ഫഹദ് ഫാസിലും, 96, മെയ്യഴകൻ എന്നീ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനുമായ സി. പ്രേംകുമാറും ഒന്നിക്കുന്നു. ഉദ്വേഗം നിറയ്ക്കുന്ന ടൈറ്റിൽ അനൗൺസ്മെന്റ് വിഡിയോയിലൂടെയാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 'അശരീരി' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. 2027- ജനുവരി ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.
ഗ്രീൻ ലൈനുകള്‍ നിറഞ്ഞ മൊബൈൽ ഡിസ്പ്ലേ, അൺനോൺ നമ്പറിൽ നിന്നെത്തുന്നൊരു ഫോൺകോള്‍, കട്ടത്താടിയുമായുള്ള ഫഹദിന്റെ അവ്യക്തമായ രൂപം എന്നിവയാണ് ടൈറ്റിൽ വീഡിയോയിൽ കാണിച്ചിരിക്കുന്നത്.
'96', 'മെയ്യഴകൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രേംകുമാർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയോടെയാണ് സിനിമാ ലോകം ഈ പ്രോജക്റ്റിനെ നോക്കിക്കാണുന്നത്.
വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ.ഇഷാരി കെ ഗണേഷ്, മൺസൂൺ മൂവീസുമായാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. ഭാവന റിലീസ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കും. ഏറെ പ്രേക്ഷകശ്രദ്ധയാർജിച്ച ഹൃദയസ്പർശിയായ ഫീൽഗുഡ് ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രേംകുമാറിന്റെ പുതിയ ചിത്രം പക്ഷേ അദ്ദേഹം ഇതുവരെ ചെയ്യാത്തൊരു ജോണറിലാണെന്നാണ് ടൈറ്റിൽ വിഡിയോ നൽകുന്ന സൂചന.
ശിവദ, ചേതൻ, ഗീത, ഹരീഷ് ഉത്തമൻ, കരുണാകരൻ, ശരൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സംഗീതം: ഗോവിന്ദ് വസന്ത, ഛായാഗ്രഹണം: മഹേന്ദിരൻ ജയരാജു, എഡിറ്റിംഗ്: ആർ. ഗോവിന്ദരാജ്, ആക്ഷൻ: മഹേഷ് മാത്യു, പ്രൊഡക്ഷൻ ഡിസൈൻ: കുമാർ ഗംഗപ്പൻ, തെലുങ്ക് വിതരണം: ഷോയിംഗ് ബിസിനസ് (എസ്.എസ്. കാർത്തികേയ). പിആർ ആതിര ദിൽജിത്ത്.