ന്യൂഡൽഹി: ഒരേസമയം ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ നടന്ന ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ വൈകുന്നേരം ആറിനുശേഷം വോട്ട് ചെയ്തവരുടെ എണ്ണത്തില്‍ ക്രമക്കേടുണ്ടെന്നു റിപ്പോർട്ട്.
ഒരേ സമയമാണ് രണ്ട് തെരഞ്ഞെടുപ്പുകൾ നടന്നതെങ്കിലും രണ്ടിലും വോട്ട് ചെയ്തവരുടെ എണ്ണം സംബന്ധിച്ച് അധികൃതർ തെരഞ്ഞെടുപ്പു കമ്മീഷനു നൽകിയ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് സ്വതന്ത്ര മാധ്യമമായ റിപ്പോർട്ടേഴ്സ് കളക്ടീവ് റിപ്പോർട്ട് ചെയ്തു.
റിപ്പോർട്ട് പ്രകാരം ചിറ്റൂർ ലോക്സഭാ മണ്ഡലത്തിൽ വൈകുന്നേരം ആറിനുശേഷം വോട്ട് ചെയ്യാൻ 56,067 വോട്ടർമാർ കാത്തിരിക്കുന്നുണ്ടെന്ന് അധികൃതർ തെരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ചിറ്റൂരിനു കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ രാത്രിയായിട്ടും വോട്ട് ചെയ്യാൻ കാത്തിരുന്നത് 24,596 വോട്ടർമാർ മാത്രമാണെന്നാണ് കമ്മിഷനു നൽകിയ മറ്റൊരു റിപ്പോർട്ട്.
പോളിംഗ് സമയം അവസാനിക്കുന്ന ആറിനുശേഷവും വരിയിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ അനുമതി നൽകുന്ന സ്ലിപ്പുകളുടെ കണക്കെടുത്താണ് റിപ്പോർട്ടേഴ്സ് കളക്ടീവിന്റെ അന്വേഷണ റിപ്പോർട്ട്. ഒരേ ബൂത്തിലാണ് രണ്ട് തെരഞ്ഞെടുപ്പുകൾക്കും ഒരു വോട്ടർ വോട്ട് ചെയ്യുന്നതെന്നതിനാൽ കണക്കുകളിൽ ഈ വ്യത്യാസം എങ്ങനെ വന്നുവെന്നതാണ് ചോദ്യം.
31,000ത്തിലധികം വോട്ടര്‍മാരുടെ വ്യത്യാസം കാണിക്കുന്ന ഈ കണക്കുകളിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ വലുതായി ആശങ്കപ്പെടേണ്ടതുണ്ടെന്ന് റിപ്പോർട്ടേഴ്സ് കളക്ടീവ് ചൂണ്ടിക്കാണിക്കുന്നു.
2024 തെരഞ്ഞെടുപ്പുകളിൽ ആന്ധ്രപ്രദേശിൽ 48 ലക്ഷം വോട്ടിന്റെ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് വൈഎസ്ആർ കോൺഗ്രസ് നേതാവും മുൻ ആന്ധ്രാ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഢിയും മുമ്പ് ആരോപിച്ചിട്ടുണ്ട്.
ചിറ്റൂര്‍ ലോക്സഭാ മണ്ഡലത്തിനു കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നായ കുപ്പം മണ്ഡലത്തിൽനിന്ന് മത്സരിച്ചു ജയിച്ചാണ് ടിഡിപി നേതാവ് എന്‍. ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായത്.