ലക്നോ: യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 181 സീറ്റിൽ മത്സരിക്കാൻ താത്പര്യപ്പെടുന്നുവെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടിയിലാണ് അഖിലേഷിന്റെ വെളിപ്പെടുത്തൽ.
കോൺഗ്രസ് നൂറു സീറ്റ് ആവശ്യപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിന്, അതിൽ കൂടുതൽ സീറ്റാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു അഖിലേഷിന്റെ മറുപടി. 200 സീറ്റ് ആവശ്യപ്പെട്ടോയെന്നു ചോദിച്ചപ്പോൾ കോൺഗ്രസ് 181 സീറ്റ് ചോദിച്ചെന്നായിരുന്നു അഖിലേഷ് പറഞ്ഞത്.
അതേസമയം, ബിജെപിയെ പരാജയപ്പെടുത്താൻ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് അഖിലേഷ് പറഞ്ഞു. യുപിയിൽ 403 മണ്ഡലങ്ങളാണുള്ളത്.
ബിഎസ്പിയെ സഖ്യത്തിലുൾപ്പെടുത്തുന്നത് പരിഗണിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, ഒരു സഖ്യത്തിന്റെ ഭാഗമായി നിൽക്കുന്പോൾ മറ്റു സഖ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അഖിലേഷ് പറഞ്ഞു.