ലക്നോ: ഉത്തർപ്രദേശിലെ കനൗജിൽ ലക്നോ-ആഗ്ര എക്സ്പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ അമിതവേഗത്തിലെത്തിയ ട്രക്ക് ഇടിച്ച് നാല് വിദ്യാർഥികൾ മരിച്ചു. 24 വിദ്യാർഥികളും എട്ട് സ്കൂൾ ജീവനക്കാരും ഉൾപ്പെടെ 32 പേർക്ക് അപകടത്തിൽ പരിക്കേറ്റു.
ചൊവ്വാഴ്ച രാവിലെ ആറിന് താത്തിയയ്ക്ക് സമീപമാണ് അപകടമുണ്ടായത്. കൗശാംബിയിലെ ഓറിയന്റൽ പബ്ലിക് സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ആഗ്രയിലെ താജ്മഹൽ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്ന 50 അംഗ സംഘമാണ് ബസിലുണ്ടായിരുന്നത്. കുട്ടികൾക്ക് ശുചിമുറിയിൽ പോകുന്നതിനായി എക്സ്പ്രസ് വേയുടെ വശത്ത് ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്ത് പിന്നിൽ നിന്നെത്തിയ ട്രക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പൊലിസ് അറിയിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ പിൻഭാഗം പൂർണമായും തകർന്നു.
അപകടം നടന്നയുടൻ പൊലിസും ഉത്തർപ്രദേശ് എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റെ അതോറിറ്റി ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. തകർന്ന ബസിൽ നിന്ന് പുറത്തെടുത്ത കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.