ചെന്നൈ: തമിഴ്നാട്ടിൽ 13 വർഷങ്ങൾക്ക് ശേഷം ഓട്ടോറിക്ഷാ നിരക്ക് വർധിപ്പിച്ച് മുഖ്യമന്ത്രി വിജയ്യുടെ ടിവികെ സർക്കാർ. മിനിമം ചാർജ് 50 രൂപയാക്കിയാണ് വർധിപ്പിച്ചിരിക്കുന്നത്. ആദ്യ 1.8 കിലോമീറ്റർ ദൂരത്തിനാണ് മിനിമം ചാർജ് ഈടാക്കുക.
തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപ വീതമാണ് അധിക നിരക്ക്. പുതുക്കിയ നിരക്കുകൾ വ്യക്തമാക്കുന്ന വിജ്ഞാപനം തമിഴ്നാട് സർക്കാർ ചൊവ്വാഴ്ച്ച ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാറ്റംവരുത്തിയ നിരക്കുകൾ പ്രകാരം രാത്രി10 മുതൽ പുലർച്ചെ അഞ്ച് വരെയുള്ള സമയങ്ങളിൽ സാധാരണ നിരക്കിന്റെ ഒന്നര മടങ്ങായിരിക്കും യാത്രാക്കൂലി.
ഇതുകൂടാതെ മിനിറ്റിന് ഒരു രൂപ നിരക്കിൽ വെയിറ്റിംഗ് ചാർജും ഏർപ്പെടുത്തിയിട്ടുണ്ട്. 2013ന് ശേഷം ആദ്യമായാണ് തമിഴ്നാട്ടിൽ ഓട്ടോറിക്ഷാ നിരക്ക് വർധിപ്പിക്കുന്നത്. ദീപാവലിക്ക് മുമ്പുതന്നെ നിരക്ക് വർധിപ്പിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.