ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി വർഷങ്ങളായി ഉന്നയിക്കുന്ന വിമർശനങ്ങളെ പരോക്ഷമായി ശരിവയ്ക്കുന്നതാണ് മോദിയുടെ തുറന്നുപറച്ചിലെന്നു കോൺഗ്രസ് വൃത്തങ്ങൾ. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചു സർക്കാർ നൽകുന്ന കോർപറേറ്റ് നികുതി ഇളവുകൾ വൻകിട മുതലാളിമാരുടെ കീശ വീർപ്പിക്കാൻ മാത്രമാണ് ഉപകരിക്കുന്നതെന്നു രാഹുൽ ഗാന്ധി നിരന്തരം കുറ്റപ്പെടുത്തിയിരുന്നു.
"എത്ര നൽകിയാലും നിങ്ങളുടെ വയറ് നിറയില്ല' എന്ന വ്യവസായികളോടുള്ള പ്രധാനമന്ത്രിയുടെ പരിഹാസം ഈ ആരോപണം ശരിവയ്ക്കുന്നതാണെന്നു കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
കോർപറേറ്റുകളുടെ ലാഭം കുതിച്ചുയരുമ്പോഴും രാജ്യത്തു തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നും യുവാക്കൾ നിരാശയിലാണെന്നുമായിരുന്നു രാഹുൽഗാന്ധിയുടെ മറ്റൊരു പ്രധാന വിമർശനം. "നിങ്ങൾ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ചോ, പുതിയ ആളുകൾക്ക് ജോലി നൽകിയോ? ഇല്ല" എന്നു വ്യവസായികളുടെ മുഖത്തുനോക്കി പ്രധാനമന്ത്രിക്കു ചോദിക്കേണ്ടിവന്നത് തൊഴിൽമേഖലയിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു.
വൻകിട കമ്പനികൾ ഇന്ത്യയിൽ പുതിയ വ്യവസായങ്ങൾ തുടങ്ങാനോ ഉത്പാദന മേഖലയിൽ നിക്ഷേപിക്കാനോ തയാറാകുന്നില്ലെന്ന രാഹുൽ ഗാന്ധിയുടെ വാദത്തെയും സർക്കാർ കണക്കുകൾ ശരിവയ്ക്കുന്നു. കോർപറേറ്റുകൾക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരെന്ന പ്രതിപക്ഷത്തിന്റെ "സ്യൂട്ട്-ബൂട്ട് കി സർക്കാർ' പ്രയോഗത്തെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ എക്കാലവും ശ്രമിച്ചിട്ടുണ്ട്. എന്നാൽ "മോദിജി നിങ്ങൾ എല്ലാം ചെയ്യൂ, ഞങ്ങൾ നോക്കിനിൽക്കാം' എന്നതാണു വ്യവസായികളുടെ മനോഭാവമെന്ന് പ്രധാനമന്ത്രിക്കുതന്നെ തുറന്നുപറയേണ്ടിവന്നത് നയപരമായ തിരിച്ചടിയായാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്.
അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ സംസാരിക്കവേ, ഇന്ത്യ ഒരു വലിയ സാമ്പത്തിക ദുരന്തത്തിന്റെ വക്കിലാണെന്നും രാജ്യത്തു തൊഴിലില്ലായ്മ രൂക്ഷമാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഫിക്കി സമ്മേളനത്തിൽ ഈ ആരോപണങ്ങളെ തള്ളിപ്പറഞ്ഞ പ്രധാനമന്ത്രി, കഴിഞ്ഞ 12 വർഷത്തിനിടെ 50 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽനിന്നു കരകയറിയെന്നും രാജ്യം അതിവേഗം വളരുകയാണെന്നും അവകാശപ്പെട്ടു. എന്നാൽ, ഇതേ പ്രസംഗത്തിൽത്തന്നെ കോർപറേറ്റുകളുടെ ആർത്തിക്കെതിരേ അദ്ദേഹം ഉന്നയിച്ച ചോദ്യങ്ങൾ രാഹുൽ ഗാന്ധിയുടെ വാദങ്ങളെ പരോക്ഷമായി ശരിവയ്ക്കുന്നതായി മാറി.
സാധാരണക്കാർ നൽകുന്ന ആദായനികുതി കോർപറേറ്റ് നികുതിയെ മറികടക്കുകയും പണപ്പെരുപ്പം കാരണം യഥാർഥ ശമ്പള വളർച്ച 2.91 ശതമാനത്തിലേക്കു ചുരുങ്ങുകയും ചെയ്ത സാഹചര്യത്തിൽ, കോർപറേറ്റ് ചൂഷണത്തിനെതിരേ രാഹുൽ ഗാന്ധി ഉയർത്തിയ രാഷ്ട്രീയ ആയുധത്തിനു പ്രധാനമന്ത്രിയുടെ വാക്കുകൾ കൂടുതൽ മൂർച്ച കൂട്ടിയിരിക്കുകയാണ്.