National
ന്യൂഡൽഹി:1984-ലെ സിഖ് വിരുദ്ധ കലാപത്തിന് ഇരയായവർക്ക് നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും അർഹമായ നീതി ലഭിച്ചില്ലെന്ന് പരസ്യമായി സമ്മതിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി. തന്റെ പുതിയ ഓർമക്കുറിപ്പായ 'ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്' ലാണ് ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെ നടന്ന ക്രൂരമായ ആക്രമണങ്ങളെക്കുറിച്ചും, സൈന്യത്തെ വിന്യസിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെക്കുറിച്ചും സോണിയ വെളിപ്പെടുത്തുന്നത്.
ഇന്ദിര കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഗാന്ധി കുടുംബത്തിലെ എല്ലാവരെയും ഒന്നടങ്കം ബോംബ് വെച്ച് കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും സോണിയ പുസ്തകത്തിൽ പറയുന്നു.നാല് കമ്മീഷനുകളും ഒൻപത് കമ്മിറ്റികളും രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളും അന്വേഷിച്ചിട്ടും ഇരകൾക്ക് നീതി അകലെയായിരുന്നു. ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരിൽ കോൺഗ്രസ് പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ഉണ്ടായിരുന്നു. ഡൽഹിയിൽ മാത്രം 2000-ത്തിലധികം സിഖുകാർ കൊല്ലപ്പെട്ടു.
ഇന്ദിര കൊല്ലപ്പെട്ട ഉടൻ തന്നെ സൈന്യത്തെ വിന്യസിക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും, ബ്ലൂസ്റ്റാർ ഓപ്പറേഷനു ശേഷമുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് തൊട്ടടുത്തുള്ള യൂണിറ്റുകളിൽ സിഖ് സൈനികർ ഉള്ളതിനാൽ സൈനിക മേധാവി ജനറൽ എ.എസ്. വൈദ്യ സൈനിക വിന്യാസം വൈകിപ്പിച്ചു. തുടർന്ന് ഡെറാഡൂണിൽ നിന്നാണ് സൈന്യത്തെ ഡൽഹിയിലെത്തിച്ചത്.
1984 ഒക്ടോബർ 24-ലെ ദീപാവലി ആഘോഷത്തിനിടെ കുടുംബാംഗങ്ങളെല്ലാം ഒത്തുകൂടിയ മുറിക്ക് തൊട്ടടുത്ത് ഗ്രനേഡുകൾ ഒളിപ്പിച്ചിരുന്നു. അവസാന നിമിഷമാണ് ഈ വധശ്രമം ഉപേക്ഷിച്ചത്. ഒക്ടോബർ 30-ന് രാഹുലും പ്രിയങ്കയും സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു കാർ വന്നിടിച്ചതും മുന്നറിയിപ്പായിരുന്നു.
ഇന്ദിര കൊല്ലപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി പദവി ഏറ്റെടുക്കാൻ രാജീവിനോട് ആവശ്യപ്പെട്ടപ്പോൾ സോണിയ അതിനെ ശക്തമായി എതിർത്തിരുന്നു. രാജീവും കൊല്ലപ്പെടുമെന്ന് സോണിയ ഭയന്നു. എന്നാൽ "അവർ എന്നെ എങ്ങനെയെങ്കിലും കൊല്ലും" എന്നായിരുന്നു രാജീവിന്റെ മറുപടി.
മരണശേഷം തന്റെ മൃതദേഹം ഹിമാലയത്തിലെ മഞ്ഞു മലയിടുക്കുകളിൽ ഉപേക്ഷിക്കണമെന്നും വിലാപ ചടങ്ങുകൾക്ക് പകരം ക്ലാസിക്കൽ സംഗീതം കേൾപ്പിക്കണമെന്നും ഇന്ദിര 1984 ജൂണിൽ എഴുതിവെച്ചിരുന്നു. എന്നാൽ ആ ആഗ്രഹം നടപ്പാക്കാൻ രാജീവിന് സാധിച്ചില്ല.
National
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് പകരം പ്രധാനമന്ത്രിയാകാൻ പ്രണബ് മുഖർജി ആഗ്രഹിച്ചിരുന്നുവെന്ന സോണിയ ഗാന്ധിയുടെ വെളിപ്പെടുത്തലിനെതിരെ ശക്തമായ പ്രതികരണവുമായി പ്രണബ് മുഖർജിയുടെ മകൾ ശർമിഷ്ഠ മുഖർജി. ഒരു പദവിയിലേക്ക് എത്താൻ ആഗ്രഹിക്കുന്നത് കുറ്റമാണോ എന്നും ഗാന്ധി-നെഹ്റു കുടുംബത്തിലെ രാജവംശപരമായ ആനുകൂല്യങ്ങൾ വഴിയല്ല പ്രണബ് മുഖർജി ഉയർന്ന പദവികളിൽ എത്തിയതെന്നും ശർമിഷ്ഠ തുറന്നടിച്ചു.
സോണിയ ഗാന്ധിയുടെ 'ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്' എന്ന ഓർമക്കുറിപ്പിലെ പരാമർശങ്ങൾക്ക് എക്സിലൂടെ നൽകിയ മറുപടിയിലാണ് ശർമിഷ്ഠ നിലപാട് വ്യക്തമാക്കിയത്.പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തും കഠിനാധ്വാനവും ഉള്ള ഒരാൾ പ്രധാനമന്ത്രിയാകാൻ ആഗ്രഹിച്ചതിൽ 'ഞെട്ടൽ' തോന്നേണ്ട കാര്യമില്ല. സാധാരണ കുടുംബത്തിൽ നിന്ന് സ്വന്തം അധ്വാനം കൊണ്ട് ഉയർന്നുവന്നയാളാണ് പ്രണബ് മുഖർജി. ഗാന്ധി-നെഹ്റു കുടുംബത്തിന് വെളിയിലുള്ള ഒരാൾ ഇത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചത് കൊണ്ടാണോ സോണിയ ഗാന്ധിക്ക് ഞെട്ടലുണ്ടായതെന്നും ശർമിഷ്ഠ ചോദിച്ചു.
2010-ൽ ചിദംബരവുമായുള്ള അഭിപ്രായവ്യത്യാസങ്ങൾക്ക് ശേഷം നടന്ന സംഭാഷണത്തിൽ, 'നേതൃത്വത്തിൽ ഒരു മാറ്റം വേണം' എന്ന് പ്രണബ് സൂചിപ്പിച്ചത് തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പ്രധാനമന്ത്രി പദവിയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് തനിക്ക് മനസിലായെന്നും സോണിയ എഴുതുന്നു. എന്നാൽ താൻ വിഷയം തന്ത്രപരമായി മാറ്റുകയായിരുന്നുവെന്നും സോണിയ തന്റെ പുസ്തകത്തിലൂടെ വ്യക്തമാക്കി.
പ്രധാനമന്ത്രി പദവി ലഭിക്കാത്തതിൽ സോണിയയോടോ മറ്റാരോടെങ്കിലുമോ തന്റെ പിതാവിന് യാതൊരു വിരോധവും ഉണ്ടായിരുന്നില്ലെന്ന് ഡയറിക്കുറിപ്പുകളും മുൻകാല സംഭാഷണങ്ങളും ഉദ്ധരിച്ച് ശർമിഷ്ഠ വ്യക്തമാക്കി. പിന്നീട് 2012-ൽ യുപിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി പ്രണബ് മുഖർജിയെ കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു.
National
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരിൽ 1991 മേയ് 21-ന് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നതിന് ഏതാനും മാസങ്ങൾക്ക് മുൻപ് മകൻ രാഹുൽ ഗാന്ധി നൽകിയ മുന്നറിയിപ്പിനെക്കുറിച്ച് ഓർത്തെടുത്ത് സോണിയ ഗാന്ധി. തന്റെ പുതിയ ഓർമക്കുറിപ്പായ 'ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിലാണ് സോണിയ ഈ വേദനിപ്പിക്കുന്ന ഓർമകൾ പങ്കുവെച്ചത്. "അച്ഛന്റെ സുരക്ഷയുടെ കാര്യത്തിൽ നടപടിയൊന്നും എടുത്തില്ലെങ്കിൽ, അധികം വൈകാതെ എനിക്ക് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ തിരികെ വരേണ്ടി വരും" എന്ന് മരണത്തിന് രണ്ടു മാസം മുൻപ് രാജീവിനൊപ്പമുള്ള യാത്രയ്ക്കിടെ രാഹുൽ സോണിയയോട് പറഞ്ഞിരുന്നു.
വി.പി. സിംഗ് സർക്കാരിന്റെ കാലത്താണ് രാജീവ് ഗാന്ധിക്കുള്ള എസ്പിജി സുരക്ഷ പിൻവലിച്ച് പകരം ലോക്കൽ പൊലിസിന്റെ സുരക്ഷയാക്കിയത്. പുതിയ സുരക്ഷാ അവലോകനം നടത്താതെയാണ് ഇത് ചെയ്തതെന്ന് സോണിയ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്നു. ദുരന്ത വാർത്തയറിഞ്ഞ നിമിഷം ഡൽഹിയിലെ വസതിയിലായിരുന്ന സോണിയയോട് മകൾ പ്രിയങ്കയാണ് സംഭവം പറയുന്നത്. വിവരമറിഞ്ഞ് തകർന്നുപോയ സോണിയയെ പ്രിയങ്കയാണ് ആശ്വസിപ്പിച്ചതും മദ്രാസിലേക്ക് പോകാനുള്ള കാര്യങ്ങൾ ഏകോപിപ്പിച്ചതും.
ഇന്ദിരാ ഗാന്ധിയെപ്പോലെ രാജീവും കണ്ണുകൾ ദാനം ചെയ്യാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഡൽഹി എയിംസിൽ ഭൗതികശരീരം എത്തിച്ചപ്പോൾ കുടുംബ ഡോക്ടറോട് ഇക്കാര്യം ചോദിച്ച സോണിയയോട് "കണ്ണുകളോ? താങ്കൾ എന്താണ് ഈ പറയുന്നത്, അവിടെ ഒന്നും ബാക്കിയില്ല!" എന്ന ഡോക്ടറുടെ മറുപടി വലിയ ആഘാതമുണ്ടാക്കി. യുഎസിലായിരുന്ന രാഹുലിനെ വിവരമറിയിച്ചപ്പോൾ "മോശം വാർത്തയുണ്ട്" എന്ന് കേട്ടപാടെ "പപ്പ മരിച്ചല്ലേ?" എന്നാണ് രാഹുൽ തിരിച്ചുചോദിച്ചത്. രാജീവിന്റെ ഭൗതികശരീരത്തിന് അരികിൽ രാഹുൽ നിശ്ചലനായി നിന്ന നിമിഷവും സോണിയ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
National
ന്യൂഡൽഹി: സഞ്ജയ് ഗാന്ധിയുടെ ഭാര്യയും മുൻ കേന്ദ്രമന്ത്രിയുമായ മനേകാ ഗാന്ധിയുമായുള്ള അകൽച്ചയെക്കുറിച്ചും ഗാന്ധി കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളെക്കുറിച്ചും തുറന്നെഴുതി മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. 'ബിലോംഗിഗ്: എ ജേർണി ഓഫ് ലവ്' എന്ന പേരിൽ പുറത്തിറങ്ങിയ തന്റെ പുതിയ ഓർമക്കുറിപ്പിലാണ് സോണിയ ഗാന്ധി കാര്യങ്ങൾ വിശദീകരിക്കുന്നത്.
18-ാം വയസ്സിൽ 'ചോട്ടി ബഹു' ആയി കുടുംബത്തിലേക്ക് വന്ന മനേകയുമായി തുടക്കത്തിൽ നല്ല ബന്ധമായിരുന്നെങ്കിലും പിന്നീട് അത് തകരുകയായിരുന്നുവെന്ന് സോണിയ വ്യക്തമാക്കുന്നു. കുടുംബത്തിലെ ജീവനക്കാർ തന്നോട് സംസാരിക്കുമ്പോൾ 'ബഹുറാണി' എന്നും മനേകയെ 'ചോട്ടി ബഹു' എന്നും വിളിച്ചിരുന്നു. താൻ രണ്ടുപേരെയും തുല്യരായി കണ്ടെങ്കിലും ഇത് മനേകയ്ക്ക് അതൃപ്തി ഉണ്ടാക്കിയതായി സോണിയ പറയുന്നു.
1977-ലെ തെരഞ്ഞെടുപ്പ് തോൽവിക്കും അടിയന്തരാവസ്ഥയുടെ പ്രത്യാഘാതങ്ങൾക്കും കാരണം സഞ്ജയ് ഗാന്ധിയുടെ ഏകപക്ഷീയമായ തീരുമാനങ്ങളാണെന്ന് രാജീവ് ഗാന്ധി തുറന്നടിച്ചതും, ഇതിൽ ഇന്ദിരാ ഗാന്ധിയുടെ പിന്തുണ രാജീവിനൊപ്പം നിന്നതും മനേകയുടെ അമർഷം കൂട്ടി.1980-ൽ സഞ്ജയ് ഗാന്ധിയുടെ മരണശേഷം 23-കാരിയായ മനേകയെ രാഷ്ട്രീയം പഠിപ്പിക്കുന്നതിന് മുൻപ് പ്രധാന ചുമതലകൾ നൽകാൻ ഇന്ദിരാ ഗാന്ധി തയ്യാറായില്ല. ഇത് മനേകയെ പ്രകോപിപ്പിച്ചു.
ബിജെപി നേതാവ് വസുന്ധര രാജെയുടെ വസതിയിൽ വെച്ച് മകൻ ഫിറോസ് വരുൺ ഗാന്ധിയുടെ ഒന്നാം ജന്മദിനം ആഘോഷിച്ചതും മറ്റും ഇന്ദിരാ ഗാന്ധിയെ ചൊടിപ്പിച്ചു. തുടർന്ന് കുടുംബത്തിൽ നിന്നുമുണ്ടായ എതിർപ്പുകൾക്കൊടുവിൽ നാടകീയ രംഗങ്ങളോടെ മനേക പ്രധാനമന്ത്രിയുടെ വസതി വിട്ടിറങ്ങുകയായിരുന്നു. പിന്നീട് മകനെ കാണാനുള്ള അവകാശത്തിനായി ഗാന്ധി കുടുംബത്തിന് നിയമപോരാട്ടം നടത്തേണ്ടി വന്നുവെന്നും പുസ്തകത്തിൽ സോണിയ ഓർക്കുന്നു.
National
ന്യൂഡൽഹി: മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥാപരമായ ഓർമക്കുറിപ്പുകളടങ്ങിയ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ വിപണിയിലെത്തി. പ്രകാശനച്ചടങ്ങൊന്നുമില്ലാതെ പുസ്തകം നേരേ വായനക്കാരുടെ കൈകളിലേക്കെത്തിക്കുകയായിരുന്നു.
ഡൽഹിയിലെ പ്രമുഖ ബുക്ക് സ്റ്റാളുകളിൽ പുസ്തകം പുറത്തിറങ്ങിയ ഇന്നലെ നീണ്ട ക്യൂവുകൾ പ്രത്യക്ഷപ്പെട്ടു. ഡൽഹി കൊണാട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും പ്രമുഖ ബുക്ക് സ്റ്റാളുകളുടെ ഡിസ്പ്ലേ ഗ്ലാസുകൾ നിറയെ ഇന്നലെ സോണിയയുടെ പുസ്തകങ്ങമായിരുന്നു.
കോൺഗ്രസ് പ്രവർത്തകരും മാധ്യമപ്രവർത്തകരും പുസ്തകത്തിന്റെ ആദ്യ കോപ്പികൾ ആദ്യദിനംതന്നെ സ്വന്തമാക്കി.