ന്യൂഡൽഹി: സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ പൂർണമായും നവീകരിക്കാനും അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹികസുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള "ഇപിഎഫ്ഒ 3.0' അടുത്ത വർഷം ഫെബ്രുവരിയിൽ നിലവിൽ വന്നേക്കും.
2025 ഒക്ടോബറിൽ ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗീകരിച്ച പദ്ധതിക്കായി സാങ്കേതികപങ്കാളിയെ തെരഞ്ഞെടുത്തതായും ഫെബ്രുവരിയിൽ ചേരുന്ന ബോർഡ് യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 36 കോടിയിലധികം സജീവ അംഗങ്ങളുള്ള ഇപിഎഫ്ഒയിൽ അടുത്ത 50 വർഷത്തേക്ക് 200 കോടി അംഗങ്ങളുടെ വിവരങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ള സംവിധാനമാണ് ഒരുക്കുന്നത്.
ഗിഗ് തൊഴിലാളികൾക്കും പിഎഫ് പരിരക്ഷ
പുതിയ ഐടിസംവിധാനത്തിനൊപ്പം കോർ ബാങ്കിംഗ് സൊല്യൂഷൻ (സിബിഎസ്) സോഫ്റ്റ്വേറും ഇപിഎഫ്ഒ 3.0ൽ ഉൾപ്പെടുത്തും. സാമൂഹികസുരക്ഷാ കോഡിന് അനുസൃതമായി വിവിധ പേമെന്റ് പ്ലാറ്റ്ഫോമുകൾ വഴി അസംഘടിത മേഖലയിലുള്ളവർക്കും ഗിഗ് തൊഴിലാളികൾക്കും പിഎഫ് വിഹിതം അടയ്ക്കാൻ ഇതു വഴിയൊരുക്കും. കടലാസ് ജോലികൾ കുറയ്ക്കാനും ഒരൊറ്റ ഏകീകൃത പ്ലാറ്റ്ഫോമിലൂടെ എല്ലാ സേവനങ്ങളും കൈകാര്യം ചെയ്യാനും അംഗങ്ങൾക്കു സാധിക്കും. ഘട്ടംഘട്ടമായായിരിക്കും പദ്ധതി നടപ്പിലാക്കുക.
ക്ലെയിം തീർപ്പാക്കൽ മൂന്നു ദിവസത്തിനുള്ളിൽ
റിസ്ക് മാനേജ്മെന്റ് പരിശോധനകൾ പൂർത്തിയാക്കുന്ന ക്ലെയിമുകൾ മനുഷ്യ ഇടപെടലില്ലാതെ ഓട്ടോ മോഡിൽ തീർപ്പാക്കുന്ന രീതിയാണു വരുന്നത്. ഇതോടെ നിലവിൽ 20 ദിവസം വരെയെടുക്കുന്ന ക്ലെയിം തീർപ്പാക്കൽ സമയം മൂന്നു ദിവസത്തിൽ താഴെയായി കുറയും. എടിഎം, യുപിഐ എന്നിവവഴി തത്ക്ഷണം പണം പിൻവലിക്കാനുള്ള സൗകര്യവും ഇപിഎഫ്ഒ 3.0ന്റെ ഭാഗമാണ്. ഇതിനായുള്ള സാങ്കേതികവിദ്യയും പരീക്ഷണങ്ങളും ഏതാണ്ട് പൂർത്തിയായതിനാൽ യുപിഐ വഴിയുള്ള പിൻവലിക്കൽ അടുത്തമാസം തന്നെ ആരംഭിക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞയാഴ്ച ചേർന്ന സെൻട്രൽ ബോർഡ് യോഗം വിരമിക്കുന്ന അംഗങ്ങൾക്കായി സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ (എസ്ഡബ്ല്യുപി) നടപ്പിലാക്കാനും അംഗീകാരം നൽകിയിരുന്നു. വിരമിക്കുമ്പോൾ പിഎഫ് തുക ഒന്നിച്ച് പിൻവലിക്കുന്നതിനുപകരം കൃത്യമായ ഇടവേളകളിൽ ഗഡുക്കളായി പിൻവലിക്കാൻ ഇതു സഹായിക്കും. കൂടാതെ, പിഎഫ് ബാലൻസ്, പാസ്ബുക്ക്, അവസാന അഞ്ച് ഇടപാടുകൾ എന്നിവ പരിശോധിക്കാൻ അടുത്തിടെ വാട്സാപ് സേവനങ്ങളും ഇപിഎഫ്ഒ ആരംഭിച്ചിരുന്നു.