ന്യൂഡൽഹി: ഉത്തർപ്രദേശിലെ അയോധ്യയേയും നേപ്പാളിലെ ജനക്പൂരിനെയും ബന്ധിപ്പിക്കുന്ന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷായും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അയോധ്യ കന്റോൺമെന്റിൽ നിന്ന് ജനക്പൂർ ധാമിനെ ബന്ധിപ്പിക്കുന്ന 604 കിലോമീറ്റർ ദൂരമുള്ള ട്രെയിൻ സർവീസ് ഇരുപ്രധാനമന്ത്രിമാരും വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്.
സരയു-കമല എക്സ്പ്രസ് എന്ന പേരിലുള്ള ട്രെയിൻ സർവീസിലൂടെ ഇന്ത്യയിലെ സഞ്ചാരികൾക്ക് 19 മണിക്കൂർ ട്രെയിൻ യാത്രയിലൂടെ നേരിട്ടു നേപ്പാളിലെത്താം. നിലവിലുള്ള മറ്റു ട്രെയിൻ സർവീസുകൾ പോലെ നേപ്പാളിലെത്താൻ യാത്രക്കാർക്ക് ട്രെയിനുകൾ മാറി മാറി സഞ്ചരിക്കേണ്ടിവരില്ല. 28 മുതൽ ആരംഭിക്കുന്ന സർവീസ് ആഴ്ചയിലൊരിക്കലായിരിക്കും ഉണ്ടാകുക. അയോധ്യ മുതൽ നേപ്പാൾ വരെ പത്ത് സ്റ്റേഷനുകളുണ്ടാകും.
ഐതിഹ്യപ്രകാരം ശ്രീരാമന്റെ ജന്മസ്ഥലമായി അയോധ്യയും സീതയുടെ നേപ്പാളിലെ ജന്മസ്ഥലമായി ജനക്പൂർ ധാമും വിശ്വസിക്കപ്പെടുന്നതിനാൽ ഇരുരാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ദീർഘദൂര ട്രെയിൻ സർവീസ് ആത്മീയ ടൂറിസത്തിനു ഗുണമാകും. നേപ്പാളിലേക്കെത്താൻ വീസ ആവശ്യമില്ലാത്തതിനാൽ യാത്രക്കാർ ഇന്ത്യൻ പാസ്പോർട്ടോ സാധുവായ വോട്ടർ തിരിച്ചറിയൽ കാർഡുകളോ കൈയിൽ കരുതിയാൽ മതി.