവധി പേരാണു രംഗത്തെത്തിയത്. 'സീതാ കല്യാണം', 'ലവ് കുഷ്' തുടങ്ങിയ ചിത്രങ്ങളിലൂടെ സീതാദേവിയുടെ കഥാപാത്രത്തിനു സമാനതകളില്ലാത്ത പ്രൗഢിയും ഭക്തിയും നൽകാൻ ജയപ്രദയ്ക്കു കഴിഞ്ഞിട്ടുണ്ടെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
Movies
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (എംസിയു) 'അവേഞ്ചേഴ്സ്: ഡൂംസ്ഡേ' സിനിമയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ പങ്കുവച്ച് കെവിൻ ഫെയ്ജ്. ചിത്രത്തിൽ ചാനിംഗ് ടാറ്റം അവതരിപ്പിക്കുന്ന 'ഗാംബിറ്റ്' എന്ന കഥാപാത്രം പൂർണമായും തമാശക്കാരനല്ലെന്നും മികച്ച കഥാപാത്രമായിരിക്കുമെന്നും ഫെയ്ജ് വ്യക്തമാക്കി.
2024-ൽ പുറത്തിറങ്ങിയ 'ഡെഡ്പൂൾ ആൻഡ് വോൾവറിൻ' എന്ന ചിത്രത്തിലൂടെയാണ് ചാനിംഗ് ടാറ്റം ആദ്യമായി എംസിയുവിൽ എത്തുന്നത്. കഥാപാത്രം ഏറെ ജനപ്രീതി നേടുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തിരുന്നു. എന്നാൽ 'അവേഞ്ചേഴ്സ്: ഡൂംസ്ഡേ'യിൽ എത്തുമ്പോൾ ഗാംബിറ്റിന്റെ റോൾ കൂടുതൽ ഗൗരവമുള്ളതും കൃത്യമായ വ്യക്തിത്വമുള്ളതുമായിരിക്കുമെന്നാണ് കെവിൻ ഫെയ്ജ് നൽകുന്ന സൂചന.
യഥാർഥ എക്സ്-മെൻ കഥാപാത്രങ്ങളെയും അവേഞ്ചേഴ്സിനെയും ഒരുമിച്ച് അണിനിരത്തുന്ന ഈ ചിത്രം മാർവലിന്റെ ഇതുവരെയുള്ള വലിയ ചുവടുവയ്പുകളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. വരാനിരിക്കുന്ന ചിത്രത്തിൽ ചാനിംഗ് ടാറ്റത്തിന്റെ ഗാംബിറ്റ് വെറുമൊരു അതിഥി വേഷം എന്നതിലുപരി സിനിമയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന കഥാപാത്രമായി മാറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഡിസംബർ 18-ന് ആഗോള റിലീസായി ചിത്രം തിയറ്ററുകളിൽ എത്തും.
Movies
'സീനി'ൽ സൂര്യയുടെ വില്ലനായെത്തിയ യുവതാരം നസ്ലന്റെ പ്രകടനത്തെയും അഭിനയ മികവിനെയും പ്രശംസിച്ച് ചിത്രത്തിന്റെ സ്റ്റണ്ട് ഡയറക്ടർ ചേതൻ ഡിസൂസ. തികച്ചും സ്വാഭാവികമായ പ്രതിഭയുള്ള നടനാണ് നസ്ലൻ എന്നും, അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞത് വലിയ സന്തോഷമാണെന്നും ചേതൻ അഭിപ്രായപ്പെട്ടു.
നസ്ലന്റെ കരിയറിലെ വളർച്ചയും 'സീനി'ലെ പ്രകടനവും തന്നെ വിസ്മയിപ്പിച്ചു. ഭാവിയിൽ സൂപ്പർസ്റ്റാർ ആകാൻ എല്ലാ യോഗ്യതയുമുള്ള താരമാണ് നസ്ലനെന്നും ചേതൻ അഭിപ്രായപ്പെട്ടു. താരത്തെ ആശംസിക്കാനും ചേതൻ മറന്നില്ല.
സൂര്യയും നസ്ലനും പ്രധാന വേഷങ്ങളിൽ എത്തിയ 'സീൻ' തിയേറ്ററുകളിൽ വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ നസ്ലന്റെ ഗെറ്റപ്പും പ്രകടനവും പ്രേക്ഷകശ്രദ്ധ നേടിയതോടൊപ്പം, പ്രമുഖ സംവിധായകനായ അറ്റ്ലി ഉൾപ്പെടെയുള്ളവരും നസ്ലനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
Movies
ബോളിവുഡ് താരം കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമാകുന്ന 'സ്കേറി പിക്ചറി'ന്റെ ടൈറ്റിൽ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഡൽഹിയിൽ നടന്ന 'ഹൊറർകോൺ ഇന്ത്യ' ഇവന്റിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം. 'ഒരു പുതിയ പേടിസ്വപ്നം ചുരുളഴിയാൻ പോകുന്നു'- എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവച്ചത്. കടുംചുവപ്പ് നിറത്തിലുള്ള വലിയ അക്ഷരങ്ങളിലാണ് പോസ്റ്ററിൽ സിനിമയുടെ പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് 2027-ൽ ഉണ്ടാകുമെന്നാണു സൂചന.
പ്രമുഖ തെലുങ്ക് ചലച്ചിത്രകാരനായ രവി ബാബുവാണു സംവിധായകൻ. തെലുങ്കിലെ പ്രശസ്തനായ സംവിധായകനും നടനുമായ രവി ബാബുവിന്റെ ബോളിവുഡ് അരങ്ങേറ്റമാണിത്. ശ്രദ്ധേയമായ ഹൊറർ-ത്രില്ലർ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് അദ്ദേഹം.
സുരേഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി. സുരേഷ് ബാബുവും, രവി ബാബുവിന്റെ സ്വന്തം ബാനറായ ഫ്ളൈയിംഗ് ഫ്രോഗ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നേരത്തെ 'രാസ്: ദി മിസ്ട്രി കണ്ടിന്യൂസ്', 'ചന്ദ്രമുഖി 2' തുടങ്ങിയ ഹൊറർ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കങ്കണ റണാവത്ത് വീണ്ടും ഭീതിയുടെ ലോകത്തേക്കു തിരിച്ചെത്തുകയാണ്.
Movies
ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മാർവലിന്റെ ബ്രഹ്മാണ്ഡ ചിത്രം 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യുമായി ബന്ധപ്പെട്ടു കൗതുകകരമായ വാർത്ത പുറത്തുവന്നു. റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്കയുടെ ഔദ്യോഗിക ഡയറക്ടറിയിലാണു ചിത്രത്തിനു പത്തു തിരക്കഥാകൃത്തുക്കളുണ്ടെന്ന വിവരം ഉൾപ്പെടുത്തിയിട്ടുള്ളത്.
എഴുത്തുകാരുടെ സംഘത്തിൽ ഹോളിവുഡ് താരങ്ങളായ റയാൻ റെനോൾഡ്സും , ഹ്യൂ ജാക്ക്മാനും ഉൾപ്പെട്ടിരിക്കുന്നത് ആരാധകരിൽ വലിയ ചർച്ചയായി. ചിത്രത്തിന്റെ പ്രധാന തിരക്കഥാകൃത്തുക്കൾ സ്റ്റീഫൻ മക്ഫീലി, മൈക്കൽ വാൽഡ്രൺ എന്നിവരാണ്. എന്നാൽ, 'അഡിഷണൽ ലിറ്റററി മെറ്റീരിയൽ' വിഭാഗത്തിലാണു റെനോൾഡ്സിന്റെയും ജാക്ക്മാന്റെയും പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഡെഡ്പൂൾ, വുൾവെറിൻ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ലോകമെമ്പാടുമുള്ള ആരാധകരെ നേടിയെടുത്ത താരങ്ങൾ 'അവഞ്ചേഴ്സ്: ഡൂംസ്ഡേ'യിലും എത്തുന്നുണ്ടെന്നതിന്റെ സൂചനയായാണിത്. റൂസോ സഹോദരന്മാരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഡിസംബർ 18-ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും.
Movies
ക്ലാസിക് സംവിധായകൻ മണിരത്നം ഒരുക്കുന്ന റൊമാന്റിക് ചിത്രം 'ഇഞ്ചി വെള്ളം' അടുത്തവർഷം ജനുവരി 29-ന് തിയറ്ററുകളിൽ എത്തും. വിജയ് സേതുപതിയും സായ് പല്ലവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആഗോള റിലീസായി തിയറ്ററുകളിലെത്തിക്കാനാണു നിർമാതാക്കൾ പദ്ധതിയിടുന്നത്.
കന്നഡതാരം ചൈത്ര ജെ ആച്ചറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മണിരത്നം ഏറെക്കാലത്തിനുശേഷമാണ് റൊമാന്റിക് ചിത്രം ഒരുക്കുന്നത്. എ.ആർ. റഹ്മാനാണു സംഗീതം. എവിക് മുഖോപാധ്യായ് ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ളിക്സും മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കും സ്വന്തമാക്കി.
Movies
തമിഴകത്തിന്റെ പ്രിയതാരം സൂര്യ നായകനായെത്തിയ 'സീൻ' ബോക്സ് ഓഫീസിൽ 200 കോടി പിന്നിട്ടു. ഈ നേട്ടത്തോടെ തമിഴ് സിനിമാചരിത്രത്തിൽ പുതിയൊരു റിക്കാർഡാണ് സൂര്യ സ്വന്തമാക്കിയത്. 2026-ൽ റിലീസ് ചെയ്ത കറുപ്പ്, വിശ്വനാഥൻ ആൻഡ് സൺസ് എന്നീ ചിത്രങ്ങൾക്കു പിന്നാലെ സീനും 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചതോടെ, ഒരു വർഷം 200 കോടിയിലേറെ കളക്ഷൻ നേടുന്ന മൂന്നു ചിത്രങ്ങൾ സമ്മാനിക്കുന്ന ആദ്യത്തെ തമിഴ് നടൻ എന്ന ചരിത്രനേട്ടമാണ് സൂര്യ കൈവരിച്ചിരിക്കുന്നത്.
ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ നസ്രിയ നസീം, നസ്ലൻ എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു. സുഷിൻ ശ്യാമിന്റേതാണു സംഗീതം. സൂര്യയും ജ്യോതികയും ചേർന്നാണു ചിത്രം നിർമിച്ചത്.
അതേസമയം, റിലീസിനു തൊട്ടുമുമ്പു സിനിമയിലെ നിർണായക കഥാസന്ദർഭങ്ങൾ ചോർന്നതു തന്നിൽ വലിയ ആശങ്കയുളവാക്കിയെന്ന് ജിത്തു പറഞ്ഞിരുന്നു. ഇത് സിനിമയുടെ തിയേറ്റർ അനുഭവത്തെയും സസ്പെൻസിനെയും ബാധിക്കുമോയെന്ന് അണിയറപ്രവർത്തകർ ഭയന്നിരുന്നു. എന്നാൽ അത്തരം ആശങ്കകളെല്ലാം കാറ്റിൽപ്പറത്തിയാണു സൂര്യയുടെ 'സീൻ' ബോക്സ് ഓഫീസ് കുതിപ്പുതുടരുന്നത്.
Movies
തമിഴകത്തിന്റെ പ്രിയതാരം സൂര്യ നായകനായെത്തിയ 'സീൻ' ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു. റിലീസ് ചെയ്തു ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്ന് 100 കോടിയിലേറെ കളക്ഷൻ വാരിക്കൂട്ടി. ചരിത്ര വിജയത്തിനു പിന്നാലെ സൂര്യയുടെ ഭാര്യയും നടിയുമായ ജ്യോതിക പ്രേക്ഷകരോടുള്ള നന്ദി അറിയിച്ച് രംഗത്തെത്തി.
'മനസ് നന്ദികൊണ്ടു നിറഞ്ഞിരിക്കുന്നു. ഭാഷയ്ക്കും അതിരുകൾക്കും അതീതമായി 'സീൻ' സിനിമയ്ക്കു നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ഞങ്ങൾ ഹൃദയത്തോടു ചേർത്തുവയ്ക്കുന്നു. എല്ലാ പ്രേക്ഷകർക്കും നന്ദി. നിങ്ങളുടെ സ്നേഹമാണ് പുതിയ പരീക്ഷണങ്ങൾക്കുള്ള ധൈര്യം. എന്നും കടപ്പെട്ടിരിക്കുന്നു...' താരങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ക്രൈം കോമഡി ചിത്രമായ 'സീൻ' സംവിധാനം ചെയ്തത് ജിത്തു മാധവനാണ്. ചിത്രത്തിൽ ഇൻബരാജ് എന്ന പൊലിസ് ഉദ്യോഗസ്ഥനായാണ് സൂര്യയെത്തുന്നത്. ഒപ്പം നസ്രിയ നസീം, നസ്ലൻ എന്നിവരും വെള്ളിത്തിരയിലുണ്ട്. വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ജ്യോതികയുടെ സർപ്രൈസ് കാമിയോ വേഷവും പ്രേക്ഷകർക്കു വലിയ ആവേശമായി.
Movies
ഏതൊരു നടിയും ആഗ്രഹിക്കുന്ന മികച്ച സംവിധായകനാണ് രാജ്കുമാർ പെരിയസാമിയെന്ന് സായി പല്ലവി. കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവയെ കൃത്യതയോടെ രൂപപ്പെടുത്താൻ അദ്ദേഹത്തിനു പ്രത്യേക മികവുണ്ട്. അഭിനേതാക്കളിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന്റെ മേക്കിംഗ് രീതി സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
ധനുഷും മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഓം' എന്ന പുതിയ ചിത്രമാണു സായി പല്ലവിയുടേതായി പുറത്തിറങ്ങാനുള്ളത്. ഈ ആഴ്ച റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രം 'രാമായണ' ആഗോളതരംഗമായി മാറിയിരിക്കുകയാണ്. 'ഓം' എന്ന ചിത്രത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷമാണു താരം കൈകര്യം ചെയ്യുന്നത്. ശക്തമായ പൊലിസ് കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് ഏറ്റവും വലിയ പ്രചോദനവും പിന്തുണയും നൽകിയതു സംവിധായകനാണെന്നും താരം വെളിപ്പെടുത്തി.
ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം 'അമരനു' ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ഓം'.
Movies
'ഓം' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചടങ്ങിൽ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു തുറന്നുപറഞ്ഞു സൂപ്പർതാരം ധനുഷ്. തന്നെ കേന്ദ്രീകരിച്ച് എന്തൊക്കെയൊ ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ടെന്നും എന്നാൽ അതിലൊന്നും ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും താരം വ്യക്തമാക്കി. 'ദൈവമാണ് എന്റെ ജീവിതത്തെ നയിക്കുന്നത്... സാധാരണക്കാർ എന്റെ ഒപ്പമുണ്ട്. ജനങ്ങളാണ് എന്റെ ശക്തി...' ധനുഷ് പറഞ്ഞു.
ചടങ്ങിനിടയിൽ തന്റെ അടുത്ത പ്രോജക്റ്റിനെക്കുറിച്ചും ധനുഷ് സൂചന നൽകി. 'ലബ്ബർ പന്ത്' സംവിധായകൻ പച്ചമുത്തുവിനൊപ്പമുള്ള 'ഡി56' ചിത്രത്തിനായി താൻ ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആരാധകർ തങ്ങളിൽനിന്ന് എന്താണോ പ്രതീക്ഷിക്കുന്നത്, അതിന്റെ സമ്പൂർണമായ വിരുന്നായിരിക്കും ചിത്രമെന്നും ധനുഷ് കൂട്ടിച്ചേർത്തു.
രാജ്കുമാർ പെരിയസാമിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഓം' നവംബർ ഇരുപതിനു തിയേറ്ററുകളിലെത്തും.
Movies
ബോക്സോഫീസിൽ ചരിത്രമെഴുതി രൺബീർ കപുറിന്റെ 'രാമായണ'. റിലീസ് ചെയ്ത ആദ്യ ദിവസംതന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം, രൺബീർ കപുറിന്റെ കരിയറിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ഓപ്പണിങ് ചിത്രമായി മാറി. ഹിന്ദി ബോക്സോഫീസിൽ മാത്രം ആദ്യദിനം ഏകദേശം 45 കോടി രൂപ നെറ്റ് കളക്ഷൻ നേടാൻ ചിത്രത്തിനു സാധിച്ചു. റിലീസിനു മുൻപ് തന്നെ വലിയ ഹൈപ്പിലത്തിയ ചിത്രം ആരാധകരുടെ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള പ്രകടനമാണു കാഴ്ചവയ്ക്കുന്നത്
സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'അനിമൽ' 51 കോടി രൂപയുടെ ആദ്യദിന കളക്ഷനുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്. രാമായണ - 45 കോടി, സഞ്ജു - 34.75 കോടി, ബ്രഹ്മാസ്ത്ര - 31.50 കോടി, ബേഷറം - 21.50 കോടി എന്നിവയാണു ഹിന്ദി ബോക്സോഫീസിലെ രൺബീറിന്റെ ടോപ്പ് ഓപ്പണിംഗ് ചിത്രങ്ങൾ.
താരങ്ങളുടെ പ്രകടനത്തിനൊപ്പം ഗ്രാഫിക്സിനും വിഷ്വൽ ഇഫക്റ്റിനും മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
Movies
ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനും സംവിധായകൻ അറ്റ്ലിയും വീണ്ടും ഒരുമിക്കുന്നുവെന്നു റിപ്പോർട്ട്. 'ജവാൻ' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഇരുവരും ഒന്നുകൂടി കൈകോർക്കുന്നുവെന്നാണ് ബി ടൗണിൽനിന്നുള്ള വാർത്തകൾ.
പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ അറ്റ്ലി അയച്ച സന്ദേശത്തിനു മറുപടിയായാണ് ഷാരൂഖ് ഖാൻ തന്റെ ആഗ്രഹം തുറന്നുപറഞ്ഞത്. ഷാരൂഖിന്റെ വരാനിരിക്കുന്ന ചിത്രമായ 'കിംഗ്'-ലെ 'തു മിൽ ജായേ' എന്ന ഗാനത്തെ അഭിനന്ദിച്ചും, ഷാരൂഖ് തന്റെ വലിയ പ്രചോദനമാണെന്നും ഗുരുതുല്യനാണെന്നും വിശേഷിപ്പിച്ചായിരുന്നു അറ്റ്ലി ആശംസകൾ അറിയിച്ചത്.
മറുപടിയായി, 'എന്റെ ജവാൻ ക്യാപ്റ്റനു നന്ദി. നമ്മുടെ സെറ്റുകളിലെ ആവേശം മിസ് ചെയ്യുന്നുണ്ട്. വൈകാതെ വീണ്ടും ചിലതു സൃഷ്ടിക്കാം, സ്നേഹം...' എന്ന് ഷാരൂഖ് ഖാൻ കുറിച്ചു.
ബോളിവുഡ് ബോക്സോഫീസിൽ സർവകാല റെക്കോർഡുകൾ തിരുത്തിക്കുറിച്ച 'ജവാൻ' ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നാണ്. ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
Movies
തലൈവർ രജനികാന്തിന്റെ മാസ് ചിത്രം 'ജയിലർ 2' ഒടിടി റിലീസിന് ഒരുങ്ങുന്നു. ബോക്സ്ഓഫീസ് കീഴടക്കി ആഗോള ജൈത്രയാത്ര തുടരുമ്പോഴാണു ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപനം. ആമസോൺ പ്രൈം വീഡിയോയിൽ നവംബർ 12 മുതൽ കാണാം.
തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണു ലോകമെന്പാടും സ്ട്രീമിംഗ്. ബോക്സ് ഓഫീസിൽ 900 കോടിയോളം രൂപ വാരിക്കൂട്ടിയ ശേഷമാണു ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് എത്തുന്നത്.
Movies
പ്രശസ്ത നടൻ കലാഭവൻ ഷാജോണിനു ഗൾഫ് പ്രോഗ്രാമിനിടെ പറ്റിയ അബദ്ധം തുറന്നുപറയുകയാണു നടൻ കലാഭവൻ പ്രജോദ്. സഹതാരങ്ങളെല്ലാം 'പുലിവാൽ പിടിച്ചല്ലോ ദൈവമേ...' എന്ന് ആവലാതിപ്പെട്ട് കുവൈറ്റ് വിമാനത്താവളത്തിൽ നിൽക്കുന്പോൾ, ഒരിക്കലും പ്രതീക്ഷിക്കാത്ത പൊട്ടിച്ചിരിയായി ക്ലൈമാക്സ് മാറുകയായിരുന്നു.
പ്രജോദിന്റെ വാക്കുകൾ:
നമ്മുടെ നാട്ടിൽ ഗൾഫുകാരോടും കലാകാരന്മാരോടും സാധാരണ ചോദിക്കുന്ന ചോദ്യങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ല. ’’ എപ്പോ വന്നു... എപ്പഴാ പോകുന്നേ...’’ ഇതു ഗൾഫ് മലയാളിയുടെ തലയിലെഴുത്ത്.
’’ ഇപ്പോ ടിവിയിലൊന്നും കാണാനില്ലല്ലോ... പരിപാടിയൊന്നും ഇല്ല അല്ലേ..? ’’ ഇതു കലാകാരന്മരോട് പൊതുവേയുള്ള ചോദ്യം.
അതുപോലെ, നെറ്റിയിലേക്കു വീണുകിടക്കുന്ന എന്റെ മുടി കണ്ടു പലരും ചോദിക്കാറുണ്ട്, ’’ഓ ഇത് വിഗ്ഗാ അല്ലേ...’’. അല്ല, എന്ന് മറുപടി പറഞ്ഞാലും ചിലർ ബലമായി ഒന്നു പിടിച്ചുനോക്കും. അതൊക്കെ കലാകാരന്മാരോടുള്ള സമൂഹത്തിന്റെ സ്നേഹപൂർവമുള്ള സ്വാതന്ത്ര്യമെടുക്കലായിട്ടേ ഞാൻ കരുതിയിട്ടുള്ളൂ.
ഒരിക്കൽ, ഞങ്ങളുടെ അസോസിയേഷൻ മീറ്റിങ് നടക്കുന്നു. വിഗ്ഗ് വച്ച കലാകാരന്മാരെല്ലാം മുൻനിരയിൽ ഒരുമിച്ചാണിരുപ്പ്. ആരോ ചോദിച്ചപ്പോൾ കോട്ടയം നസീർ പറഞ്ഞു ’’ ഞങ്ങൾ ’ടോപ്പ്’ ആർട്ടിസ്റ്റുകളൊക്കെ ഒരുമിച്ചേ ഇരിക്കൂ...’’ നസീറിക്ക ’ടോപ്പ്’ എന്ന് ഉദ്ദേശിച്ചത് വിഗ്ഗിനെയാണ്.
ക്രിക്കറ്റിൽ സച്ചിൻ ടെൻഡുൽക്കറുടെ പിൻഗാമി വിരാട് കോഹ്ലി ആണെങ്കിൽ വിഗ്ഗിന്റെ കാര്യത്തിൽ നസീറിക്കയുടെ പിൻഗാമി കലാഭവൻ ഷാജോണ് ആണ്. സിനിമയിൽ ഷാജോണ് വിഗ്ഗ് വച്ചും കഷണ്ടിയായിട്ടും അഭിനയിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ഷാജോണ് വിഗ്ഗ് വച്ചിട്ടുണ്ടെന്ന് ആരും പറയില്ല. യാഥർഥ മുടിയാണെന്നേ തോന്നൂ. വിഗ്ഗ് നന്നായി വൃത്തിയാക്കി വയ്ക്കുകയും ചെയ്യും.
ചിലർ വിഗ്ഗ് എന്ന പേരിൽ തലയിൽ വച്ചിരിക്കുന്നത് കണ്ടാൽ ചകിരി കളർ ചെയ്ത് കെട്ടിത്തൂക്കിയ പോലെ തോന്നും. ചിലർക്ക് തലയുടെ മുൻവശത്ത് മുടി ഉണ്ടാകില്ല. ചിലർ തലയുടെ പിൻഭാഗത്ത് നീളത്തിൽ മുടി വളർത്തിയിട്ടുണ്ടാകും. പിന്നിലേക്ക് നീണ്ടുകിടക്കുന്ന മുടി ചീകി മുന്നിലേക്കിട്ട് കഷണ്ടി മറയ്ക്കുന്ന വിദ്യ ഒന്നു കാണേണ്ടതുതന്നെയാണ്. പെണ്കുട്ടികൾക്ക് പൊതുവേ നീളമുള്ള മുടി അഴകുതന്നെയാണ്. എന്നാൽ, തിരുപ്പൻ പ്രയോഗമൊക്ക പഴങ്കഥയായി മാറിക്കഴിഞ്ഞു.
Movies
റോം ചലച്ചിത്രമേളയിൽ, യുഎസ് താരം കിം കർദാഷ്യന്റെ ഗ്ലാമറസ് ലുക്ക് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. പാർക്കോ ഡെല്ല മ്യൂസിക്കിൽ നടന്ന 21-ാമത് ചലച്ചിത്രമേളയിലാണ് കിം തന്റെ 'ഓൾസ് ഫെയർ' വേൾഡ് പ്രീമിയറിനായി എത്തിയത്.
Movies
ടൊവിനോ തോമസിന്റെ റൊമാന്റിക് ഫാന്റസി ചിത്രം 'മുമ്പേ'യുടെ ചിത്രീകരണം പൂർത്തിയായി. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു നവാഗതയായ ടീന തോമസാണു തിരക്കഥ ഒരുക്കിയത്. മേഘനാ മനോജാണ് ടൊവിനോയുടെ നായിക. വിനയ് ഫോർട്ട്, കിരൺ പീതാംബരൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
വ്യത്യസ്തവും തീവ്രവുമായ ഫാന്റസി പ്രണയകഥയാണ് 'മുമ്പേ' എന്ന് ടൊവിനോ തോമസ് നേരത്തെ വിശേഷിപ്പിച്ചിരുന്നു. കോസ്മിക് വോംഹോളിൽ നിൽക്കുന്ന ടൊവിനോയുടെയും അതിലേക്ക് വീഴുന്ന യുവതിയുടെയും മോഷൻ പോസ്റ്റർ 2024-ൽ പുറത്തിറങ്ങിയപ്പോൾ തന്നെ ശ്രദ്ധ നേടിയിരുന്നു. 'നഷ്ടപ്പെട്ടവളെ തിരികെ പിടിക്കാൻ നിങ്ങൾ എത്ര ദൂരം പോകും?' എന്ന ക്യാപ്ഷൻ കാലഘട്ടങ്ങളെ അതിജീവിക്കുന്ന പ്രണയകഥയാണെന്ന സൂചനയാണു നൽകുന്നത്.
ടൊവിനോ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടൊവിനോയും സഹോദരൻ ടിംഗ്സ്റ്റൺ തോമസും പനോരമ സ്റ്റുഡിയോസും ഡോൾവിൻ കുര്യാക്കോസിന്റെ തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Movies
ബോളിവുഡ് താരം ഹർഷവർധൻ റാണെ നായകനാകുന്ന 'സിലാ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് തിയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രണയവും പ്രതികാരവും പ്രമേയമാകുന്ന ചിത്രം 2027 ഫെബ്രുവരി അഞ്ചിനു തിയറ്ററുകളിലെത്തും. സീ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമാണം.
'ഷികാര'യിലൂടെ ശ്രദ്ധേയയായ സാദിയ ആണ് നായിക. കാഷ്മീരിന്റെയും വിയറ്റ്നാമിന്റെയും മനോഹരമായ പശ്ചാത്തലത്തിലാണു ചിത്രം ഒരുക്കിയിരിക്കുന്നത്. കരണ്വീർ മെഹ്റ, ഇപ്സിത എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
'മേരി കോം', 'സർബ്ജിത്', 'പി.എം. നരേന്ദ്ര മോദി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓമുംഗ് കുമാറാണു ചിത്രത്തിന്റെ സംവിധായകൻ.
Movies
ആഗോള ബോക്സ്ഓഫീസ് തരംഗമായ സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം 'ജയിലർ 2'-വിനെ പ്രശംസിച്ച് ടോളിവുഡ് താരം അല്ലു അർജുൻ. ഒക്ടോബർ 15-ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ആഗോളതലത്തിൽ 600 കോടിയിലേറെ കളക്ഷൻ നേടി തിയേറ്ററുകളിൽ കുതിപ്പുതുടരുകയാണ്.
ഇതിനിടയിലാണു രജനികാന്തിനെയും ചിത്രത്തെയും പ്രശംസിച്ച് അല്ലു അർജുൻ രംഗത്തെത്തിയത്.
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് അല്ലു ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായം പങ്കുവച്ചത്: 'സ്റ്റാർ പവറിന്റെയും സ്റ്റൈലിന്റെയും യഥാർഥ പ്രകടനമാണു ചിത്രം! പ്രേക്ഷകരിൽ ആവേശം നിറയ്ക്കുന്ന കംപ്ലീറ്റ് എന്റർടൈനർ.'
ചിത്രത്തിന്റെ സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദറിനെ 'സഹോദരൻ' എന്നു വിശേഷിപ്പിച്ച താരം, ഗാനങ്ങൾ മനോഹരമെന്നും അഭിപ്രായപ്പെട്ടു: 'ആർട്ടിസ്റ്റുകളും ടെക്നിഷ്യന്മാരും നിർമാതാക്കളും തങ്ങളുടെ പൂർണ സമർപ്പണമാണു നടത്തിയത്. നെൽസൺ മറ്റൊരു ഹിറ്റ് കൂടി സമ്മാനിച്ചിരിക്കുന്നു.'
രജനികാന്തിന്റെ ആരാധകനായ അല്ലു അർജുൻ തനിക്ക് കോളിവുഡുമായുള്ള ബന്ധം മുമ്പും പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ബോക്സ്ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ചു മുന്നേറുന്ന ചിത്രത്തിനു സിനിമാലോകത്തുനിന്നു മികച്ച പ്രതികരണങ്ങളാണു ലഭിച്ചുകൊണ്ടിരിക്കുന്നത്.
Movies
ബോളിവുഡ് താരം രാധിക ആപ്തെയും മലയാളിതാരം കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തുന്ന ക്രൈം പരമ്പര 'അക്ക'യുടെ ട്രെയിലർ ഏറ്റെടുത്ത് ആരാധകർ. യാഷ് രാജ് ഫിലിംസിന്റെ ഒടിടി വിഭാഗമായ വൈആർഎഫ് എന്റർടൈൻമെന്റ്സ് നിർമിക്കുന്ന പരമ്പര ഒക്ടോബർ 30-ന് നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്കെത്തും. ഭവാനി (കീർത്തി സുരേഷ്), രുദ്ര (രാധിക ആപ്തെ) എന്നീ ശക്തരായ രണ്ടു സ്ത്രീകൾ തമ്മിലുള്ള കടുത്ത മത്സരമാണു പരമ്പരയുടെ ഇതിവൃത്തം.
വ്യത്യസ്ത ആഗ്രഹങ്ങളും കാഴ്ചപ്പാടുകളുമുള്ള ഇവർ തമ്മിലുള്ള ശത്രുത നിലവിലുള്ള അധികാര സമവാക്യങ്ങളെ തകിടം മറിക്കുന്നു. കുടുംബബന്ധങ്ങൾ, അധികാരം, പക എന്നിവയെല്ലാം പരന്പരയ്ക്ക് ഇതിവൃത്തമാകുന്നു. പെരുനൂർ എന്ന സാങ്കൽപ്പിക ലോകവും അവിടത്തെ ശക്തരായ കുടുംബങ്ങളും പശ്ചാത്തലമാക്കിയാണു പരമ്പര ഒരുക്കിയിരിക്കുന്നത്. പെരുനൂരിന്റെ പരമ്പരാഗത ഭരണത്തെ പുറത്തുനിന്നൊരാൾ ചോദ്യം ചെയ്യുമ്പോൾ ഉടലെടുക്കുന്ന സംഘർഷങ്ങളും വിശ്വാസവഞ്ചനകളുമാണ് ട്രെയിലറിൽ കാണിക്കുന്നത്. തൻവി ആസ്മി, മഹേഷ് മഞ്ജരേക്കർ, അൻഷുമാൻ പുഷ്കർ, മോണിക്ക പൻവാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളാകുന്നു.
പരമ്പരയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ധർമരാജ് ഷെട്ടിയാണ്.