ന്യൂഡൽഹി: സന്ദർശനത്തിനെത്തിയ പാക്കിസ്ഥാൻ മന്ത്രി മുസാദിക് മസൂദ് മാലിക്കിന്റെ രണ്ട് ആവശ്യങ്ങൾ കേന്ദ്ര സർക്കാർ നിഷേധിച്ചു. താജ്മഹലും നിസാമുദ്ദീൻ ദർഗയും സന്ദർശിക്കാനുള്ള ആഗ്രഹമാണ് മന്ത്രി അധികൃതരെ അറിയിച്ചത്.
എന്നാൽ, ഇതിന് അനുമതി നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. കേന്ദ്ര സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ ക്ഷണപ്രകാരം ഡൽഹിയിലെ പുരാന ഖിലയിൽ നടക്കുന്ന സിവിലൈസേഷണൽ ഡയലോഗ് ഫോറത്തിൽ പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. ഷാങ്ഹായ് സഹകരണ സംഘടനയുമായി (എസ്സിഒ) ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായാണ് സംഘം ഇന്ത്യയിലെത്തിയത്.
മേഖലയിലെ ഭൗമരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണെന്നും അത് ഇന്ത്യ-പാക് ബന്ധത്തിലും പ്രതിഫലിക്കുമെന്നും മുസാദിക് മസൂദ് മാലിക്ക് പ്രതികരിച്ചു. ഇന്ത്യയുമായുള്ള ബന്ധം ഭാവിയിൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയും മാലിക്ക് പങ്കുവച്ചു.