ന്യൂഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം പ്രഖ്യാപിച്ച് അകാലി ദളും ബിജെപിയും. ആറു വർഷത്തിനുശേഷമാണ് ഇരു പാർട്ടികളും സഖ്യത്തിലാകുന്നത്.
പഞ്ചാബിൽ സഖ്യത്തിന് അധികാരം ലഭിച്ചാൽ അകാലി ദളിനു മുഖ്യമന്ത്രിസ്ഥാനം നൽകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അമിത് ഷായും അകാലി ദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലുമാണു സഖ്യപ്രഖ്യാപനം നടത്തിയത്.
സീറ്റ് വിഭജനം ചർച്ചയ്ക്കു ശേഷം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബീൻ പറഞ്ഞു. 117 സീറ്റുകളാണ് പഞ്ചാബിലുള്ളത്. 2017ൽ ബിജെപി 23ഉം അകാലി ദൾ 94ഉം സീറ്റുകളിലാണു മത്സരിച്ചത്.
ബിജെപിയുമായുള്ള 24 വർഷത്തെ സഖ്യം 2020 സെപ്റ്റംബറിലാണ് അകാലി ദൾ അവസാനിപ്പിച്ചത്. 2022 നിയമസഭാ തെരഞ്ഞെടുപ്പിൽ വെവ്വേറെ മത്സരിച്ച ഇരു പാർട്ടികൾക്കും കനത്ത പരാജയം നേരിട്ടു. അകാലി ദളിന് മൂന്നും ബിജെപിക്ക് രണ്ടും സീറ്റ് മാത്രമാണു കിട്ടിയത്. ഇത്തവണ ബിജെപിക്ക് നാൽപ്പതോളം സീറ്റുകൾ അകാലി ദൾ നൽകിയേക്കുമെന്നാണു റിപ്പോർട്ട്.
ഭരണകക്ഷിയായ എഎപി ഒറ്റ അക്കത്തിലൊതുങ്ങുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻഡിഎ സഖ്യത്തിനു ഭൂരിപക്ഷം ലഭിച്ചാൽ ബാദൽ മുഖ്യമന്ത്രിയാകും. 1997 മുതൽ 2002 വരെയും 2007 മുതൽ 2017 വരെയും 15 വർഷം അകാലി ദൾ -ബിജെപി സഖ്യം പഞ്ചാബിൽ അധികാരത്തിലുണ്ടായിരുന്നു.
അധികാരത്തോടുള്ള ആർത്തി മൂലമാണ് അകാലി ദളും ബിജെപിയും സഖ്യം പുനഃസ്ഥാപിച്ചതെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ പർഗത് സിംഗ് പറഞ്ഞു.