ന്യൂഡൽഹി: പാർലമെന്റിന്റെ മൺസൂൺ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് 41 ദിവസം പിന്നിട്ടിട്ടും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാതെ കേന്ദ്രം.
ഓഗസ്റ്റ് 13-നാണ് ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞത്. പാർലമെന്ററി നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന 'പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ ഓഫ് പാർലമെന്റ്' എന്ന റഫറൻസ് ഗ്രന്ഥം പ്രകാരം, സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞാൽ സാധാരണയായി രണ്ടു മുതൽ നാല് ദിവസത്തിനുള്ളിലാണ് രാഷ്ട്രപതി സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കുന്നത്. എന്നാൽ നിലവിലെ ഇടവേള അഞ്ച് ആഴ്ചയിലധികമായി നീളുകയാണ്.
പാർലമെന്റിറി ചരിത്രത്തിൽ മുൻപും സമ്മേളനം ഔദ്യോഗികമായി അവസാനിപ്പിക്കാൻ വൈകിയ സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. 1975-ൽ അഞ്ചാം ലോക്സഭയിൽ 27 ദിവസവും, 2015-ലെ മൺസൂൺ സമ്മേളനത്തിൽ 28 ദിവസവുമാണ് ഇത്തരത്തിൽ കാലതാമസം ഉണ്ടായിട്ടുള്ളതെന്ന് പാർലമെന്റിറി കാര്യ മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ നിലവിലെ 41 ദിവസത്തെ ഇടവേള ഈ റെക്കോർഡുകളെല്ലാം മറികടന്നിരിക്കുകയാണ്.
അനിശ്ചിതകാലത്തേക്ക് സഭ പിരിയുക എന്നാൽ അടുത്ത സിറ്റിംഗിന് തീയതി നിശ്ചയിക്കാതെ സഭാ നടപടികൾ താത്കാലികമായി നിർത്തിവെക്കുക എന്നതാണ്. രാഷ്ട്രപതി സമ്മേളനം അവസാനിപ്പിക്കാത്തതിനാൽ, പുതിയൊരു സമ്മേളനം വിളിച്ചുചേർക്കാതെ തന്നെ നിലവിലെ സമ്മേളനത്തിന്റെ തുടർച്ചയായി എപ്പോൾ വേണമെങ്കിലും പാർലമെന്റ് വീണ്ടും വിളിച്ചുചേർക്കാൻ സർക്കാരിന് സാധിക്കും.
2026-ലെ മൺസൂൺ സമ്മേളനത്തിൽ 25 ദിവസത്തിനിടെ 19 സിറ്റിംഗുകളാണ് നടന്നത്. സമ്മേളനം അവസാനിപ്പിക്കാൻ വൈകുന്നതിന് ഔദ്യോഗിക വിശദീകരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും, വനിതാ സംവരണം, മണ്ഡല പുനർനിർണയം എന്നിവയുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ബില്ലുകൾക്കായി ഒരു പ്രത്യേക സിറ്റിംഗ് വിളിച്ചുചേർക്കാനുള്ള സാധ്യതയിലേക്കാണ് നിരീക്ഷകരും റിപ്പോർട്ടുകളും വിരൽചൂണ്ടുന്നത്.