ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ അനധികൃത സ്വത്തുസമ്പാദന ആരോപണങ്ങളിൽ സിബിഐയും ഇഡിയും അന്വേഷണം നടത്തണമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
കേസിൽ ഇതുവരെയുള്ള എല്ലാ ഉത്തരവുകളും റദ്ദാക്കിയ ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പുതിയ ബെഞ്ച് രൂപവത്കരിച്ച കേസ് വീണ്ടും പരിഗണിക്കാൻ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ആവശ്യപ്പെട്ടു.
കേസിൽ രാഹുലിനെ കക്ഷി ചേർക്കാനും അദ്ദേഹത്തിന്റെ ഭാഗം കേട്ട ശേഷം മാത്രമേ ഉത്തരവ് പുറപ്പെടുവിക്കാവൂ എന്നും സുപ്രീംകോടതി നിർദേശിച്ചു.
ബിജെപി പ്രവർത്തകനായ എസ്. വിഘ്നേഷ് ശിശിർ നൽകിയ ഹർജിയിലായിരുന്നു മേയിൽ അലഹബാദ് ഹൈക്കോടതിയുടെ നിർദേശം. തുടർന്ന് ജൂലൈ 20ന് ജസ്റ്റീസുമാരായ ബ്രിജ് രാജ് സിംഗ്, രാജേഷ് സിംഗ് ചൗഹാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സിബിഐയുടെ അന്വേഷണ പുരോഗതിയിൽ അതൃപ്തി രേഖപ്പെടുത്തുകയും, ഇഡിക്ക് തുടർനടപടികളുമായി മുന്നോട്ട് പോകാമെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മുഖേന രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്.