ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പി.ടി. ഉഷയെ ഉൾപ്പെടുത്തിയത് അസാധുവാക്കണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യയിലെ (ഐഎച്ച്എഐ) ഒരു വിഭാഗമാണ് കോടതിയെ സമീപിച്ചത്.
നേരത്തേ "സ്പോർട്സ് പേഴ്സൺസ് ഓഫ് മെറിറ്റ്' തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ഉഷ ഐഒഎ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യയായിരുന്നു. എന്നാൽ, ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ ഉഷയെ തങ്ങളുടെ പ്രതിനിധിയായി ഐഒഎ ജനറൽ അസംബ്ലിയിലേക്ക് നാമനിർദേശം ചെയ്യുകയായിരുന്നു.
ഹൈക്കോടതിയിൽനിന്ന് അനുകൂലമായ വിധി ലഭിച്ചതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന ഐഒഎ എക്സിക്യൂട്ടീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഉഷയ്ക്ക് മത്സരിക്കാനാകും.
ഐസ് ഹോക്കി അസോസിയേഷനിൽ ഉഷ ഒരിക്കലും അംഗമായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടനയിലെ ഒരു വിഭാഗം നാമനിർദേശത്തെ കോടതിയിൽ ചോദ്യം ചെയ്തത്.
ഉഷയുടെ നാമനിർദേശത്തിനെതിരേ നേരത്തേ പരാതി നൽകിയിരുന്നെങ്കിലും ഐഒഎ തെരഞ്ഞെടുപ്പ് ഓഫീസർ അത് തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് സംഘടനയിലെ എതിർവിഭാഗം ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഐഒഎ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം ഇന്നാണ്.