ഹൈദരാബാദ്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി പള്ളികൾ പെയിന്റ് ചെയ്യുന്നതിനും ദീപാലങ്കാരത്തിനുമായി 30,000 രൂപ വീതം ധനസഹായം നൽകാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. സാമ്പത്തിക സഹായം അനുവദിക്കുന്നതിന് മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി അംഗീകാരം നൽകിയതായി തെലങ്കാന ക്രിസ്ത്യൻ മൈനോറിറ്റീസ് ഫിനാൻസ് കോർപറേഷൻ പ്രസ്താവനയിൽ അറിയിച്ചു.
എല്ലാ വർഷവും ക്രിസ്മസ് സംസ്ഥാന ഉത്സവമായാണ് തെലങ്കാന സർക്കാർ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെയും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ, സൈബറാബാദ് മുനിസിപ്പൽ കോർപറേഷൻ, മൽകാജ്ഗിരി മുനിസിപ്പൽ കോർപറേഷൻ പരിധികളിലെയും രജിസ്റ്റർ ചെയ്ത പള്ളികൾക്ക് ധനസഹായത്തിനായി അപേക്ഷിക്കാം.
23ന് ആരംഭിച്ച ഓൺലൈൻ അപേക്ഷാ നടപടികൾ 30 ന് അവസാനിക്കും. tgobmms.cgg.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പിയും ആവശ്യമായ രേഖകളും ബന്ധപ്പെട്ട ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർമാർക്കോ മുനിസിപ്പൽ കോർപ്പറേഷനുകളിലെ ഡെപ്യൂട്ടി കമ്മീഷണർമാർക്കോ കൈമാറണം.