മുംബൈ: ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ മഹാരാഷ്ട്രയിലെ ഭരണസഖ്യമായ മഹായുതിയിൽ ഭിന്നത. തോൽവിക്ക് ശിവസേന (ഷിൻഡെ)യെ കുറ്റപ്പെടുത്തി ബിജെപി മുഖ്യ വക്താവ് നവ്നാഥ് ബൻ രംഗത്തെത്തി. ശിവസേന മുന്നണിമര്യാദ പാലിച്ചില്ലെന്നും സഹകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
"ഛത്രപതി സംഭാജിനഗറിൽ എൻസിപി (അജിത്) സ്ഥാനാർഥിക്കെതിരേ ഷിൻഡെ പക്ഷ എംഎൽഎ അബ്ദുൾ സത്താർ പ്രചാരണം നടത്തി. പൂനയിൽ ബിജെപി സ്ഥാനാർഥിക്ക് ശിവസേനയുടെ വോട്ട് കിട്ടിയില്ല. ശിവസേനയുടെ പിന്തുണയുണ്ടായിരുന്നെങ്കിൽ അഞ്ചു സീറ്റിലും മഹായുതി വിജയിക്കുമായിരുന്നു’’-നവ്നാഥ് കൂട്ടിച്ചേർത്തു.
ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പു ഫലം സംബന്ധിച്ച് എൻസിപി (അജിത്)യും മഹായുതിയും ആത്മപരിശോധന നടത്തണമെന്ന് എൻസിപി നേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ ആവശ്യപ്പെട്ടു. വിദ്യാസന്പന്നരായ ആളുകൾ എൻസിപിയിൽനിന്ന് അകലുകയാണെന്ന് അദ്ദേഹം പറഞ്ഞു. എൻസിപി (അജിത്) ഒറ്റ സീറ്റിലും വിജയിച്ചില്ല. മഹായുതിയിലെ ശകുനി മാമാമാരെ തിരിച്ചറിയണമെന്ന് ബിജെപി മന്ത്രി നിതേഷ് റാണ ആവശ്യപ്പെട്ടു.