ന്യൂഡൽഹി: സിജെപി നേതാവ് സൗരവ് ദാസിന്റെ ജന്മസ്ഥലം സംബന്ധിച്ച് വിശദീകരണം തേടി കേന്ദ്രസർക്കാർ. ഏഴ് ദിവസത്തിനകം ജന്മസ്ഥലം സംബന്ധിച്ച വ്യക്തത വരുത്തണമെന്നും അതുവരെ പാസ്പോർട്ട് ഉപയോഗിക്കരുതെന്നും ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് നിർദേശം നൽകിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
ലണ്ടനിലേക്ക് പോകുന്നതിനായി തിങ്കളാഴ്ച പുലർച്ചെ ഒന്നിന് ഡൽഹി വിമാനത്താവളത്തിലെത്തിയ സൗരവ് ദാസിന്റെ യാത്ര പാസ്പോർട്ടിലെ അപാകതകൾ ചൂണ്ടിക്കാട്ടി തടഞ്ഞിരുന്നു. തുടർന്ന് തന്നെ അന്യായമായി തടഞ്ഞുവെച്ചെന്ന ആരോപണവുമായി സൗരവ് ദാസ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
ഏജൻസികളിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 23നാണ് ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് സൗരവ് ദാസിന് നോട്ടീസ് നൽകിയത്. പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ കൃത്യവും വസ്തുതാപരവുമായ വിവരങ്ങൾ നൽകേണ്ടതുണ്ട്. വിവരങ്ങൾ മറച്ചുവെച്ചതായി കണ്ടെത്തുകയോ അത്തരം റിപ്പോർട്ടുകൾ ലഭിക്കുകയോ ചെയ്താൽ വിശദീകരണം തേടി നോട്ടീസ് നൽകാറുണ്ടെന്നും ജയ്സ്വാൾ വ്യക്തമാക്കി.
തന്റെ പാസ്പോർട്ട് ഫ്ലാഗ് ചെയ്തിട്ടുണ്ടെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചതായി സൗരവ് ദാസ് പറഞ്ഞു. ഓക്സ്ഫഡ് സർവകലാശാലാ സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിൽ കൊക്രോച്ച് മൂവ്മെന്റിനെക്കുറിച്ച് സംസാരിക്കാനായിരുന്നു അദ്ദേഹം യുകെയിലേക്ക് പോകാനിരുന്നത്. എന്നാൽ വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ യാത്ര തടയപ്പെട്ടതോടെ പരിപാടിയിൽ പങ്കെടുക്കാനായില്ല.