ഗോഹട്ടി: വ്യാജ പേരുകളും രേഖകളും ഉപയോഗിച്ച് ആൾമാറാട്ടം നടത്തി ആറ് യുവതികളെ വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ. ആസാമിലെ നാഗോൺ ജില്ലയിലെ സമാഗുരി സ്വദേശിയായ ജുമ്മുദ്ദീൻ അഹമ്മദിനെയാണ് ഹതോവാൾ പൊലിസ് പിടികൂടിയത്. ഇയാളുടെ ആദ്യ ഭാര്യയായ രഞ്ജു മുസഹാരി (ഫരീദ ബീഗം) നൽകിയ പരാതിയിലാണ് നടപടി.
രാജു ബോറ, ഉത്പൽ ബോറ, ഉത്പൽ സൈകിയ തുടങ്ങി വിവിധ പേരുകളിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 2001-ൽ 'രാജു ബോറ' എന്ന പേരിൽ തേസ്പൂർ സ്വദേശിനിയായ ബോഡോ യുവതിയെയാണ് ഇയാൾ ആദ്യം വിവാഹം കഴിച്ചത്. തുടർന്ന് കളിയാബോർ, കാർബി ആംഗ്ലോങ്, തേസ്പൂർ എന്നിവിടങ്ങളിലുള്ള മറ്റ് സ്ത്രീകളെയും വ്യത്യസ്ത പേരുകളിൽ വിവാഹം കഴിക്കുകയായിരുന്നു. ആൾമാറാട്ടം നടത്തുന്നതിനായി വ്യാജ ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവ ഇയാൾ നിർമിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
അഹമ്മദിന്റെ അറസ്റ്റിൽ താൻ ഏറെ സന്തോഷിക്കുന്നുവെന്നും 2001 മുതൽ താൻ ദുരിതം അനുഭവിക്കുകയാണെന്നും ആദ്യ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. തന്നെക്കൂടാതെ മറ്റ് അഞ്ച് സ്ത്രീകളെക്കൂടി ഇയാൾ വിവാഹം കഴിച്ചതായും അവർ വ്യക്തമാക്കി.
മക്കളുടെ വിദ്യാഭ്യാസത്തെയും അഹമ്മദ് എതിർത്തിരുന്നതായി യുവതി ആരോപിച്ചു. പഠനം നിർത്തി ജോലിക്ക് പോയി പണം സമ്പാദിക്കാൻ ഇയാൾ കുട്ടികളെ നിർബന്ധിച്ചിരുന്നു. ഇതോടെ മക്കൾക്ക് സ്കൂൾ, കോളജ് പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. അഹമ്മദിന്റെ യഥാർഥ വ്യക്തിത്വം അമ്മായിയമ്മയ്ക്ക് അറിയാമായിരുന്നുവെന്നും, ഈ വിവാഹങ്ങൾക്കെല്ലാം അവർ കൂട്ടുനിന്നതായും പരാതിക്കാരി ആരോപിക്കുന്നു.
ഭാരതീയ ന്യായ സംഹിതയിലെ (BNS) 82, 84, 83, 81, 69, 319 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. പ്രതി ഉപയോഗിച്ച വ്യാജ രേഖകളുടെ ആധികാരികതയെക്കുറിച്ചും വിവാഹ സാഹചര്യങ്ങളെക്കുറിച്ചും പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.