നിലവിൽ ഭഗവന്ത് മാനിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയാണ് ഭരിക്കുന്നതെങ്കിലും കോൺഗ്രസിന് ഇന്നും ശക്തിയുള്ള സംസ്ഥാനമാണ് പഞ്ചാബ്. ചുരുക്കം ചില സംസ്ഥാനങ്ങളിൽ ഒന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പും കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനം. ചരൺജിത് സിംഗ് ഛന്നിയാണ് അവസാനമായി പഞ്ചാബ് ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി. അമരീന്ദർ സിംഗിനെ പോലുള്ള വമ്പൻമാർ അടക്കി ഭരിച്ചിരുന്ന കോൺഗ്രസിന്റെ പ്രിയപ്പെട്ട സംസ്ഥാനമായിരുന്നു പഞ്ചാബ്.
എന്നാൽ ഇന്ന് ആ അമരീന്ദർ കോൺഗ്രിസിലില്ല. അതുപോലെ ഭരണവും കോൺഗ്രസിനില്ല. ഇടയ്ക്കൊക്കെ ശിരോമണി അകാലിദളും ഭരിച്ചിട്ടുണ്ട് പഞ്ചാബിനെ. മിക്കപ്പോഴും ബിജെപിയുമായി ചേർന്ന്. എന്നാലും കോൺഗ്രസ് തന്നെയായിരുന്നു പഞ്ചാബികൾക്ക് പ്രിയപ്പെട്ട പാർട്ടി. മാറി മാറി പഞ്ചാബ് ഭരിച്ചിരുന്നത് ഈ രണ്ട് പാർട്ടികളാണ്. എന്നാൽ ശിരോമണി അകാലിദൾ എൻഡിഎ വിടുകയും കോൺഗ്രസിൽ പടലപ്പിണക്കങ്ങളെ തുടർന്ന് നേതാക്കൾ കൊഴിഞ്ഞു പോയി തുടങ്ങുകയും ചെയ്തതോടെ പഞ്ചാബികൾ പുതിയ വഴി തേടി. ആ വഴിയായിരുന്നു ആം ആദ്മി പാർട്ടി.
ഡൽഹിയിൽ ജനപ്രിയ ഭരണം കാഴ്ചവച്ച അവരെ പഞ്ചാബികളും 2022 ൽ ഭരണം ഏൽപ്പിച്ചു. ഭഗവന്ത് സിംഗ് മാൻ മുഖ്യമന്ത്രിയും ആയി. തുടക്കമൊക്കെ നല്ല അഭിപ്രായമായിരുന്നെങ്കിലും പിന്നീട് ഡൽഹിയുടെ വഴിയെ പഞ്ചാബും നീങ്ങുന്നു എന്ന സൂചനകളാണ് വരുന്നത്. അഴിമതിയും ലഹരി മാഫിയകളുടെ വിളയാട്ടവും യുവാക്കൾക്കിടയിലെ ലഹരി ഉപയോഗം വ്യാപിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ആംആദ്മി സർക്കാരിനെതിരെ തിരിയാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. നിലവിൽ പുറത്തുവരുന്ന അഭിപ്രായ സർവെകളിലും ആംആദ്മി പാർട്ടിക്ക് തിരിച്ചടി കിട്ടും എന്ന സൂചനയാണ് വരുന്നത്. മുഖ്യമന്ത്രി പോലും മദ്യപിച്ചാണ് നിയമസഭയിലേയ്ക്ക് അടക്കം വരുന്നതെന്ന ആരോപണമുള്ളപ്പോൾ തിരിച്ചടി ലഭിക്കുക സ്വാഭാവികമല്ലെ.
ആംആദ്മി പാർട്ടിയുടെ ദുർഭരണത്തിനെതിരെ ക്യാംപെയിനുകളുമായി കോൺഗ്രസ് കളം നിറഞ്ഞ് തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ മദ്യപാനം അടക്കമുള്ള വിഷയങ്ങൾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പോലും ഉന്നയിച്ചു. ലഹരി ഉപയോഗം തടയുന്നതിൽ ആപ്പ് സർക്കാർ പൂർണപരാജയമായിരുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ജനവിധി ഇങ്ങനെയൊക്കെ തങ്ങൾക്ക് അനുകൂലമാക്കി 2022ൽ കൈവിട്ട സംസ്ഥാനം തിരിച്ചുപിടിക്കാം എന്ന കണക്കുകൂട്ടലിയായിരുന്നു കോൺഗ്രസ്.
ഈ സ്വപ്നത്തിലായിരുന്ന കോൺഗ്രസിനെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. വേറെയൊന്നുമല്ല, കർഷക പ്രക്ഷോഭ സമയത്ത് എൻഡിഎ വിട്ട് പുറത്തുപോയ ശിരോമണി അകാലിദൾ വീണ്ടും എൻഡിഎയ്ക്കിലേയ്ക്ക് തിരിച്ചെത്തി. മാത്രവുമല്ല, വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ നിതിൻ നബീനും അകാലിദൾ അധ്യക്ഷൻ സുഖ്ബിർ സിംഗ് ബാദലും ഒക്കെ ഒരുമിച്ചുള്ള വാർത്താസമ്മേളനത്തിലാണ് വീണ്ടും സഖ്യം ചേരുന്ന കാര്യം പ്രഖ്യാപിച്ചത്.
നേരത്തെയും ശിരോമണി അകാലിദൾ സഖ്യം സംസ്ഥാനത്തുണ്ടായിരുന്നു. അന്നും എതിരിട്ട് വിജയിച്ചിട്ടുള്ളതാണ് കോൺഗ്രസ്. പക്ഷെ ഇത്തവണ അവരെ ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം. അതിന്റെ തെളിവാണ് സഖ്യത്തിനെതിരെയുള്ള കോൺഗ്രസിന്റെ പ്രതികരണം. അതിരൂക്ഷമായാണ് കോൺഗ്രസ് ബിജെപി-അകാലിദൾ സഖ്യത്തെ വിമർശിച്ചിരിക്കുന്നത്.
ബിജെപി വിരുദ്ധ നിലപാടിൽ നിന്ന് അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ പിന്നോട്ടുപോയെന്നും കർഷകസമരത്തെ വഞ്ചിച്ചുവെന്നുമാണ് പഞ്ചാബ് കോൺഗ്രസിന്റെ ആരോപണം. കർഷക സംഘടനകൾ ബിജെപി-അകാലിദൾ സഖ്യത്തിനെതിരെ രംഗത്തെത്തിയെന്ന വാർത്ത പങ്കുവെച്ചുകൊണ്ടാണ് പഞ്ചാബ് കോൺഗ്രസ് സമൂഹമാധ്യമമായ എക്സിലൂടെ വിമർശനം ഉന്നയിച്ചത്. അധികാരം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണ് പുതിയ സഖ്യമെന്നും പഞ്ചാബിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളെ അവഗണിച്ചുകൊണ്ടാണ് ഇത്തരമൊരു കൂട്ടുകെട്ടിന് രൂപം നൽകിയിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
സഖ്യത്തെ പഞ്ചാബിലെ കർഷക സംഘടനകൾ ശക്തമായി വിമർശിച്ചിരിക്കുകയാണ്. അവരുടെ വിമർശനം തികച്ചും ന്യായമാണ്. നേരത്തെ ബിജെപിയെ കർഷകവിരുദ്ധരെന്നും പഞ്ചാബ് വിരുദ്ധരെന്നും വിശേഷിപ്പിച്ചിരുന്ന അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ ഇപ്പോൾ അതേ പാർട്ടിയുടെ മുന്നിൽ വീണ്ടും അഭയം തേടിയിരിക്കുകയാണ്. അധികാരം നേടാനുള്ള ആർത്തി മാത്രമാണ് ഈ സഖ്യത്തിന് പിന്നിലെന്നും കുറിപ്പിൽ പറയുന്നു.
ഇതോക്കെ സൂചിപ്പിക്കുന്നത് ഒരു കാര്യമാണ്. കോൺഗ്രസ് ഭയന്നിരിക്കുന്നു. അല്ലെങ്കിൽ പിന്നെ ഒറ്റയ്ക്ക് നിന്ന് ജയിക്കാൻ കോൺഗ്രസിന് ശക്തിയില്ലേ ഇപ്പോൾ പഞ്ചാബിൽ? എല്ലാം ചോർന്നുപോയോ. ആത്മവിശ്വാസം ഇല്ലേ?ജനങ്ങൾ കൂടെയുണ്ടെങ്കിൽ പിന്നെയെന്തിനാണ് കോൺഗ്രസ് പേടിക്കുന്നത്. ചരൺജിത്ത് സിംഗ് ഛന്നിയെ പോലുള്ള കരുത്തർ ഇപ്പോഴും ഇല്ലേ? അപ്പോ ഭയപ്പെടുന്നത് എന്തിനാണ്. ആരോക്കെ ഒന്നിച്ചാലും തങ്ങൾക്ക് ഒന്നുമില്ല എന്നല്ലെ കോൺഗ്രസ് പറയേണ്ടത്.
എന്നാൽ പഞ്ചാബിൽ നിന്ന് പുറത്തുവരുന്ന ഏറ്റവും പുതിയ അഭിപ്രായ സർവെകൾ പ്രകാരം കോൺഗ്രസിന്റെ ഭയത്തിന് കാര്യമുണ്ട് എന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്. ആപ്പിനോടും കോൺഗ്രിനോടും അകൽച്ച വന്നുതുടങ്ങിയിട്ടുണ്ട് പഞ്ചാബികൾക്ക് എന്നാണ് പറയുന്നത്. 30 ഓളം സീറ്റുകൾ ബിജെപിക്ക് ലഭിക്കും എന്നാണ് പറയുന്നത്. അതിന്റെ കൂടെ അകാലിദൾ കൂടി ചേർന്നാൽ പിന്നെ പറയണോ? സംസ്ഥാന ഭരണം വീണ്ടും ബിജെപി-അകാലിദൾ സഖ്യത്തിന് ലഭിക്കാൻ സാധ്യത കൂടുതലാണ്. അപ്പോൾ പിന്നെ ഭയപ്പെട്ടല്ലെ പറ്റൂ. അല്ലെങ്കിൽ ഗോവയ്ക്കും ഉത്തരാഖണ്ഡിനും ഒക്കെ പിന്നാലെ ഒരു സംസ്ഥാനത്ത് കൂടി വീണ്ടും കോൺഗ്രസ് അധികാരത്തിന് പുറത്തിരിക്കും. അതുകൊണ്ട് പ്രതികരിച്ചല്ലെ പറ്റൂ.