പ്രശസ്ത ഫാന്റസി വെബ് സീരീസായ 'ദി ലോർഡ് ഓഫ് ദി റിംഗ്സ്: ദി റിംഗ്സ് ഓഫ് പവർ' നാലാം സീസണിലേക്കു നീട്ടുമെന്ന് ആമസോൺ പ്രൈം വീഡിയോ. മൂന്നാം സീസണിന്റെ ഫൈനൽ എപ്പിസോഡുകൾ പുറത്തുവരുന്നതിനോടനുബന്ധിച്ചാണ് സീരീസിന്റെ തുടർച്ച സംബന്ധിച്ച സ്ഥിരീകരണം പുറത്തുവന്നത്.
നാലാം സീസണിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നിലവിൽ പുരോഗമിക്കുകയാണ്. യുകെയിലെ ഷെപ്പർട്ടൺ സ്റ്റുഡിയോയിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഷോ റണ്ണർമാരായ ജെ.ഡി. പെയ്നും പാട്രിക് മക്കേയും നിലവിലുള്ള ക്രിയേറ്റീവ് ടീമിനൊപ്പം നാലാം സീസണിലും തുടരും.
പ്രൈം വീഡിയോയെ നിർവചിക്കുന്ന പ്രധാന സീരീസുകളിലൊന്നായി 'ദി റിംഗ്സ് ഓഫ് പവർ' മാറിക്കഴിഞ്ഞുവെന്ന് ആമസോൺ എംജിഎം സ്റ്റുഡിയോസിന്റെ ഗ്ലോബൽ ടെലിവിഷൻ വിഭാഗം തലവൻ പീറ്റർ ഫ്രീഡ്ലാൻഡർ വ്യക്തമാക്കി.
നവംബർ 11-ന് സ്ട്രീമിംഗ് ആരംഭിച്ച മൂന്നാം സീസണിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ 12 ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി 33 ദശലക്ഷത്തിലധികം കാഴ്ചക്കാരെ സീസൺ 3 നേടി. ജെ.ആർ.ആർ. ടോൾകീന്റെ കൃതികളെ ആസ്പദമാക്കിയാണ് സീരീസ് ഒരുക്കുന്നത്. മോർഫിഡ് ക്ലാർക്ക്, ചാർളി വിക്കേഴ്സ്, റോബർട്ട് അരമായോ, മാർക്കല്ല കാവനാഗ് എന്നിവരടങ്ങുന്ന വലിയ താരനിരയാണ് സീരീസിൽ അണിനിരക്കുന്നത്.