ന്യൂഡൽഹി: പെന്തക്കോസ്ത്, ഇസ്കോൺ, താന്ത്രിക്, ശ്രീകൃഷ്ണ, ശ്രീറാം, രാംദേവ്, ബിഷ്ണോയി തുടങ്ങി 287 വിഭാഗങ്ങളെ സെൻസസിന്റെ സ്വയംവിവരശേഖരണ പോർട്ടലിൽ (സെൽഫ് എന്യൂമറേഷൻ) ‘മറ്റ് മതങ്ങൾ’ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയതിനെച്ചൊല്ലി വിവാദം.
സെൻസസ് നടപടികളെ പ്രഹസനമെന്നു വിശേഷിപ്പിച്ച് കോൺഗ്രസ് രംഗത്തെത്തി. നടപടി വിചിത്രവും സാമാന്യധാരണകളെപ്പോലും വെല്ലുവിളിക്കുന്നതുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമർശിച്ചു. ഒരു ദേശീയ മാധ്യമം പുറത്തുവിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളിലെ സെൻസസ് പോർട്ടലിലാണു പെന്തക്കോസ്ത്, സനാതൻ, വാൽമീകി, ബിഷ്ണോയി, യോഗി, സുന്നി, മെത്തഡിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളെ ‘മറ്റ് മതങ്ങൾ’ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ ദേശീയ മാധ്യമം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടു വിശദീകരണം തേടി. പിന്നാലെ സെൻസസ് പോർട്ടലിലെ മതങ്ങൾ തെരഞ്ഞെടുക്കാനുള്ള ഡ്രോപ് ഡൗൺ പട്ടികയിൽനിന്ന് ഈ ഓപ്ഷനുകൾ നീക്കം ചെയ്തു. പട്ടികയിൽ ഇത്തരം വിഭാഗങ്ങൾ ഉൾപ്പെട്ടതെങ്ങനെയെന്ന് അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.