ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ചരിത്രപ്രസിദ്ധമായ സമരവേദികളിലൊന്നായ ജന്തർ മന്തർ റോഡ് വീണ്ടും സാധാരണ പാതയായി മാറി. സമരവേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ, ഇവിടെ വർഷങ്ങളായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ അധികൃതർ നീക്കംചെയ്തു. ഇതോടെ ഈ പാതയിൽ വീണ്ടും ഗതാഗതം സുഗമമായി.
1724ൽ നിർമിച്ച ചരിത്രപ്രസിദ്ധമായ ജന്തർ മന്തർ സ്മാരകത്തോടു ചേർന്നുള്ള ഈ റോഡ്, പതിറ്റാണ്ടുകളായി വിവിധ സംഘടനകളുടെയും ജനങ്ങളുടെയും പ്രധാന പ്രതിഷേധവേദിയായിരുന്നു.
ഏകദേശം 1500 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ പ്രദേശത്തു പ്രതിവർഷം ആയിരത്തോളം സമരങ്ങളാണു നടന്നിരുന്നത്. ഒരേസമയം നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നതിനാൽ വർഷങ്ങളായി ഡൽഹി പൊലിസ് ഇവിടെ റോഡിൽ സ്ഥിരമായി ബാരിക്കേഡുകൾ സ്ഥാപിച്ച് ഗതാഗതം പൂർണമായി തടഞ്ഞിരിക്കുകയായിരുന്നു.
എന്നാൽ, കഴിഞ്ഞ 11ന് ഡൽഹിയിലെ ഔദ്യോഗിക പ്രതിഷേധസ്ഥലങ്ങളുടെ പട്ടികയിൽനിന്ന് ജന്തർ മന്തർ ഒഴിവാക്കപ്പെട്ടു. തുടർന്ന് ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയപ്പോൾ, ജന്തർ മന്തർ സമരം ചെയ്യാനുള്ള ഇടമല്ലെന്നും അതൊരു പൊതുറോഡ് മാത്രമാണെന്നും ഡൽഹി പൊലിസ് കമ്മീഷണർ കോടതിയെ അറിയിക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിലാണ് വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ജന്തർ മന്തർ റോഡിലെ ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചത്.