ന്യൂഡൽഹി: നാലുവർഷത്തെ ആദ്യ സേവനകാലം പൂർത്തിയാക്കി രണ്ടു വർഷത്തെ രണ്ടാംഘട്ട സേവനത്തിലേക്കു പ്രവേശിക്കുന്ന അഗ്നിവീറുകൾക്ക് വിവാഹാനുമതി നൽകുന്ന കാര്യം പരിഗണനയിൽ.
നാലു വർഷത്തിനുശേഷം സ്ഥിരം സൈനികരായി തെരഞ്ഞെടുക്കപ്പെടാത്ത 75 ശതമാനം അഗ്നിവീറുകൾക്ക് രണ്ടുവർഷംകൂടി സേവനം നീട്ടിനൽകാൻ കഴിഞ്ഞ നാലിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹവിലക്കിൽ ഇളവ് വരുത്താൻ ആലോചിക്കുന്നത്.
ആദ്യത്തെ നാലുവർഷത്തെ സേവനകാലത്ത് വിവാഹത്തിന് അനുമതി ഉണ്ടാകില്ല. തുടർന്ന് രണ്ടാം ഘട്ടത്തിലേക്കു കടക്കുന്ന അഗ്നിവീറുകൾക്ക് നാലാഴ്ചത്തെ പരിശീലനം പൂർത്തിയാക്കിയശേഷമായിരിക്കും വിവാഹം ചെയ്യാൻ അനുമതി ലഭിക്കുകയെന്നാണു വിവരം. സേവനകാലാവധി നീട്ടിക്കിട്ടുന്ന വനിതാ അഗ്നിവീറുകൾക്ക് പ്രസവാവധി ആനുകൂല്യങ്ങളും ലഭിച്ചേക്കും.
നാവികസേനയുടെ ആദ്യബാച്ച് അഗ്നിവീറുകൾ നാലു വർഷം പൂർത്തിയാക്കി ആദ്യഘട്ടം പിന്നിട്ടിട്ടുണ്ട്. കര, വ്യോമസേനകളിലെ ആദ്യബാച്ചുകൾ അടുത്ത മാസം കാലാവധി പൂർത്തിയാക്കി അഞ്ചാം വർഷത്തിലേക്കു കടക്കും. വിവാഹാനുമതി ലഭിച്ചാലും അഗ്നിവീറുകളുടെ കുടുംബത്തിന് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കില്ല.